Connect with us

Wayanad

ചൂരല്‍മലയില്‍ നിര്‍ധന കുടുംബത്തെ വനം വകുപ്പ് കുടിയിറക്കി

Published

|

Last Updated

ചൂരല്‍മല : വര്‍ഷങ്ങളായി കൈവശംവെക്കുന്നതും വീട്ടുനികുതി അടക്കുന്നതുമായ ദരിദ്രകുടുംബത്തെ കുടിയിറക്കി.മേപ്പാടി ഗ്രാമപഞ്ചായത്തിലെ പത്താംവാര്‍ഡ് ചൂരല്‍മലയിലെ 408 ാം നമ്പര്‍ വീടായ മീനാക്ഷി ഭവനിലെ മനോജിനെയും കുടുംബത്തെയുമാണ് വനംവകുപ്പ് കുടിയിറക്കിയത്. ഭാര്യയെയും രണ്ട് പിഞ്ചുകുഞ്ഞുങ്ങളെയും കൂട്ടി എവിടേക്ക് പോകണമെന്നറിയാത്ത അവസ്ഥയിലാണ് മനോജ്. മേപ്പാടി ഗ്രാമപഞ്ചായത്തില്‍ വീട്ട് നികുതി അടച്ചും വൈദ്യുതി കണക്ഷനെടുത്ത് കാലങ്ങളായി വൈദ്യുതി ബില്ലടക്കുകയും ചെയ്ത മനോജിന്റെ വീട് അനാവശ്യവാദഗതികള്‍ ഉന്നയിച്ച് വനംവകുപ്പ് അധികൃതര്‍ ഡിഎഫ്ഒയുടെ നേതൃത്വത്തില്‍ ജെസിബി ഉപയോഗിച്ച് പൊളിച്ചുമാറ്റുകയാണുണ്ടായത്.
1996 കാലഘട്ടത്തില്‍ മാതാഅമൃതാനന്ദമയി മഠത്തില്‍നിന്നും അനുവദിച്ചുകിട്ടിയ വീടാണ് നിലവിലുണ്ടായിരുന്നത്. ഈ എട്ട് സെന്റ് അല്ലാതെ മനോജിനും കുടുംബത്തിനും വേറെ ഭൂമിയൊന്നുമില്ല. 80 ഏക്കറിലധികംവരുന്ന വനഭൂമി അനധികൃതമായി കയ്യേറിയിരിക്കുന്ന വന്‍കിടക്കാരെ ഭയപ്പെട്ട് എട്ട് സെന്റ് ഭൂമി മാത്രമുള്ള മനോജിനെയും കുടുംബത്തെയും കുടിയിറക്കിവഴിയാധാരമാക്കുകയാണ് അധികൃതര്‍ ചെയ്തിരിക്കുന്നത്.
മനോജിനും കുടംബത്തിനും വില്ലേജില്‍ നിന്നും ഭൂമിയില്ലാത്ത സീറോ ലാന്റ് പദ്ധതിയില്‍ ഭൂമി അനുവദിക്കാവുന്നതാണ്. നിലവില്‍ മനോജിനെയും കുടുംബത്തെയും കുടിയിറക്കുന്നതിന് പിന്നില്‍ അധികൃതരുടെ ദുഷ്ടലാക്കാണെന്നാണ് ആരോപണം. കഴിഞ്ഞ ജനുവരി 24ന് ശേഷം കയ്യേറിയ ഭൂമികള്‍ ഒഴിപ്പിക്കുക എന്നപേരിലാണ് മനോജിനെയും കുടുംബത്തെയും കുടിയിറക്കിയിരിക്കുന്നത്.
എന്നാല്‍ 2013 മുതല്‍ വീട്ട് നികുതി അടച്ചുവരികയാണ് മനോജ്. ഏഴ് ദിവസത്തിനകം ഒഴിഞ്ഞുപോകാന്‍ തയ്യാറാകണമെന്ന് ഫോറസ്റ്റ് അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു. മനോജിന്റെ കൈവശമുള്ള മുഴുവന്‍ രേഖകളും ഹാജരാക്കിയിട്ടും ഇതൊന്നും ചെവികൊള്ളാന്‍ അധികൃതര്‍ തയ്യാറായില്ല.

Latest