Connect with us

Articles

ദേശീയ ഗെയിംസ്: കണ്ണെത്തേണ്ട കാഴ്ചകള്‍

Published

|

Last Updated

കായിക കേരളത്തിന്റെ അഭിമാനം ഉയര്‍ത്തി ദേശീയ ഗെയിംസിന് തിരശ്ശീല വീഴുമ്പോള്‍ ഗെയിംസ് കായിക ലോകത്തിനായി അവശേഷിപ്പിക്കുന്നതെന്തെന്ന ചിന്ത ഉയരുകയാണ്. ഗെയിംസിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്ന അഴിമതി ആരോപണങ്ങളാണ് ഉദ്ഘാടന ചടങ്ങ് മുതല്‍ സമാപനം വരെ നിറഞ്ഞു നിന്നത്. എന്നാല്‍ ഇതിനിടയിലും മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വന്ന അത്‌ലറ്റുകള്‍ക്കും പരിശീലകര്‍ക്കും ടീം മാനേജര്‍മാര്‍ക്കും ഗെയിംസിന്റെ നടത്തിപ്പില്‍ കാര്യമായ പരാതികള്‍ ഒന്നുമുണ്ടായില്ലെന്നത് സംഘാടകര്‍ക്ക് ആശ്വസിക്കാനുള്ള വക നല്‍കുന്നു. എന്നാല്‍ ഗെയിംസ് നടന്ന 15 ദിവസങ്ങളില്‍ ഉയരുന്ന ആരോപണങ്ങളോ സര്‍ക്കാറിന്റെ അവകാശവാദങ്ങളോ വെച്ചല്ല ഗെയിംസിനെ വിലയിരുത്തേണ്ടതെന്ന തിരിച്ചറിവാണ് കായിക ലോകത്തെ സ്‌നേഹിക്കുന്നവര്‍ക്കുള്ളത്.
ദേശീയ ഗെയിംസെന്ന പേരിനോട് നീതിപുലര്‍ത്തുന്ന സമീപനമല്ല ഗെയിംസുമായി ബന്ധപ്പെട്ട ഇടങ്ങളില്‍ നിന്ന് ഉയര്‍ന്നു കേള്‍ക്കുന്നത്. ദേശീയ ഗെയിംസിലേക്ക് ടീമുകളെ അയക്കാത്ത സംസ്ഥാനങ്ങള്‍, പങ്കെടുക്കാന്‍ തിരഞ്ഞെടുക്കപ്പെട്ടിട്ട് അവസാന നിമിഷം ആ ഇനത്തില്‍ നിന്ന് പിന്‍മാറുന്ന അത്‌ലറ്റുകള്‍. ഗെയിംസില്‍ നിന്നു തന്നെ പൂര്‍ണമായി വിട്ടു നില്‍ക്കുന്ന ദേശീയ താരങ്ങള്‍, ഗെയിംസിന്റെ സമയത്തു തന്നെ തങ്ങളുടെ ലീഗ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്ന ഫെഡറേഷനുകള്‍ അങ്ങനെ ഗെയിംസ് എന്ന ദേശീയ പ്രാധാന്യമുള്ള കായിക മാമാങ്കത്തിന്റെ ഗൗരവം കുറച്ചു കാണുന്ന കായിക ലോകത്തെയാണ് സൂക്ഷിച്ചു നോക്കിയാല്‍ നമുക്ക് കാണാനാകുന്നത്. സംസ്ഥാനത്തെ ഏഴ് ജില്ലകളിലായി നടന്ന കായിക മത്സരങ്ങള്‍ വീക്ഷിക്കാനായി ഗെയിംസ് സംഘാടകരും മാധ്യമപ്രവര്‍ത്തകരും പ്രാദേശവാസികളായ കാണികളുമല്ലാതെ മറ്റാരുമെത്തിയില്ല എന്നത് സങ്കടകരമായ യാഥാര്‍ഥ്യമാണ്. വിവിധ കായിക മത്സരങ്ങള്‍ കൊണ്ട് സമ്പന്നമായ ദേശീയ ഗെയിംസ് രാജ്യത്തിന്റെ മറ്റിടങ്ങളില്‍ ഒരു വികാരമായി മാറിയില്ല എന്നതാണ് സത്യം. രാജ്യത്തു നടക്കുന്ന ഏറ്റവും വലിയ കായിക മേളയിലേക്ക് രാജ്യത്തിന്റെ ശ്രദ്ധയെ കൊണ്ടു വരേണ്ടത് സംസ്ഥാന – കേന്ദ്ര സര്‍ക്കാറുകളുടേയും ഇന്ത്യന്‍ ഒളിമ്പിക് അസോസിയഷന്റേയും ഉത്തരവാദിത്തമാണ്.
ഒളിമ്പിക്‌സിന്റെ ദേശീയ പതിപ്പായി അവിഭക്ത പഞ്ചാബിലെ ലാഹോറില്‍ 1924ല്‍ ആരംഭിച്ച ഒളിമ്പിക് ഗെയിംസാണ് പിന്നീട് ദേശീയ ഗെയിംസ് എന്ന ഖ്യാതി കേട്ട ഗെയിംസായി മാറിയത്. ആദ്യ എട്ടു തവണ ഇന്ത്യന്‍ ഒളിമ്പിക് ഗെയിംസ് എന്ന പേരിലായിരുന്നു ഗെയിംസ് നടത്തി വന്നത്. ഇത്് 1938 വരെ നീണ്ടു. നാഷണല്‍ ഗെയിംസ് എന്ന പേരില്‍ 1940ല്‍ ബോംബെയില്‍ ആരംഭിച്ച ഗെയിംസ് 1948ല്‍ ലക്‌നൗവിലൂടെയാണ് സ്വതന്ത്ര ഇന്ത്യയുടെ ഭാഗമാകുന്നത്്. പുത്തന്‍ ഒളിമ്പിക് മാനദണ്ഡങ്ങളുടെ പശ്ചാത്തലത്തില്‍ രാജ്യത്ത് ആധുനിക ദേശീയ ഗെയിംസിന് തുടക്കമാകുന്നത് പിന്നെയും ഏറെ വൈകിയാണ്. 1985ല്‍ ന്യൂഡല്‍ഹിയിലാണ് ഇതിന് തുടക്കമായത്. തൊട്ടടുത്ത തവണ 1987ല്‍ കേരളം ദേശീയ ഗെയിംസിന് ആതിഥ്യമരുളി. തുടര്‍ന്ന് പൂനെ(1994) ബാംഗ്ലൂര്‍(1997), മണിപ്പൂര്‍(1999), ഹൈദരാബാദ്(2002), ഗുവഹാത്തി(2007) എന്നിവിടങ്ങളിലും ഗെയിംസ് അരങ്ങേറി. 2002ന് ശേഷം അഞ്ചു വര്‍ഷത്തിന് ശേഷമാണ് ഗുവഹാത്തിയില്‍ 2007ല്‍ ഗെയിംസ് നടത്താനായത്. നാലു തവണ മാറ്റി വെച്ചതിന് ശേഷം 2011ലാണ് 34-ാമത് ദേശീയ ഗെയിംസ് റാഞ്ചിയില്‍ നടക്കുന്നത്. സമാനമായി പല തവണ വൈകിയാണ് കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാറിന്റെ കാലത്ത് നടത്തേണ്ടിയിരുന്ന 35ാമത് ദേശീയ ഗെയിംസ് നിലവിലെ യു ഡി എഫ് സര്‍ക്കാറിന്റെ അവസാന കാലത്ത് നടത്താനായത്. സമയബന്ധിതമായി ദേശീയ ഗെയിംസ് നടത്തുന്നതില്‍ കേന്ദ്ര സര്‍ക്കാറിനും ഇന്ത്യന്‍ ഒളിമ്പിക്‌സ് അസോസിയേഷനുമുള്ള താത്പര്യം മേല്‍പ്പറഞ്ഞ കണക്കുകള്‍ തന്നെ വ്യക്തമാക്കുന്നു. ഗെയിംസ് സംഘടിപ്പിക്കാന്‍ ചുമതലപ്പെട്ടവര്‍ തന്നെ ഇക്കാര്യത്തില്‍ വീഴ്ച വരുത്തുമ്പോള്‍ എന്തിന് മത്സരിക്കണമെന്ന ചിന്താഗതിയാണ് പ്രമുഖ മത്സരാര്‍ഥികള്‍ക്കുള്ളത്.
രാജ്യത്തെ പ്രമുഖ ടെന്നീസ് താരങ്ങളായ സാനിയ മിര്‍സ, സോംദേവ്, ബാറ്റ്മിന്‍ഡന്‍ താരങ്ങളായ സൈന നെഹ് വാള്‍, പി വി സിന്ധു, ഗുസ്തിയില്‍ രാജ്യത്തിന്റെ യശസ്സുയര്‍ത്തിയ സുശീല്‍ കുമാര്‍, യോഗേശ്വര്‍ ദത്ത്, ബോക്‌സിംഗില്‍ വിജേന്ദര്‍ സിംഗ്, മേരീ കോം തുടങ്ങി കോര്‍ട്ടിലെ ഒന്നാം നിര താരങ്ങളെല്ലാം വിവിധ കാരണങ്ങള്‍ പറഞ്ഞ് ഇക്കഴിഞ്ഞ ദേശീയ ഗെയിംസില്‍ നിന്ന് വിട്ടു നിന്നത് ഗൗരവതരമായി വേണം നാം കാണാന്‍. ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ തങ്ങളുടെ സംസ്ഥാന ഘടകങ്ങളോട് ഇക്കാര്യത്തില്‍ ഒരു വിശദീകരണം ചോദിക്കുക തന്നെ വേണം. നമ്മുടെ അഭിമാന താരങ്ങള്‍ രാജ്യത്തെ സുപ്രധാന കായിക മേളയില്‍ നിന്ന് വിട്ടു നില്‍ക്കുന്നതിലെ സാംഗത്യം ഇനിയെങ്കിലും അധികാരികള്‍ ആരായണം. എന്നാല്‍ ഈ വിഷയത്തില്‍ കായിക താരങ്ങള്‍ക്ക് പങ്കുവെക്കാനുള്ളത് മറ്റു ചില കാര്യങ്ങളാണ്. ഒളിമ്പിക്‌സ് യോഗ്യതാ മത്സരങ്ങളിലോ എന്തിന് ദേശീയ ക്യാമ്പിലേക്കുള്ള സെലക്ഷന് പോലുമോ ദേശീയ ഗെയിംസ് മത്സരങ്ങള്‍ മാനദണ്ഡമാകുന്നില്ലെന്ന പരാതിയാണ് കായികതാരങ്ങള്‍ മുന്നോട്ട് വെക്കുന്നത്. സര്‍ക്കാര്‍ ജോലിയോ മെഡല്‍ നേട്ടത്തിനു ലഭിക്കുന്ന പ്രതിഫലത്തുകയോ ലക്ഷ്യമാക്കിയാണ് പലരും ഗെയിംസിലേക്ക് എത്തിച്ചേരുന്നതെന്നാണ് മുതിര്‍ന്ന ബോക്‌സിംഗ് താരം വ്യക്തമാക്കിയത്. ദേശീയ ഗെയിംസിന്റെ ഷെഡ്യൂള്‍ പലപ്പോഴും അന്താരാഷ്ട്ര കായിക മേളകളുമായി കൂടിക്കുഴയുന്ന അവസ്ഥയാണ്. പ്രഖ്യാപിക്കുന്ന സമയത്ത് പലപ്പോഴും ദേശീയ ഗെയിംസ് നടക്കുന്നില്ല എന്നതാണ് അനുഭവം. അതു കൊണ്ടു തന്നെ അന്താരാഷ്ട്ര കായിക മേളകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് നടത്തുന്ന പരിശീലന ക്യാമ്പുകള്‍ ഉപേക്ഷിച്ച് പലരും ദേശീയ ഗെയിംസ് മത്സരങ്ങള്‍ക്ക് തയ്യാറാകുന്നില്ല, അല്ലെങ്കില്‍ അവര്‍ പങ്കെടുക്കേണ്ട ലീഗ് മത്സരങ്ങളുടെ സംഘാടകര്‍ അതിന് അനുവദിക്കുന്നില്ല എന്നതാണ് യാഥാര്‍ഥ്യം.
ഇന്ത്യന്‍ ഹോക്കി ക്യാപ്റ്റനും ഹോക്കി ഇന്ത്യാ ലീഗില്‍ ഡല്‍ഹി വേവ് റൈഡേഴ്‌സിനു വേണ്ടി കളിക്കുന്ന സര്‍ദാര്‍ സിംഗിന് ദേശീയ ഗെയിംസില്‍ ഹരിയാനക്കു വേണ്ടി കളിക്കണമെന്ന ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ ഹോക്കി ഇന്ത്യയുടെ പ്രതിനിധികള്‍ ലീഗ് മാച്ചില്‍ നിന്നും സുപ്രധാന താരത്തിന് വിടുതല്‍ നല്‍കാന്‍ ഒരുക്കമായിരുന്നില്ല. രാജ്യത്തെ കായിക സ്വപ്‌നങ്ങള്‍ ഒരുമിച്ച് കുതിപ്പ് നടത്തുന്ന ദേശീയ ഗെയിംസ് പോലെയുള്ള മേളക്കിടെ ഹോക്കി ഇന്ത്യാ ലീഗ് സംഘടിപ്പിക്കുന്നതിലെ ശരിയും തെറ്റും കായിക മന്ത്രാലയവും അധികാരികളുമാണ് നിര്‍ണയിക്കേണ്ടത്. പ്രമുഖ താരങ്ങളുടെ അഭാവത്തില്‍ പലപ്പോഴും രണ്ടാംകിട താരങ്ങളുമായാണ് ഹോക്കിയടക്കമുള്ള മത്സരങ്ങളില്‍ സംസ്ഥാനങ്ങളെത്തുന്നത്. ഇത് മത്സരങ്ങളുടെ ഗുണനിലവാരത്തേയും ബാധിക്കുമെന്നതില്‍ സംശയമില്ല. ബാറ്റ്മിന്‍ഡന്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ തങ്ങളുടെ ദേശീയ ക്യാമ്പ് നിശ്ചയിച്ചത്. ഗെയിംസിനിടെയിലെ തീയതികളിലായാണ്. ഇതു കൊണ്ടു തന്നെ പ്രമുഖ താരങ്ങളൊന്നും ദേശീയ ഗെയിംസിന് എത്തിയില്ല. ഗെയിംസിനിടെ ദേശീയ ക്യാമ്പ് നിശ്ചയിച്ച അസോസിയേഷന്‍ നടപടിയില്‍ വിശദീകരണം ചോദിച്ചിരിക്കുകയാണ് ഒളിമ്പിക് അസോസിയേഷന്‍.
താരങ്ങള്‍ തങ്ങളുടെ സംസ്ഥാനത്തെ ഉപേക്ഷിച്ച് മറ്റ് സംസ്ഥാനങ്ങള്‍ക്കായി മത്സരിക്കുന്ന പ്രവണതയും ദേശീയ ഗെയിംസില്‍ വര്‍ധിച്ചിട്ടുണ്ട്. ജോലി, പ്രതിഫലം തുടങ്ങിയവയാണ് ഇതിന്റെ കാരണമായി താരങ്ങള്‍ നിരത്തുന്നതെങ്കിലും ഒരു കായിക ഇനത്തില്‍ തങ്ങളുടെ സംസ്ഥാനത്തെ വളര്‍ന്നു വരുന്ന കായികതാരങ്ങള്‍ക്ക് പ്രചോദനമാകേണ്ട കായികതാരമാണ് പണമെന്ന ഘടകത്തെ മുന്‍നിര്‍ത്തി സംസ്ഥാനം വിടുന്നതെന്ന് അധികാരികള്‍ ഗൗരവതരമായി കാണേണ്ട വസ്തുതയാണ്. രഞ്ജിത് മഹേശ്വരിയുടെ ഭാര്യയും പോള്‍ വാള്‍ട്ട് താരവുമായ സുരേഖ, നീന്തല്‍ താരങ്ങളായ സന്ദീപ് സെജ്വാള്‍, റിച്ചാ മിശ്ര, ജാവ്‌ലിന്‍ താരം വിപിന്‍ കസാന, ജിംനാസ്റ്റിക് താരം പ്രന്റി നായക്്, അത്‌ലറ്റുകളായ അങ്കിത് ശര്‍മ, ഉമേഷ് കുമാര്‍ എന്നിവര്‍ തങ്ങളുടെ സംസ്ഥാനം വിട്ട് അന്യസംസ്ഥാനത്തിനു വേണ്ടി ഇക്കുറി കളത്തിലിറങ്ങിയ താരങ്ങളാണ്. ദേശീയ ഗെയിംസിന് മുന്നോടിയായുള്ള ഇത്തരം കളംമാറ്റങ്ങള്‍ക്ക് ഇനിയെങ്കിലും തടയിടാനുള്ള ശ്രമങ്ങള്‍ അസോസിയേഷന്‍ ഭാഗത്തു നിന്നുണ്ടാകണം. യാതൊരു തത്വദീക്ഷയുമില്ലാതെ സംസ്ഥാനം മാറുന്ന താരങ്ങള്‍ക്ക് നിയന്ത്രണം കൊണ്ടു വരുന്നകാര്യത്തില്‍ ഒളിമ്പിക് അസോസിയേഷന്റെ ശ്രദ്ധ പതിയേണ്ടതുണ്ട്. പഞ്ചാബ്, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ താരങ്ങള്‍ക്കായി ഒരു ക്യാഷ് അവാര്‍ഡ് പോലും ഏര്‍പ്പെടുത്തുന്നില്ല. ഇതിനാല്‍ ഇവിടുന്നുള്ള താരങ്ങളാണ് ഏറ്റവും കൂടുതല്‍ അന്യസംസ്ഥാനങ്ങള്‍ക്കായി മത്സരിക്കുന്നത്. ഇക്കുറി സൈക്ലിംഗില്‍ സ്വര്‍ണ നേട്ടം കൈവരിച്ച പഞ്ചാബ് താരങ്ങളായ അമൃത് സിംഗ്, അമര്‍ജിത് സിംഗ്, ഗുര്‍ബജ് സിംഗ് എന്നിവര്‍ അടുത്ത തവണ ഹരിയാനക്കുവേണ്ടി മത്സരിക്കാനായുള്ള തീരുമാനവുമായാണ് കേരളം വിട്ടത്.
ഇക്കുറി വിവിധ മത്സരയിനങ്ങളില്‍ നിന്നുള്ള പിന്‍മാറ്റത്തിനും 35-ാം ദേശീയ ഗെയിംസ് സാക്ഷ്യം വഹിച്ചു. ഫെഡറേഷനുമായുള്ള അഭിപ്രായ വ്യത്യാസം കാരണം ഉത്തരാഖണ്ഡ് വോളീബോള്‍ ടീം മത്സരത്തില്‍ നിന്നും പിന്‍മാറി. മഹാരാഷ്ട്ര, മേഘാലയ, അസം, ചണ്ഡിഗഢ്, സിക്കിം എന്നിവിടങ്ങളില്‍ നിന്നുമുള്ള ബോക്‌സിംഗ് ടീമുകള്‍ മത്സരത്തിലേക്ക് താരങ്ങളെത്തന്നെ അയക്കാതെ ഗെയിംസില്‍ നിന്നും മാറി നിന്നു. ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാറും സിക്കിമും ഒരു ഇനത്തിലേക്കു പോലും ആരേയും അയക്കാതെ ഗെയിംസില്‍ നിന്നും സമ്പൂര്‍ണമായി വിട്ടു നിന്നു. ഒരു ഇനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനായി അവസാന നിമിഷം മറ്റൊരു മത്സര ഇനത്തില്‍ നിന്നും വിട്ടു നില്‍ക്കുന്ന പ്രവണതയും അവസാനിപ്പിക്കേണ്ടതുണ്ട്. തങ്ങള്‍ മത്സരിക്കുന്ന ഇനമേതാണെന്ന് മുന്‍കൂട്ടി തീരുമാനിക്കുകയും മറ്റൊരു അത്‌ലറ്റിന്റെ അവസരം നഷ്ടമാക്കുന്ന നടപടി കായിക താരത്തില്‍ നിന്നുണ്ടാകുന്നത് തടയുകയും വേണം.
അത്‌ലറ്റിക്‌സിന് കൂടുതല്‍ പരിഗണനയും ശ്രദ്ധയും നല്‍കുന്ന തരത്തില്‍ ദേശീയ ഗെയിംസിന്റെ നടത്തിപ്പ് കാര്യക്ഷമമാക്കണമെന്ന ആവശ്യമാണ് ഭൂരിപക്ഷം മുതിര്‍ന്ന അത്‌ലറ്റുകളും മുന്നോട്ട് വെക്കുന്നത്. ദേശീയ ഗെയിംസ് അത്‌ലറ്റിക്‌സ് ഏഷ്യന്‍ ഗെയിംസിന്റെ യോഗ്യതാ മത്സരങ്ങളായി മാറുകയും ഇവ ഏഷ്യാഡിന് ഒരു വര്‍ഷം മുമ്പായി സംഘടിപ്പിക്കുന്ന തരത്തില്‍ പുനഃസംഘടിപ്പിക്കുകയും വേണമെന്നാണ് ഭൂരിപക്ഷത്തിന്റേയും അഭിപ്രായം. ഗെയിംസിന് അതിഥ്യം വഹിക്കുന്ന സംസ്ഥാനത്തിന് കൂടുതല്‍ സമയം ഒരുക്കത്തിനായി നല്‍കുകയും മത്സരങ്ങള്‍ക്കാവശ്യമായ വേദികളുടെ നിര്‍മ്മാണവും ഗുണനിലവാരവും കാലേകൂട്ടി ഉറപ്പുവരുത്തുകയും ചെയ്യുന്ന തരത്തിലേക്ക് ഗെയിംസ് നടത്തിപ്പ് മാറേണ്ടതുണ്ട്. സംസ്ഥാനത്ത് ഗെയിംസുമായി ബന്ധപ്പെട്ട് നിര്‍മിച്ച ഗുണനിലവാരമുള്ള സ്റ്റേഡിയങ്ങളുടേയും കോര്‍ട്ടുകളുടേയും സംരക്ഷണം ആര്‍ക്കെന്ന വിവാദം പുകയുമ്പോഴും ഇവയുടെ ഗുണഫലം വളര്‍ന്നു വരുന്ന കായിക കുരുന്നുകള്‍ക്കായി ഉറപ്പാക്കണമെന്ന ഏകസ്വരമാണ് കായിക ലോകത്ത് നിന്നും ഉയരുന്നത്.

Latest