മൊഗാദിശു ആക്രമണം: മരണ സംഖ്യ 25 ആയി ഉയര്‍ന്നു, കൊല്ലപ്പെട്ടവരില്‍ രണ്ട് എം പിമാരും

Posted on: February 22, 2015 5:49 am | Last updated: February 21, 2015 at 10:49 pm

മൊഗാദിശു: സോമാലിയന്‍ തലസ്ഥാനമായ മൊഗാദിശുവില്‍ ആഡംബര ഹോട്ടലിന് നേരെ അല്‍ ശബാബ് നടത്തിയ ആക്രമണത്തില്‍ മരണ സംഖ്യ 25 ആയി. രണ്ട് എം പിമാരും കൊല്ലപ്പെട്ടു. 40 പേര്‍ക്ക് പരുക്കേറ്റു. ആക്രമണത്തില്‍ മൊഗാദിശു ഡെപ്യൂട്ടി മേയറും കൊല്ലപ്പെട്ടതായാണ് വിവരം. മോഗാദിശുവിന്റെ മധ്യഭാഗത്ത് തിരക്കേറിയ സ്ഥലത്താണ് ഹോട്ടല്‍ സ്ഥിതി ചെയ്യുന്നത്. രണ്ട് കാര്‍ബോംബ് ആക്രമണമാണ് നടന്നത്. തുടര്‍ന്ന് അക്രമികള്‍ ഹോട്ടലിനകത്തേക്ക് ശക്തമായി വെടിവെക്കുകയും ചെയ്തു.
സോമാലിയന്‍ ഉപ പ്രധാനമന്ത്രി കൊല്ലപ്പെട്ടെന്ന വാര്‍ത്ത ശരിയല്ലെന്നും അദ്ദേഹം സുരക്ഷിതനാണെന്നും സര്‍ക്കാറിന്റെ ഔദ്യോഗിക വാക്താവ് അറിയിച്ചു.
പാശ്ചാത്യ പിന്തുണയുള്ള സര്‍ക്കാറിനെ താഴെയിറക്കുകയെന്ന ലക്ഷ്യത്തോടെയാണ് അല്‍ ശബാബ് അക്രമണം നടത്തുന്നത്. ഇവിടെ ഹോട്ടലില്‍ 20 പതിലേറെ മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടാണ് അക്രമണം നടത്തിയതെന്ന് അല്‍ ശബാബ് വക്താവ് പറഞ്ഞു.
കഴിഞ്ഞ ജനുവരിയിലും ഈ ഹോട്ടലില്‍ ആക്രമണം നടന്നിരുന്നു. തുര്‍ക്കി പ്രസിഡന്റ് ത്വയ്യിബ് ഉറുദുഖാന്‍ സോമാലിയ സന്ദര്‍ശിച്ച സമയത്തായിരുന്നു ഈ ആക്രമണം.