Connect with us

Gulf

കേരളത്തിന്റെ വികസനവും രാഷ്ട്രീയ നേതാക്കളും

Published

|

Last Updated

നാദാപുരത്തെ സംഘര്‍ഷങ്ങളില്‍ സി പി ഐ എമ്മും മുസ്‌ലിം ലീഗും പരസ്പരം കൊമ്പുകോര്‍ക്കുമ്പോഴാണ് പിണറായി വിജയനും പി കെ കുഞ്ഞാലിക്കുട്ടിയും അബുദാബിയില്‍ ഒരേ വേദിയില്‍ പ്രത്യക്ഷപ്പെട്ടത്. കൈരളി അറേബ്യ ചാനലിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച്, കേരളം 2020 ആസൂത്രണം എന്ന വിഷയത്തെക്കുറിച്ചുള്ള സെമിനാര്‍ ആയിരുന്നു വേദി. രാഷ്ട്രീയ മേഖലകളില്‍ നിന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, മുസ്‌ലിം ലീഗ് മുന്‍രാജ്യസഭാംഗം പി വി അബ്ദുല്‍ വഹാബ് എന്നിവരും വേദിയിലുണ്ടായിരുന്നു. കേരളത്തിന്റെ വികസന പ്രശ്‌നം ചര്‍ച്ച ചെയ്യുമ്പോള്‍ കക്ഷി രാഷ്ട്രീയഭിന്നത ഒഴിവാക്കാനുള്ള ശ്രമത്തെ സദസിലുണ്ടായിരുന്ന ഏവരും അഭിനന്ദിച്ചു. എം എ യൂസുഫലി, രവി പിള്ള, ബി ആര്‍ ഷെട്ടി, പി എന്‍ സി മേനോന്‍, സി കെ മേനോന്‍ എന്നിവര്‍ വേദിയില്‍ വെച്ചുതന്നെ ആഹ്ലാദം പ്രകടിപ്പിച്ചു. പിണറായിയും കുഞ്ഞാലിക്കുട്ടിയും ചെന്നിത്തലയും വിചാരിച്ചാല്‍ പരിഹരിക്കാന്‍ കഴിയാത്ത പ്രശ്‌നം കേരളത്തിലില്ല. കേരളത്തിലെ മൂന്ന് പ്രധാന പാര്‍ട്ടികളുടെ നേതാക്കളാണവര്‍. അണികളെ നിയന്ത്രിച്ചുനിര്‍ത്താന്‍ കെല്‍പുള്ളവര്‍. നാദാപുരം സംഘര്‍ഷത്തില്‍ ആത്മപരിശോധന വേണമെന്ന് പിണറായിയും കുഞ്ഞാലിക്കുട്ടിയും അവരവരുടെ പ്രാദേശിക നേതൃത്വത്തെ വിളിച്ച് താക്കീത് നല്‍കിയതായാണ് ദുബൈയിലെ അടക്കം പറച്ചില്‍. സാമ്പത്തിക നേട്ടങ്ങള്‍ മറ്റുള്ളവരെ അപഹസിക്കാനും കൊലപ്പെടുത്താനും ആയുധമാക്കേണ്ടെന്ന് കുഞ്ഞാലിക്കുട്ടി കെ എം സി സിക്കാരെയും കവര്‍ച്ച നടത്തുന്നത് വിപ്ലവമല്ലെന്ന് പിണറായി സി പി എം അനുഭാവികളെയും ഓര്‍മിപ്പിച്ചുവത്രെ. അത്തരം സമീപനങ്ങള്‍ പക്വമായ വീക്ഷണത്തില്‍ നിന്ന് വരുന്നതാണ്. അല്‍പം കഴിഞ്ഞാണെങ്കിലും അണികള്‍ക്കും അത് മനസിലാകും.
കേരളത്തില്‍ സ്വകാര്യ നിക്ഷേപങ്ങള്‍ അനിവാര്യമാണെന്ന് പിണറായി വിജയന്‍ ചൂണ്ടിക്കാട്ടി. തൊഴിലില്ലായ്മ പരിഹരിക്കാനും വികസനം ത്വരിതപ്പെടുത്താനും ഇതല്ലാതെ വേറെ വഴിയില്ല. അത് കൊണ്ടുതന്നെ മുതല്‍ മുടക്കുന്നവരുടെ താല്‍പര്യങ്ങളും സംരക്ഷിക്കപ്പെടണം. സാമൂഹിക വളര്‍ച്ചക്ക് അനുസൃതമായി കേരളത്തില്‍ അടിസ്ഥാന സൗകര്യ വികസനം നടന്നിട്ടില്ല. ഉന്നത വിദ്യാഭ്യാസം, വൈദ്യുതി ഉല്‍പാദനം തുടങ്ങിയ മേഖലകളില്‍ മറ്റു സംസ്ഥാനങ്ങളെയോ കേന്ദ്രത്തെയോ ആശ്രയിക്കേണ്ട അവസ്ഥ. അതൊക്കെ മാറണമെങ്കില്‍ എല്ലാവരും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണം- പിണറായി വിജയന്‍ പറഞ്ഞു.
പ്രതിവര്‍ഷം 80,000 കോടി രൂപയാണ് വിദേശ മലയാളികള്‍ കേരളത്തിലേക്കയക്കുന്നത്. സംസ്ഥാനത്തിന്റെ വാര്‍ഷിക അടങ്കലിന്റെ മൂന്നിരട്ടിയാണത്. അത് കൊണ്ടുതന്നെ വിദേശ മലയാളികള്‍, വിശേഷിച്ച് ഗള്‍ഫ് മലയാളികള്‍ ഏറെ പരിഗണന അര്‍ഹിക്കുന്നു. വരുമാനം പ്രത്യുല്‍പാദനപരമായ മേഖലകളിലേക്ക് തിരിച്ചുവിടാന്‍ അവസരം വേണം. ഗള്‍ഫില്‍ അധ്വാനിച്ച് നേടുന്ന പണം നാട്ടില്‍ നിക്ഷേപിക്കാന്‍, വിശ്വസനീയമായ പദ്ധതികളില്ല. പലരും ബേങ്കുകളില്‍ തന്നെ പണം സൂക്ഷിക്കുന്നു. ലോകത്ത് “വെളുത്ത” പണം ബേങ്കില്‍ കൂട്ടിവെക്കുന്ന സമൂഹങ്ങളില്‍ മുന്‍പന്തിയിലാണ് കേരളീയര്‍. വഞ്ചിക്കപ്പെടുമോയെന്ന ഭയം കൊണ്ടാണത്. മുന്‍കാല അനുഭവങ്ങള്‍ അത്തരത്തിലായിരുന്നു. ഗള്‍ഫ് മലയാളികള്‍ക്ക് ആത്മ വിശ്വാസം വരണമെങ്കില്‍, ഭരണകൂടത്തില്‍ നിന്ന് പുതിയ ആശയങ്ങള്‍ ഉണ്ടാകണം. ജനാധിപത്യ സംവിധാനത്തില്‍, രാഷ്ട്രീയ പ്രസ്ഥാനങ്ങളാണ് ഭരണകൂടത്തെ നിയന്ത്രിക്കുന്നത് എന്നതിനാല്‍ നേതാക്കള്‍ക്ക് മികച്ച കാഴ്ചപ്പാടുകള്‍ വേണം. പിണറായി വിജയനും കുഞ്ഞാലിക്കുട്ടിയും രമേശ് ചെന്നിത്തലയും അത് അബുദാബിയില്‍ പ്രകടിപ്പിച്ചു.
എല്ലാത്തിനെയും വിവാദമാക്കുന്ന പ്രവണത അവസാനിക്കണമെന്നും ജനങ്ങളുടെ കാര്യത്തില്‍ വ്യത്യസ്ത രാഷ്ട്രീയ നേതാക്കള്‍ കൈകോര്‍ക്കണമെന്നും അധ്യക്ഷത വഹിച്ച നടന്‍ മമ്മുട്ടി പറഞ്ഞതിനെയും സദസ് കരഘോഷത്തോടെയാണ് സ്വീകരിച്ചത്.
എന്നാല്‍, കേരളത്തില്‍ വിവാദങ്ങള്‍ ഒരിക്കലും അവസാനിക്കുന്നില്ല. അമ്മയെ തല്ലിയാലും രണ്ടഭിപ്രായം. സുരക്ഷാ ജീവനക്കാരനെ കാറിടിച്ചുകൊലപ്പെടുത്തിയ മുഹമ്മദ് നിഷാമിനെ രക്ഷപ്പെടുത്താന്‍ ചിലര്‍ ശ്രമിക്കുന്നു. ആദിവാസികള്‍ക്കിടയില്‍ ജീവകാരുണ്യ പ്രവര്‍ത്തനം നടത്തിയ ഡോക്ടര്‍ ഷാനവാസിനെ മദ്യപാനിയാക്കിമാറ്റാനും ഷാനവാസിന്റെ പൂര്‍വകാല ചരിത്രം തേടാനും ചിലര്‍ മുന്നോട്ടുവന്നു. ദുഷ്ടലാക്കോടെയാണ് ഇതൊക്കെയെന്ന് ഒറ്റനോട്ടത്തില്‍ തന്നെ വ്യക്തമെങ്കിലും വിവാദം കൊഴുത്തുകൊണ്ടേയിരിക്കുന്നു.
ഏറ്റവും ഒടുവില്‍, കേരളത്തിലെ പ്രധാന രാഷ്ട്രീയ കക്ഷിയായ സി പി എമ്മിലെ പിണറായി വിജയന്‍- വി എസ് അച്യുതാനന്ദന്‍ പോരാണ്. പാര്‍ട്ടി സംസ്ഥാന സമ്മേളനം നടക്കുന്നതിനാല്‍ കുറേ ദിവസത്തേക്ക് ഇനി അതുമതി. വി എസ് പാര്‍ട്ടിയില്‍ നിന്ന് പുറത്താകുമോ, വി എസിന്റെ കൂടെ ഏതൊക്കെ നേതാക്കള്‍ എന്നൊക്കെ അറിയാന്‍ ഗള്‍ഫ് മലയാളികളും കണ്ണും കാതും തുറന്നുവെച്ചിരിക്കുന്നു. സാമൂഹിക മാധ്യമങ്ങളില്‍ എടുത്താല്‍ പൊങ്ങാത്ത അഭിപ്രായം പ്രകടിപ്പിക്കുന്നു. വി എസിന്റെ കൂടെ പാര്‍ട്ടിക്കാര്‍ കുറവാണെങ്കിലും കോണ്‍ഗ്രസിനും മുസ്‌ലിം ലീഗിനും ബി ജെ പിക്കും ആര്‍ത്തുചിരിക്കാന്‍ ഇത് വകനല്‍കുന്നു. അച്ചടക്കമുള്ള പാര്‍ട്ടിയെന്ന പ്രതിച്ഛായ സി പി എമ്മിന് നഷ്ടപ്പെടുകയാണ്. മന്ത്രി കെ എം മാണിയുടെയടക്കം അഴിമതിക്കേസ് ഒന്നുമല്ലാതാവുകയാണ്. കേരളത്തിലെ വികസന മുരടിപ്പ് ചര്‍ച്ചയല്ലാതാവുകയാണ്.
ഗള്‍ഫില്‍, സി പി എം അനുഭാവി സംഘടനാ പ്രവര്‍ത്തകരില്‍ വി എസ് വിരുദ്ധരാണ് മിക്കവരും. അബുദാബിയില്‍ പിണറായി വിജയന് അഭിവാദ്യം അര്‍പിക്കാന്‍ ഒട്ടുമിക്ക പേരും എത്തിയിരുന്നു. സഊദി അറേബ്യ, ഖത്തര്‍, ഒമാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും ആളുകള്‍ എത്തി. ഗള്‍ഫ് നഗരങ്ങളിലെ വികസന മാതൃകയില്‍ കേരളത്തില്‍ പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ പിണറായിക്കു കഴിയുമെന്നാണ് അവരുടെ വിശ്വാസം. ഗള്‍ഫ് മലയാളികളുടെ ഏക പ്രതീക്ഷ പിണറായി വിജയനാണെന്ന് എം എ യൂസുഫലി അഭിപ്രായപ്പെട്ടപ്പോള്‍ ഉയര്‍ന്ന കൈയടിക്ക് നാനാര്‍ഥങ്ങളുണ്ടായിരുന്നു. എന്നാല്‍, വി എസിന്റെ ആപ്പുകള്‍ കടന്ന് മുന്നേറാന്‍ പിണറായിക്ക് കഴിയുമോയെന്നത് പ്രധാനപ്പെട്ട ചോദ്യമാണ്. ആ ചോദ്യം ഗള്‍ഫ് മലയാളികളുടേതുമാണ്.

---- facebook comment plugin here -----

Latest