തെരുവ് സദ്യ ആഘോഷമാക്കി തലസ്ഥാനവാസികള്‍

Posted on: February 21, 2015 8:00 pm | Last updated: February 21, 2015 at 8:00 pm

അബുദാബി;അബുദാബി ഭക്ഷ്യോത്സവത്തിന്റെ ഭാഗമായ തെരുവ് സദ്യ ആഘോഷമാക്കി തലസ്ഥാനവാസികള്‍. ടി സി എ(ടുറിസം ആന്‍ഡ് കള്‍ച്ചറല്‍ അതോറിറ്റി) യുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച തെരുവ് സദ്യയാണ് തലസ്ഥാനവാസികള്‍ ആഘോഷമാക്കി മാറ്റിയത്. ജി സി സി മേഖലയില്‍ ആദ്യമായി നടത്തിയ തെരവ് സദ്യ നഗരവാസികള്‍ക്കൊപ്പം ഇതര ജി സി സി രാജ്യങ്ങളില്‍ നിന്നെത്തിയവര്‍ക്കും മറ്റ് വിദേശ രാജ്യങ്ങളില്‍ നിന്നു നഗരം സന്ദര്‍ശിച്ച വിനോദസഞ്ചാരികള്‍ക്കും പുത്തന്‍ അനുഭവമായി. പോപ്്-അപ് റെസ്റ്റോറന്റുകളും തട്ടുകട വാഹനങ്ങളും 20 ദിര്‍ഹം മുതല്‍ 50 ദിര്‍ഹം വരെയാണ് വിവിധ ഭക്ഷണങ്ങള്‍ക്കായി ഈടാക്കുന്നത്. അബുദാബിയില്‍ ഇന്നലെ പൊടിപാറിയ കച്ചവടമാണ് തെരവ് സദ്യയുടെ ഭാഗമായി നടന്നത്. ഇന്നും ഇത് തുടരുമെന്നാണ് സംഘാടാകര്‍ പ്രതീക്ഷിക്കുന്നത്.
തട്ടുകടകളുടെ മാതൃകയില്‍ പ്രത്യേകം രൂപകല്‍പന ചെയ്ത വാഹനങ്ങളാണ് ഭക്ഷണങ്ങളുമായി റോഡരുകില്‍ തമ്പടിക്കുന്നത്. ഇമറാത്തി കിച്ചണ്‍ എന്ന പേരില്‍ തനത് ഭക്ഷ്യവിഭവങ്ങള്‍ പരിചയപ്പെടുത്തുന്ന പരിപാടിയും ഫെസ്റ്റിവലിന്റെ ആദ്യ ദിവസങ്ങളില്‍ നടത്തിയിരുന്നു. ഭക്ഷണങ്ങളുമായി അണിനിരന്ന ലോറികളില്‍ 10 എണ്ണം യു കെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഡാന്‍ ഷെര്‍മാന്‍ എന്ന ഹോം കുക്ക് കമ്പനിയുടേതാണ്.
യു എ ഇയിലേക്ക് ഷെര്‍മാന്‍ മുഖ്യമായും എത്തിച്ചിരിക്കുന്നത് മൂന്നു വിഭാഗത്തില്‍ ഉള്‍പെട്ട ബ്രാക്കോസ് ഭക്ഷ്യവസ്തുക്കളാണ്. ഹലൂമി ചീസ്, സ്‌ലോ കുക്ക്ഡ് വഗ്‌യു ബീഫ് ചെക്ക്, ബീഫ് ടങ്ക് എന്നിവയാണിവ. ലാംബ് കട്ട്‌ലെറ്റുകളും ഡൊണോഷ്യ സോഷ്യല്‍ ക്ലബ്ബിന്റെ കാപ്പെര്‍ ബട്ടറുമെല്ലാം ഇവിടെ രുചിക്കാന്‍ അവസരം ഒരുക്കിയിട്ടുണ്ട്. ഭക്ഷ്യമേളയുടെ ഭാഗമായി തലസ്ഥാനത്തെ ഹോട്ടലുകളിലും റെസ്‌റ്റോറന്റുകളിലും മാളുകളിലും പ്രത്യേക പ്രൊമോഷന്‍ പരിപാടികളും അരങ്ങേറുന്നുണ്ട്.
2009ല്‍ ആരംഭിച്ച അബുദാബി ഭക്ഷ്യമേളക്ക് ഓരോ വര്‍ഷവും മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് ടി സി എ ടൂറിസം ആക്ടിംഗ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സുല്‍ത്താന്‍ അല്‍ ദഹേരി വ്യക്തമാക്കി. അബുദാബി ഫുഡ് ഫെസ്റ്റിവലിന് അഞ്ചിനാണ് തുടക്കമായത്. ഇന്ന് അവസാനിക്കും.