Connect with us

Editorial

കോര്‍പ്പറേറ്റ് വാഴ്ച

Published

|

Last Updated

പെട്രോളിയം മന്ത്രാലയത്തില്‍ നിന്ന് നയരേഖകള്‍ ചോര്‍ത്തിയതായി ഡല്‍ഹി പോലീസ് കണ്ടെത്തിയതിന് പിന്നാലെ കേന്ദ്ര ബജറ്റിന്റെ ഭാഗമാകേണ്ട സര്‍ക്കാര്‍ രഹസ്യരേഖകളും ചോര്‍ന്നതായി കണ്ടെത്തിയിരിക്കുന്നു. ധനം, പെട്രോളിയം, ഊര്‍ജം, കല്‍ക്കരി മന്ത്രാലയങ്ങളില്‍ നിന്ന് രഹസ്യരേഖകള്‍ ചോര്‍ന്നുവെന്നറിഞ്ഞ് നടുക്കം കൊണ്ടവര്‍ തുടര്‍ന്ന് കേള്‍ക്കുന്നത് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും രേഖകള്‍ ചോര്‍ന്നുവെന്നാണ്. ചോര്‍ന്ന സുപ്രധാന രേഖകളില്‍ പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നൃപേന്ദ്ര മിശ്ര പ്രധാനമന്ത്രിക്കയച്ച കത്തുകളും, എണ്ണ മന്ത്രാലയത്തിന്റെ പര്യവേക്ഷണ വിഭാഗത്തില്‍ നിന്നുള്ള ഫയലുകളും ഉള്‍പ്പെടുമെന്ന് ഡല്‍ഹി പോലീസ് കോടതിയില്‍ ഫയല്‍ ചെയ്ത പ്രഥമ വിവര റിപ്പോര്‍ട്ടില്‍ പറയുന്നു. മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രിയായിരിക്കെ തന്നെ കോര്‍പ്പറേറ്റുകള്‍ സര്‍ക്കാറിനെ വലിയതോതില്‍ സ്വാധീനിക്കുകയും പല സര്‍ക്കാര്‍ തീരുമാനങ്ങളും രഹസ്യ രേഖകളും ചോര്‍ത്തുകയും ചെയ്തിരുന്നു. എന്നാല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരമേറ്റതോടെ സര്‍ക്കാറിന്റെ അതീവ രഹസ്യമായ തീരുമാനങ്ങളും ഫയലുകളും കോര്‍പ്പറേറ്റുകള്‍ക്ക് മുന്നില്‍ “തുറന്ന പുസ്തകങ്ങളാ”യി മാറി. രഹസ്യ രേഖകള്‍ ചോര്‍ത്തുന്ന സംഭവവുമായി ബന്ധപ്പെട്ട് ഇതിനകം അറസ്റ്റിലായ 12 പേരില്‍ അഞ്ചുപേര്‍ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുടെ പ്രതിനിധികളാണെന്ന കാര്യം വിസ്മരിക്കരുത്.
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ കോര്‍പ്പറേറ്റ് കാര്യ മാനേജര്‍ ശൈലേഷ് സക്‌സേന, എസ് ആര്‍ ഗ്രൂപ്പിന്റെ ഡപ്യൂട്ടി ജനറല്‍ മാനേജര്‍ വിനയ്കുമാര്‍, കെയ്‌റണ്‍ ഇന്ത്യ ജനറല്‍ മാനേജര്‍ കെ കെ നായിക്, ജൂബിലിയന്റ് എനര്‍ജിയുടെ സീനിയര്‍ എക്‌സിക്യൂട്ടീവ് സുഭാഷ് ചന്ദ്ര, അനില്‍ ധീരുഭായ് അംബാനി ഗ്രൂപ്പിന്റെ ഡപ്യൂട്ടി ജനറല്‍ മാനേജര്‍ ഋഷി ആനന്ദ് എന്നിവരാണ് അറസ്റ്റിലായതെന്നാണ് വിവരം. അതായത് കോര്‍പ്പറേറ്റുകള്‍ക്കായി പ്രധാനമന്ത്രിയുടെ ഓഫീസില്‍ പോലും “ചാരന്മാരു”ണ്ടെന്ന് ചുരുക്കം. ഇതെല്ലാം കണ്ടും കേട്ടും കേന്ദ്ര സര്‍ക്കാര്‍ വെറുതെയിരിക്കുമെന്ന് ആരും കരുതരുതെന്ന് സര്‍ക്കാറിന്റെ ഭാഗത്ത് നിന്നുള്ള ഒരു ഉന്നതവൃത്തം പ്രതികരിച്ചിരിക്കെ വരാനിരിക്കുന്ന ദിവസങ്ങളില്‍ രഹസ്യങ്ങള്‍ ചോര്‍ത്തുന്നതും ചോരുന്നതുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത് വരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. സര്‍ക്കാര്‍ ഉദ്യോഗസ്ഥരും കോര്‍പ്പറേറ്റ് ജീവനക്കാരുമടക്കം 25 ഓളം പേരെ ഡല്‍ഹി പോലീസ് ഇതിനകം ചോദ്യം ചെയ്തിട്ടുണ്ട്. എണ്ണ മന്ത്രാലയത്തില്‍ നിന്ന് രഹസ്യ വിവരങ്ങള്‍ ചോര്‍ത്തിയത് അന്താരാഷ്ട്ര ബന്ധങ്ങള്‍വരെയുള്ള എനര്‍ജി കണ്‍സല്‍ട്ടന്‍സി സ്ഥാപനങ്ങളാണ്. മുന്‍ പത്രപ്രവര്‍ത്തകന്‍ കൂടിയായ എനര്‍ജി കണ്‍സല്‍ട്ടന്റ് ശാന്തനു സൈകിയ, മറ്റൊരു എനര്‍ജി കണ്‍സല്‍ട്ടന്‍ഡ് പ്രായസ് ജയിന്‍ എന്നിവര്‍ കഴിഞ്ഞ ദിവസമാണ് അറസ്റ്റ്‌ചെയ്യപ്പെട്ടത്.
കേന്ദ്ര സര്‍ക്കാര്‍ ആഗോളവത്കരണവും ഉദാരവത്കരണവും നയമായി അംഗീകരിച്ചത് മുതല്‍ കോര്‍പ്പറേറ്റുകള്‍ക്ക് സര്‍ക്കാറിന്റെ തീരുമാനങ്ങളെ സ്വാധീനിക്കാന്‍ വൈദഗ്ധ്യമാര്‍ന്ന പ്രശസ്തരായ നിരവധി ബിസിനസ് ദല്ലാളന്മാരുണ്ട് എന്ന കാര്യം ഇന്ന് ഒരു രഹസ്യമല്ല. സര്‍ക്കാര്‍ രൂപവത്കരണവേളകളില്‍ ഏതെല്ലാം വകുപ്പുകള്‍ ആര്‍ക്കൊക്കെ നല്‍കണമെന്ന് പോലും സര്‍ക്കാറിനോട് ശിപാര്‍ശ ചെയ്യാനും അത് അംഗീകരിപ്പിക്കാനും ശേഷിയുള്ളവര്‍ ഇതില്‍ ഉള്‍പ്പെടുന്നു. നീരാ റാഡിയയെ പോലുള്ള ബിസിനസ് കണ്‍സല്‍ട്ടന്റുമാരെ ഓര്‍ക്കുക. മന്‍മോഹന്‍ സിംഗ് സര്‍ക്കാറിന്റെ കാലത്ത് നടന്ന 2 ജി സ്‌പെക്ട്രം ഇടപാട്, കല്‍ക്കരിപ്പാടങ്ങള്‍ അനുവദിക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ ഉണ്ടായ കുംഭകോണങ്ങളും നമുക്ക് മുന്നിലുണ്ട്. ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി അദ്ദേഹത്തിന്റെ പ്രഥമ ബജറ്റ് അവതരണവേളയില്‍ പ്രഖ്യാപിക്കാനിരുന്ന നാഷനല്‍ ഗ്യാസ് ഗ്രിഡിനെ സംബന്ധിച്ച വിവരങ്ങള്‍, ലാഭകരമായി പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കല്‍ സംബന്ധിച്ച മന്ത്രിസഭാ യോഗത്തിന്റെ മിനുട്‌സ്, എണ്ണമേഖലയിലെ കസ്റ്റംസ്, എക്‌സൈസ് ഡ്യൂട്ടി സംബന്ധിച്ച ഫയലുകള്‍ എന്നിവ ചോര്‍ത്തിയ രേഖകളില്‍ ഉള്‍പ്പെടുന്നു.
തിങ്കളാഴ്ച പാര്‍ലിമെന്റിന്റെ ബജറ്റ് സമ്മേളനം ആരംഭിക്കാനിരിക്കെ, ബജറ്റ് നിര്‍ദേശങ്ങള്‍ ചോര്‍ന്നതില്‍ പ്രതിപക്ഷം അതി രൂക്ഷമായി പ്രതികരിക്കുമെന്ന് തീര്‍ച്ചയാണ്. ആറ് ഓര്‍ഡിനന്‍സുകള്‍ക്ക് പകരം നിയമനിര്‍മാണം നടത്താന്‍ രാജ്യസഭയില്‍ ഭൂരിപക്ഷമില്ലാത്ത സര്‍ക്കാറിന് കഴിയില്ല. അതിനായി പാര്‍ലിമെന്റിന്റെ ഇരുസഭകളുടേയും സംയുക്ത യോഗം വിളിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇതിനോട് പ്രതിപക്ഷം സഹകരിക്കാനിടയില്ല. ഈ ഒരു പശ്ചാത്തലത്തില്‍ ബജറ്റ് സമ്മേളനം സര്‍ക്കാറിന് കടുത്ത വെല്ലുവിളിയാണ്. അതിനൊപ്പമാണ് കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുടെ കടന്നുകയറ്റം.

Latest