Connect with us

National

പോലീസ് സ്റ്റേഷനിലെ സംഘര്‍ഷം; എ എ പി. എം എല്‍ എമാര്‍ക്കെതിരെ കേസ്‌

Published

|

Last Updated

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ബുറാരി പോലീസ് സ്റ്റേഷനില്‍ കഴിഞ്ഞ ദിവസം നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട് ആം ആദ്മി പാര്‍ട്ടിയുടെ രണ്ട് എം എല്‍ എമാര്‍ക്കും ഏതാനും പ്രവര്‍ത്തകര്‍ക്കുമെതിരെ കേസെടുത്തു. ആറ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. വടക്കന്‍ ഡല്‍ഹിയിലെ ബുറാരി സ്റ്റേഷനില്‍ നടന്ന സംഘര്‍ഷത്തില്‍ 15 പേര്‍ക്ക് പരുക്കേറ്റിരുന്നു. ബുറാരിയില്‍ നിന്നുള്ള എം എല്‍ എ സഞ്ജീവ് ഝാക്കും മോഡല്‍ ടൗണില്‍ നിന്നുള്ള എം എല്‍ എ അഖിലേഷ് പതി ത്രിപാഠിക്കും എതിരെയാണ് എഫ് ഐ ആര്‍ റജിസ്റ്റര്‍ ചെയ്തത്. ഇവരെ അറസ്റ്റ് ചെയ്തിട്ടില്ല.
പ്രധാന്‍ കോളനിയില്‍ നിന്ന് എ എ പി പ്രവര്‍ത്തകര്‍ പിടികൂടിയ ആള്‍ക്കെതിരെ പോലീസ് ഉടനടി കേസ് രജിസ്റ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ട് സഞ്ജീവ് ഝായുടെ നേതൃത്വത്തിലുള്ള സംഘം പോലീസ് സ്റ്റേഷനിലേക്ക് ഇരച്ചു കയറാന്‍ ശ്രമിക്കുകയായിരുന്നു. കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിക്കവേയാണ് ഇയാളെ തങ്ങള്‍ പിടികൂടിയതെന്നായിരുന്നു എ എ പി പ്രവര്‍ത്തകരുടെ വാദം. അന്വേഷിച്ച ശേഷമേ കേസെടുക്കാനാകൂ എന്ന നിലപാടാണ് പോലീസ് സ്വീകരിച്ചത്. എന്നാല്‍ ഇത് കൂട്ടാക്കാന്‍ എം എല്‍ എമാരും പ്രവര്‍ത്തകരും തയ്യാറായില്ല. ഝായുടെ വാഹനം സ്റ്റേഷനിലേക്ക് കടത്തിവിടാനാകില്ലെന്ന് പോലീസ് പറഞ്ഞതോടെ പ്രവര്‍ത്തകര്‍ അക്രമാസക്തരാകുകയായിരുന്നു. സംഘര്‍ഷത്തില്‍ പോലീസുകാര്‍ക്കും പരുക്കേറ്റു. പോലീസ് സ്റ്റേഷന് നേരെ പ്രവര്‍ത്തകര്‍ കല്ലേറ് നടത്തി. വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്തു. ഇതോടെ ത്രിപാഠിയും സംഭവസ്ഥലത്ത് എത്തുകയായിരുന്നു.
എം എല്‍ എയുടെ വാഹനത്തില്‍ സ്റ്റിക്കര്‍ ഇല്ലായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ പോലീസ് തങ്ങളെ അപമാനിച്ചുവെന്നാണ് എം എല്‍ എമാരുടെ ആരോപണം.

---- facebook comment plugin here -----

Latest