Connect with us

International

തെക്കന്‍ സുഡാനില്‍ തീവ്രവാദി സംഘം 89 വിദ്യാര്‍ഥികളെ തട്ടിക്കൊണ്ടുപോയതായി യൂനിസെഫ്‌

Published

|

Last Updated

ഖര്‍ത്തൂം: തെക്കന്‍ സുഡാനില്‍ തീവ്രവാദി സംഘം 89 വിദ്യാര്‍ഥികളെ തട്ടിക്കൊണ്ടുപോയതായി ഐക്യരാഷ്ട്ര സഭയുടെ കുട്ടികളുടെ ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടന യൂനിസെഫ്. ഉപ്പര്‍നിലേ സംസ്ഥാനത്തിന്റെ തലസ്ഥാനമായ മലക്കലില്‍ നിന്നാണ് ഇവരെ തട്ടിക്കൊണ്ടുപോയത്. 13 വയസ്സുള്ള കുട്ടികള്‍ വരെ ഇതിലുള്‍പ്പെടുന്നുണ്ടെന്ന് യൂനിസെഫ് പറഞ്ഞു. പരീക്ഷയെഴുതുന്നതിനിടെയാണ് കുട്ടികളെ തട്ടിക്കൊണ്ടുപോയത്. സായുധരായ തീവ്രവാദികളാണ് കുട്ടികളെ തട്ടിക്കൊണ്ടുപോയതെന്നും യൂനിസെഫ് വെബ്‌സൈറ്റില്‍ വ്യക്തമാക്കി.
തീവ്രവാദി സംഘടനകള്‍ കുട്ടികളെ റിക്രൂട്ട് ചെയ്യുന്നുവെന്ന വാര്‍ത്തകള്‍ നേരത്തെ വന്നിരുന്നു. ഇത് മൂലം പല കുടുംബങ്ങളും തകര്‍ന്നുപോയ അവസ്ഥയിലാണ്. വിദ്യാഭ്യാസവും കുടുംബവും നഷ്ടപ്പെടുന്ന വിദ്യാര്‍ഥികള്‍ അക്രമ പ്രവര്‍ത്തനങ്ങളിലേക്ക് നയിക്കപ്പെടുന്നതായും വെബ്‌സൈറ്റില്‍ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, ഏത് തീവ്രവാദി സംഘടനയാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്ന് വ്യക്തമല്ല. തെക്കന്‍ സുഡാനിലെ സര്‍ക്കാര്‍ തന്നെ കുട്ടികളെ യുദ്ധരംഗത്ത് ഉപയോഗിക്കുന്നുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇതിനെ നിഷേധിച്ച് തെക്കന്‍ സുഡാന്‍ അധികൃതര്‍ രംഗത്തെത്തിയിരുന്നു.