Connect with us

National

പ്രവാസികളുടെ പ്രശ്‌നപരിഹാരത്തിന് ഓണ്‍ലൈന്‍ സെല്‍

Published

|

Last Updated

ന്യൂഡല്‍ഹി: പ്രവാസി ഇന്ത്യക്കാരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഓണ്‍ലൈന്‍ പ്രശ്‌ന പരിഹാര സെല്‍ ആരംഭിച്ചു. പ്രവാസികാര്യ മന്ത്രാലയവും വിദേശകാര്യ മന്ത്രാലയവും സംയുക്തമായാണ് പദ്ധതി ആവിഷ്‌കരിച്ചത്. പരാതികളില്‍ സമയബന്ധിതമായി നടപടിയുണ്ടാക്കുന്ന പദ്ധതി വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ഉദ്ഘാടനം ചെയ്തു.
വിദേശത്തുള്ള ഇന്ത്യക്കാര്‍ക്ക് തങ്ങളുടെ പ്രശ്‌നങ്ങളെക്കുറിച്ചുള്ള പരാതികള്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്താല്‍ സമയബന്ധിതമായി അധികൃതര്‍ ഇടപെടും. നേരത്തെ പരാതി നല്‍കാനും നടപടികളെടുക്കാനും ഏറെ സമയം വേണ്ടിവന്നിരുന്നു. ഇതിന് വലിയൊരളവോളം പരിഹാരമുണ്ടാക്കുന്നതാണ് പുതിയ പദ്ധതി. മരണവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ക്കാണ് പ്രഥമ പരിഗണന നല്‍കുക. ഇത്തരം പരാതികളില്‍ രണ്ട് ദിവസത്തിനുള്ളില്‍ അധികൃതര്‍ ഇടപെടല്‍ നടത്തും.
നിലവില്‍ പ്രവാസികളുടെ പരാതികള്‍ ലഭിക്കുന്നത് പ്രവാസികാര്യ മന്ത്രാലയത്തിലാണ്. പ്രവാസികളുടെ പ്രശ്‌നങ്ങളില്‍ ഇടപെടല്‍ നടത്തേണ്ടതാകട്ടെ വിദേശകാര്യ മന്ത്രാലയവും. ഇത് വലിയ തോതില്‍ പ്രശ്‌നപരിഹാരത്തിന് വിലങ്ങുതടിയാകുന്നുണ്ട്.
പുതിയ സംവിധാനത്തില്‍ ഇരു മന്ത്രാലയങ്ങളും സംയുക്തമായി ഇടപെടല്‍ നടത്തുന്നതിനാല്‍ നടപടികള്‍ വേഗത്തിലാക്കാന്‍ കഴിയുമെന്ന് സുഷമ സ്വരാജ് പറഞ്ഞു. മാത്രമല്ല പരാതികളില്‍ എന്ത് പുരോഗതിയുണ്ടായി എന്ന് വെബ്‌സൈറ്റില്‍ രേഖപ്പെടുത്തുകയും ചെയ്യും.

Latest