രേഖകള്‍ ചോര്‍ത്തിയ കേസ്: പതിനായിരം കോടിയുടെ കുംഭംകോണം

Posted on: February 22, 2015 5:04 am | Last updated: February 21, 2015 at 11:14 pm

ന്യൂഡല്‍ഹി: മന്ത്രാലയങ്ങളില്‍ നിന്ന് അതീവ രഹസ്യ രേഖകള്‍ ചോര്‍ത്തിയ കേസില്‍ അറസ്റ്റിലായ വിവിധ കോര്‍പറേറ്റ് കമ്പനികളുടെ എക്‌സിക്യൂട്ടീവുകളായ അഞ്ച് പേരെ റിമാന്‍ഡ് ചെയ്തു. അറസ്റ്റിലായ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് മാനേജര്‍ ശൈലേഷ് സക്‌സേന, എസ്സാര്‍ ഗ്രൂപ്പ് ഡി ജി എം വിനയ് കുമാര്‍, കെയ്ന്‍ ഇന്ത്യ ജി എം. കെ കെ നായിക്, ജൂബിലിയന്റ് എനര്‍ജി സീനിയര്‍ എക്‌സിക്യൂട്ടീവ് സുഭാഷ് ചന്ദ്ര, റിലയന്‍സ് അഡാഗ് ഡി ജി എം ഋഷി ആനന്ദ് എന്നിവരെയാണ് ഈ മാസം 24 വരെ റിമാന്‍ഡ് ചെയ്തത്. ദേശീയ സുരക്ഷയെ ബാധിക്കുന്ന രേഖകളാണ് ഇവരില്‍ നിന്ന് കണ്ടെടുത്തതെന്ന് ഡല്‍ഹി പോലീസ് അറിയിച്ചു. പ്രതികളെ ചീഫ് ജുഡീഷ്യല്‍ മെട്രൊപൊളിറ്റന്‍ മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ ഡല്‍ഹി പോലീസ് ക്രൈം ബ്രാഞ്ച്, പ്രതികളെ ചോദ്യം ചെയ്യുന്നതിനായി അഞ്ച് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടുതരണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
ഇതോടെ കേസില്‍ അറസ്റ്റിലാകുന്നവരുടെ എണ്ണം പന്ത്രണ്ടായി. എന്‍ജിനീയറിംഗ് കണ്‍സള്‍ട്ടന്റുമാരായ ശന്തനു സൈകിയ, പ്രയാസ് ജെയിന്‍, പെട്രോളിയം മന്ത്രാലയത്തിലെ രണ്ട് ജീവനക്കാര്‍ എന്നിവരുള്‍പ്പെടെ ഏഴ് പേര്‍ നേരത്തെ അറസ്റ്റിലായിരുന്നു. ഇവരില്‍ നാല് പേരെ പോലീസ് കസ്റ്റഡിയിലും മൂന്ന് പേരെ ജുഡീഷ്യല്‍ കസ്റ്റഡിയിലും വിട്ടിരുന്നു.
പതിനായിരം കോടിയുടെ കുംഭകോണമാണ് നടന്നതെന്ന് അറസ്റ്റിലായ എന്‍ജിനീയറിംഗ് കണ്‍സള്‍ട്ടന്റും മുന്‍ പത്രപ്രവര്‍ത്തകനുമായ ശന്തനു സൈകിയ പറഞ്ഞു. സംഭവത്തില്‍ പങ്കില്ലെന്നും ഇതേക്കുറിച്ച് അന്വേഷിക്കുക മാത്രമാണ് ചെയ്തതെന്നും ക്രൈം ബ്രാഞ്ച് ഓഫീസിന് മുന്നില്‍ വെച്ച് ശന്തനു മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. കേസില്‍ ഉള്‍പ്പെട്ടിട്ടുള്ള ഉന്നതരിലേക്കും അന്വേഷണം വ്യാപിപ്പിക്കണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ആവശ്യപ്പെട്ടു. കേസിലെ കുറ്റക്കാര്‍ ആരും രക്ഷപ്പെടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു.
അതേസമയം, പെട്രോകെമിക്കല്‍ കമ്പനിയായ ജൂബിലിയന്റ് എനര്‍ജിയുടെ നോയിഡയിലെ ഓഫീസില്‍ ക്രൈം ബ്രാഞ്ച് റെയിഡ് നടത്തി. അറസ്റ്റിലായ പ്രയാസ് ജെയ്‌നിന്റെ വസതിയില്‍ നടത്തിയ റെയ്ഡിനു പിന്നാലെയായിരുന്നു കമ്പനിയിലെ റെയ്ഡ്. അറസ്റ്റിലായ എക്‌സിക്യൂട്ടീവുകളുടെ ഓഫീസുകളിലും മറ്റും നടത്തിയ റെയ്ഡില്‍ ചോര്‍ത്തിയ രേഖകളുടെ പകര്‍പ്പുകള്‍ ലഭിച്ചതായി പോലീസ് അറിയിച്ചു. പെട്രോളിയം, കല്‍ക്കരി, ഊര്‍ജ ധന മന്ത്രാലയത്തിലെ രേഖകളാണ് ചോര്‍ത്തിയത്. ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അവതരിപ്പിക്കേണ്ട ബജറ്റില്‍ ഉള്‍പ്പെടുന്ന ദേശീയ വാതക ഗ്രിഡ് സംബന്ധിച്ച വിവരങ്ങളും കോര്‍പറേറ്റുകള്‍ക്ക് ചോര്‍ത്തിനല്‍കിയവയില്‍ ഉള്‍പ്പെടുമെന്ന് പോലീസ് കഴിഞ്ഞ ദിവസം കോടതിയില്‍ സമര്‍പ്പിച്ച എഫ് ഐ ആറില്‍ വ്യക്തമാക്കിയിരുന്നു.