Connect with us

Kerala

സര്‍ക്കാര്‍ സ്‌കൂളിലെ ഭിന്നശേഷിയുള്ള കുട്ടികളുടെ ഭാവി അനിശ്ചിതത്വത്തില്‍

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്തെ ഭൂരിഭാഗം സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഭിന്നശേഷിയുള്ള വിദ്യാര്‍ഥികളെ പഠിപ്പിക്കുന്ന ഐ ഇ ഡി അധ്യാപകരില്ല. ഇത് ഭിന്നശേഷിയുള്ള വിദ്യാര്‍ഥികളുടെ പഠനത്തേയും ഭാവിയേയും ബാധിക്കുന്നതായി രക്ഷിതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. ഉയര്‍ന്ന പരിഗണന ലഭിക്കേണ്ട വിദ്യാര്‍ഥികളാണ് ഭിന്നശേഷിയുള്ളവര്‍. എന്നാല്‍ അധ്യയന വര്‍ഷം അവസാനിക്കാറായിട്ടും സംസ്ഥാനത്തെ പല സ്‌കൂളുകളിലെയും ഭിന്നശേഷിയുള്ള വിദ്യാര്‍ഥികളുടെ പഠനം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല എന്നതാണ് വസ്തുത. പല സ്‌കൂളുകളിലേയും അധ്യാപക ഒഴിവിലേക്ക് നിയമനം നടന്നിട്ടില്ല.

1995ലെ വികലാംഗ സംരക്ഷണ നിയമ പ്രകാരം ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് അവരുടെ വീടിനു സമീപത്തുള്ള ഏതു സര്‍ക്കാര്‍- എയ്ഡഡ്-സ്വകാര്യ സ്‌കൂളുകളിലും പഠിക്കാവുന്നതാണ്. ഇത്തരം വിദ്യാര്‍ഥികള്‍ക്ക് ഒന്നാം ക്ലാസ് മുതല്‍ എട്ടാം ക്ലാസ് വരെ പഠിപ്പിക്കുന്നതിനുള്ള അധ്യാപകരെ എസ് എസ് എ ( സര്‍വ ശിക്ഷാ അഭിയാന്‍) ഉറപ്പാക്കേണ്ടതുണ്ട്. ഒമ്പതു മുതല്‍ പത്ത് വരെ ക്ലാസുകളിലെ അധ്യാപകരെ ഉറപ്പാക്കേണ്ടത് പൊതു വിദ്യാഭ്യാസ ഡയറക്ടറാണ്. എന്നാല്‍ ഭിന്നശേഷിയുള്ള വിദ്യാര്‍ഥികളെ പഠിപ്പിക്കുന്നതിനായി അധ്യാപകരെ നിയമിക്കുന്നതില്‍ സര്‍ക്കാര്‍ കടുത്ത അനാസ്ഥയാണ് കാട്ടുന്നതെന്ന് രക്ഷിതാക്കള്‍ ആരോപിക്കുന്നു.
കൊല്ലം പൂതക്കുളം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഐ ഇ ഡി അധ്യാപരില്ലാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ഒക്‌ടോബറില്‍ പരാതിയുമായി അധികൃതരെ സമീപിച്ചതായി ഭിന്നശേഷിയുള്ള വിദ്യാര്‍ഥിയുടെ അമ്മ പറഞ്ഞു. പരാതിയെ തുടര്‍ന്ന് ആഴ്ചയില്‍ രണ്ട് ദിവസം സ്‌പെഷ്യല്‍ ടീച്ചറുടെ സേവനം സ്‌കൂളില്‍ ലഭ്യമായി. എന്നാല്‍ നവംബറായപ്പോഴേക്കും ഈ അധ്യാപിക സ്ഥലം മാറിപ്പോയി. അതിന് ശേഷം ഇതുവരെ സ്‌കൂളില്‍ അധ്യാപകരെ നിയമിച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷം കൊല്ലത്തെ 16 സര്‍ക്കാര്‍ സ്‌കൂളുകളില്‍ നിയമിച്ച ഐ ഇ ഡി അധ്യാപകരെ പിന്നീട് തിരുവനന്തപുരത്തേക്ക് സ്ഥലം മാറ്റി.
തിരുവനന്തപുരം ജില്ലയില്‍ നിലവില്‍ 103 ഐ ഇ ഡി അധ്യാപകരാണുള്ളത്. ഇവരില്‍ പലരും ഭിന്നശേഷിയുള്ള കുട്ടികളില്ലാത്ത സ്‌കൂളിലാണ് ജോലി നോക്കുന്നത്. ഇത് ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ഈ അധ്യാപകരെ കൊല്ലത്ത് നിയമിക്കാന്‍ കഴിയില്ലെന്നായിരുന്നു ഐ ഇ ഡി ഡയറക്ടറുടെ പ്രതികരണം. ഇതു സംബന്ധിച്ച് രക്ഷിതാക്കള്‍ വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നല്‍കിയെങ്കിലും ഫലമുണ്ടായില്ല.
അമ്പത് വിദ്യാര്‍ഥികളുള്ള സ്വകാര്യ സ്‌പെഷ്യല്‍ സ്‌കൂളുകള്‍ എയ്ഡഡ് ആക്കുമെന്ന സര്‍ക്കാര്‍ വാഗ്ദാനവും നടപ്പായില്ല. 63 സ്‌കൂളുകളേ ഈ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഒരു സ്‌കൂളിനു പോലും ഇതുവരെ എയ്ഡഡ് പദവി നല്‍കാന്‍ കഴിഞ്ഞിട്ടില്ല. ഭിന്നശേഷിയുള്ള വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ സ്‌കൂളുകളില്‍ സൗജന്യ വിദ്യാഭ്യാസം ലഭ്യമാകുന്ന സാഹചര്യത്തില്‍ അവരെ സ്വകാര്യ സ്‌കൂളുകളിലയക്കാന്‍ രക്ഷിതാക്കളില്‍ പലര്‍ക്കും താത്പര്യമില്ല. മാത്രമല്ല ഇത്തരം കുട്ടികളുടെ ചികിത്സാ ചെലവ് വഹിക്കാന്‍ തന്നെ ബുദ്ധിമുട്ടുന്ന രക്ഷിതാക്കള്‍ക്ക് സ്വകാര്യ സ്‌കൂളുകളിലെ ഭീമമായ ഫീസ് താങ്ങാനാവാത്തതാണ്. വാര്‍ഷിക പരീക്ഷ അടുത്ത സാഹചര്യത്തില്‍ ഭിന്നശേഷിയുള്ള വിദ്യാര്‍ഥികള്‍ക്ക് അടിയന്തരമായി അധ്യാപകരെ നിയമിക്കണമെന്നാണ് അധ്യാപക സംഘടനകളുടേയും ആവശ്യം. അടുത്ത അധ്യയന വര്‍ഷം ആരംഭിക്കുന്നതിനു മുമ്പായി സര്‍ക്കാര്‍ സ്‌കൂളുകളിലെ ഐ ഇ ഡി അധ്യാപകരുടെ ഒഴിവുകള്‍ നികത്താനും സര്‍ക്കാര്‍ തയ്യാറാകണം.

Latest