ക്ലാസ് പാര്‍ട്ടികള്‍ ആഘോഷമാക്കി വിദ്യാര്‍ഥികള്‍

Posted on: February 21, 2015 8:25 pm | Last updated: February 21, 2015 at 8:25 pm

ഷാര്‍ജ; ക്ലാസ് പാര്‍ട്ടികള്‍ ആഘോഷമാക്കുകയാണ് ഇന്ത്യന്‍ വിദ്യാലയങ്ങളിലെ വിദ്യാര്‍ഥികള്‍. പുത്തന്‍ കളര്‍ ഉടുപ്പുകളണിഞ്ഞും വിഭവസമൃദ്ധമായ ഭക്ഷണമൊരുക്കിയും ക്ലാസ് മുറികള്‍ അലങ്കരിച്ചും, പാടിയും നൃത്തം ചവിട്ടിയും വിദ്യാര്‍ഥികള്‍ ശരിക്കും പാര്‍ട്ടികള്‍ ആസ്വദിക്കുന്നു.

ഈ അധ്യായന വര്‍ഷത്തോട് വിടചൊല്ലിയും ക്ലാസ് മാറ്റത്തിന്റെയും മുന്നോടിയായാണ് സ്‌കൂള്‍ അധികൃതരുടെ അനുമതിയോടെ ഓരോ ക്ലാസിലും വിദ്യാര്‍ഥികള്‍ പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്നത്. കിന്റര്‍ഗാര്‍ട്ടന്‍ മുതല്‍ 12 വരെയുള്ള ക്ലാസുകളില്‍ പാര്‍ട്ടികള്‍ ഒരുക്കുന്നു.
പഠനത്തിന്റെ പിരിമുറുക്കത്തില്‍ നിന്നു ഒരു ദിവസമെങ്കിലും മോചനംനേടി കൂട്ടുകാരോടൊപ്പം കളിച്ചുല്ലസിക്കാന്‍ കുരുന്നുകളടക്കമുള്ള വിദ്യാര്‍ഥികള്‍ക്കു അവസരം നല്‍കുകയാണ് ക്ലാസ് പാര്‍ടികളിലൂടെ സ്‌കൂള്‍ അധികൃതര്‍. യൂണിഫോമിട്ടു മുഷിഞ്ഞ വിദ്യാര്‍ഥികള്‍ക്കു ഒരുമിച്ച് ഒരു ദിവസമെങ്കിലും ഇഷ്ടമുള്ള ഉടുപ്പ് ധരിച്ച് ക്ലാസിലെത്തി രസിക്കാനും ഇതുവഴി സാധിക്കുന്നു. നിലവില്‍ ജന്മദിന വേളകളില്‍ മാത്രമാണ് സ്‌കൂളില്‍ വരുമ്പോള്‍ കളര്‍ ഉടുപ്പണിയാന്‍ വിദ്യാര്‍ഥികള്‍ക്ക് അനുവാദമുള്ളത്. ക്ലാസ് പാര്‍ട്ടികള്‍ വിദ്യാര്‍ഥികള്‍ക്കു തീര്‍ത്തും സന്തോഷവും ആഹ്ലാദവും പകരുന്നു. ഒരു ആഘോഷത്തിന്റെ പ്രതീതിയാണ് അവരില്‍ ജനിപ്പിക്കുന്നത്. ദിവസങ്ങള്‍ക്കു മുമ്പുതന്നെ പാര്‍ട്ടിക്കുള്ള തയ്യാറെടുപ്പുകള്‍ ആരംഭിക്കുന്നു. സ്‌കൂള്‍ അധികൃതര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ക്കനുസരിച്ചാണ് പാര്‍ട്ടികള്‍.
വര്‍ണ്ണക്കടലാസുകളും, ബലൂണുകള്‍ കൊണ്ടും മറ്റും ക്ലാസ് മുറികള്‍ ഭംഗിയായി അലങ്കരിക്കുന്നു. വിവിധ ഭക്ഷണ സാധനങ്ങള്‍ വീടുകളില്‍ നിന്നു തയ്യാറാക്കി യഥേഷ്ടം ഓരോ വിദ്യാര്‍ഥിയും അവരവരുടെ ക്ലാസുകളിലേക്കു കൊണ്ടുവന്നു. വിവിധ പാനീയങ്ങളും യഥേഷ്ടം എത്തിക്കുന്നു. വിദ്യാര്‍ഥികളെല്ലാം ഒത്തുകൂടി പാടിയും നൃത്തമാടിയും, കൈമുട്ടിയും ഫോട്ടോയെടുത്തും സന്തോഷം പങ്കുവെക്കുന്നു. കുട്ടികളുടെ സന്തോഷത്തില്‍ അധ്യാപകരും പങ്കുചേരുന്നു. തുടര്‍ന്നു ഒന്നിച്ചിരുന്നു ഭക്ഷണം കഴിച്ചാണ് പിരിയുക. ചില വിദ്യാര്‍ഥികളാകട്ടെ ടേപ്പ്‌റിക്കോര്‍ഡറും ചെറിയ സ്പീക്കറുകളുമൊക്കെയായാണ് എത്തുക. ടേപ്പ് റിക്കോര്‍ഡറില്‍ നിന്നുള്ള സംഗീതത്തിനൊത്തായിരിക്കും ഇവര്‍ നൃത്തംവെക്കുക.
കൊച്ചുകുട്ടികളുടെ ക്ലാസ്പാര്‍ട്ടികള്‍ ഏറെ സന്തോഷം പകരുന്നവയാണ്. ബലൂണുകളും, കളിപ്പാട്ടങ്ങളും മറ്റുമായാണ് കുട്ടികള്‍ അന്നേദിവസം ക്ലാസിലെത്തുക. അനുവദനീയമായ ഭക്ഷണം മാത്രമേ കുട്ടികള്‍ക്കു നല്‍കുകയുള്ളു. അധ്യാപകരുടെ മേല്‍നോട്ടത്തിലാണ് പരിപാടികളൊക്കെയും നടക്കുക.
ഷാര്‍ജ ഇന്ത്യന്‍ സ്‌കൂളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ക്ലാസ് പാര്‍ട്ടികള്‍ വിദ്യാര്‍ഥികള്‍ ശരിക്കും ആസ്വദിച്ചു. ഉത്സവ പ്രതീതിയായിരുന്നു സ്‌കൂളില്‍. വലിയൊരു ആഘോഷം കഴിഞ്ഞ സ്ഥിതിയായിരുന്നു വിദ്യാര്‍ഥികളില്‍ പ്രകടമായിരുന്നത്.
ക്ലാസ് പാര്‍ട്ടികള്‍ വിദ്യാര്‍ഥികള്‍ക്കുമാനസികോല്ലാസം നല്‍കുമെന്ന് പ്രിന്‍സിപ്പല്‍ കെ ആര്‍ രാധാകൃഷ്ണന്‍ നായര്‍ പറഞ്ഞു. വര്‍ഷത്തിലൊരുതവണ അവര്‍ക്കു ഇഷ്ടമുള്ള ഉടുപ്പണിഞ്ഞ് ഒന്നിച്ചുകൂടി ആടാനും പാടാനും ഭക്ഷിക്കാനും ലഭിക്കുന്ന അവസരമാണ്. അതുകൊണ്ടുതന്നെ ഇത്തരം പാര്‍ട്ടികള്‍ സംഘടിപ്പിക്കാന്‍ അനുവാദം നല്‍കുന്നു. കുട്ടികളുടെ സന്തോഷവും സംതൃപ്തിയുമാണ് സ്‌കൂള്‍ അധികൃതരുടെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. അടുത്ത അധ്യായനവര്‍ഷം നിലവിലുള്ള ക്ലാസിലെ കുട്ടികള്‍ ഉയര്‍ന്ന ക്ലാസുകളിലെത്തും. പുതിയകൂട്ടുകാരായിരിക്കും പുതിയ ക്ലാസുകളില്‍. അതുകൊണ്ടുതന്നെ നിലവിലുള്ള ക്ലാസില്‍ നിന്നു സന്തോഷകരമായ ഒരുമാറ്റവും ക്ലാസ് പാര്‍ട്ടികളിലൂടെ ലക്ഷ്യംവെക്കുന്നു.