Connect with us

Eranakulam

മത്സ്യോത്പന്നങ്ങളുമായി തീരദേശവികസന കോര്‍പറേഷന്‍ ഫാസ്റ്റ്ഫുഡ് മേഖലയിലേക്ക്‌

Published

|

Last Updated

കൊച്ചി: മല്‍സ്യ ഭക്ഷ്യോല്‍പന്നങ്ങളുമായി കേരളത്തിലെ ഫാസ്റ്റ്ഫുഡ് മേഖലയിലേക്ക് തീരദേശ വികസന കോര്‍പറേഷനും പ്രവേശിക്കുന്നു. സംസ്ഥാനത്തുടനീളം തുറക്കുന്ന പാകംചെയ്ത മല്‍സ്യവിഭവങ്ങളുടെ വില്‍പന ശൃംഖലയിലൂടെ കേരളത്തിലെ ഫിഷറീസ് മേഖലക്ക് പുതിയ ഉണര്‍വു പകരനാണ് കോര്‍പറേഷന്റെ ശ്രമമെന്ന് ഫിഷറീസ്, തുറമുഖ, എക്‌സൈസ് മന്ത്രി കെ ബാബു വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
“ഫിഷ് മെയ്ഡ്” എന്ന് പേരിട്ടിരിക്കുന്ന ശൃംഖല പൊതുസ്വകാര്യ പങ്കാളിത്തത്തോടെയായിരിക്കും സ്ഥാപിതമാകുക. ഇതില്‍ ആദ്യത്തേത് കൊച്ചിയിലെ സെന്റര്‍ സ്‌ക്വയര്‍ മാളില്‍ ഫെബ്രുവരി 23ന് മന്ത്രി കെ ബാബു ഉദ്ഘാടനം ചെയ്യും.
ട്യൂണ ബര്‍ഗര്‍, സാല്‍മണ്‍ സാന്‍ഡ്‌വിച്ച്, ഫിഷ് സ്പ്രിംഗ് റോള്‍, ട്യൂണ സ്റ്റഫ്ഡ് എഗ്, ഫ്രഞ്ച് ഓംലറ്റ് വിത്ത് ട്യൂണ, ട്യൂണ പാസ്ത സലാഡ്, സാല്‍മണ്‍ ഗ്രീന്‍ സലാഡ്, ഷ്‌റിംപ് ക്രീം സൂപ്പ്, ക്രാബ് പാസ്ത സൂപ്പ്, പ്രോണ്‍സ് കബാബ്, ക്രിസ്പി ക്രസന്റ്, കപ്പ ഫിഷ് പാറ്റിസ്, ഷ്‌റിംപ് റോള്‍സ്, ഫിഷ് നഗ്ഗറ്റ്‌സ്, ഫിഷ് ഫിംഗേഴ്‌സ് തുടങ്ങിയ വിഭവങ്ങളാണ് ഈ ശൃംഖലയെ രുചികരമാക്കുക.
ഗുണനിലവാര പരിശോധന കര്‍ക്കശമായി പാലിച്ചുകൊണ്ട് മികച്ച ഭക്ഷ്യോല്‍പന്നങ്ങള്‍ ഉണ്ടാക്കുന്നതിന് തീരമേഖലയിലെ സ്ത്രീകള്‍ക്ക് പരിശീലനം നല്‍കാനും അവരുടെ ജീവിതപരിസരം മെച്ചപ്പെടുത്തിക്കൊണ്ട് സ്ത്രീശാക്തീകരണം സാധ്യമാക്കാനുമാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. തീരദേശ വികസന കോര്‍പറേഷന്‍ എം ഡി ഡോ. കെ അമ്പാടിയും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
കൊല്ലം ശക്തികുളങ്ങരയിലുള്ള കോര്‍പറേഷന്റെ കോമണ്‍ ഫെസിലിറ്റി സെന്ററായ “നളപാകം” ആണ് ഈ ഉല്‍പന്നങ്ങളുടെ നിര്‍മാണസ്ഥലം. തൃശൂരിലെ അഴീക്കോടും കണ്ണൂരിലെ അഴീക്കലും ഇതേരീതിയിലുള്ള ഉല്‍പാദന കേന്ദ്രങ്ങള്‍ തുറക്കാന്‍ കോര്‍പറേഷന് പദ്ധതിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തീരദേശ സമൂഹങ്ങളില്‍ നിന്നുള്ള 25 വനിതകള്‍ക്ക് ഉല്‍പന്നങ്ങളുടെ സംസ്‌കരണത്തിനും പാചകത്തിനും നളപാകത്തില്‍ പരിശീലനം നല്‍കിവരുന്നു.

Latest