ചരിത്രസംഗമത്തിന്റെ വിജയത്തിന് ആറായിരം കര്‍മഭടന്‍മാര്‍

Posted on: February 22, 2015 5:33 am | Last updated: February 21, 2015 at 11:34 pm

താജുല്‍ ഉലമ നഗര്‍: ചരിത്രസംഗമത്തിന്റെ വിജയത്തിനായി ആറായിരം കര്‍മഭടന്‍മാര്‍ രംഗത്തിറങ്ങി. താജുല്‍ ഉലമ നഗരിയുടെ നിയന്ത്രണം ആറായിരം പേരടങ്ങുന്ന കോണ്‍ഫ്രന്‍സ് ട്രൂപ്പ് ഏറ്റെടുത്തു. മഹാസമ്മേളനം കുറ്റമറ്റതായി നിയന്ത്രിക്കുന്നതും അതിഥികളെ സ്വീകരിക്കുന്നതും ഗതാഗത സംവിധാനം ക്രമീകരിക്കുന്നതുമെല്ലാം ഇനി കോണ്‍ഫ്രന്‍സ് ട്രൂപ്പ് ആയിരിക്കും.
സ്റ്റേജ് ആന്‍ഡ് ഗ്രൗണ്ട്, ഫുഡ്, ട്രാഫിക്, നിരീക്ഷണം എന്നിങ്ങനെ നാല് വിഭാഗങ്ങളിലായാണ് ടൂപ്പിനെ വിന്യസിച്ചിരിക്കുന്നത്. എം അബൂബക്കര്‍ മാസ്റ്റര്‍ പടിക്കല്‍ കോ ഓഡിനേറ്ററും ബഷീര്‍ അരിമ്പ്ര ട്രൂപ്പ് ജനറലുമായാണ് കോണ്‍ഫ്രന്‍സ് ട്രൂപ്പ് പ്രവര്‍ത്തിക്കുന്നത്. ട്രൂപ്പ് ജനറലിന് കീഴിലായി യഹ്‌യ സഖാഫി, ഫഖ്‌റൂദ്ദീന്‍ സഖാഫി, യഅ്ഖൂബ് അഹ്‌സനി, അബ്ദുര്‍റഹ്മാന്‍ കാരക്കുന്ന് എന്നിവര്‍ ഡപ്യൂട്ടി ജനറലുമാരായും ഇവര്‍ക്ക് കീഴിലായി ട്രൂപ്പ് കമാന്റര്‍മാര്‍, ട്രൂപ്പ് ഡപ്യൂട്ടി കമാന്റര്‍മാര്‍, ട്രൂപ്പ് ലീഡര്‍മാര്‍ എന്നിങ്ങനെയാണ് വളണ്ടിയര്‍ വിഭാഗത്തെ സജ്ജീകരിച്ചിരിക്കുന്നത്. കക്കാട് മുതല്‍ പുത്തനത്താണി വരെയും പുത്തൂര്‍ മുതല്‍ വൈലത്തൂര്‍ വരെയുമുള്ള പാതകള്‍ ഇന്ന് മുതല്‍ ട്രൂപ്പിന്റെ നിയന്ത്രണത്തിലായിരിക്കും. ഗതാഗത സംവിധാനത്തിന് തടസ്സമില്ലാതെ ഇവര്‍ നിയന്ത്രിക്കും. താജുല്‍ ഉലമ നഗരിക്ക് സമീപപ്രദേശങ്ങളിലായി മൂന്നൂറോളം ജംഗ്ഷനുകളും ഇവര്‍ നിയന്ത്രിക്കും.
കഴിഞ്ഞ ദിവസം നഗരിയില്‍ നടന്ന കോണ്‍ഫ്രന്‍സ് ട്രൂപ്പിന്റെ സമ്പൂര്‍ണ സിറ്റിംഗില്‍ അംഗങ്ങള്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി. എസ് വൈ എസ് സംസ്ഥാന സെക്രട്ടറി സൈതലവി മാസ്റ്റര്‍ ചെങ്ങര, കോര്‍ഡിനേറ്റര്‍ എം അബൂബക്കര്‍ മാസ്റ്റര്‍ പടിക്കല്‍, ട്രൂപ്പ് ജനറല്‍ ബഷീര്‍ അരിമ്പ്ര സംബന്ധിച്ചു.