അമ്മാന്‍ സ്ട്രീറ്റില്‍ കാല്‍നട യാത്രക്കാര്‍ക്കായി മേല്‍പാലം പണിയുമെന്ന് ആര്‍ ടി എ

Posted on: February 21, 2015 6:36 pm | Last updated: February 21, 2015 at 6:36 pm

ദുബൈ: റോഡ് മുറിച്ചു കടക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി പേര്‍ അപകടത്തില്‍പെട്ട അല്‍ അമ്മാന്‍ സ്ട്രീറ്റില്‍ മേല്‍പാലങ്ങള്‍ പണിയുമെന്ന് ആര്‍ ടി എ വ്യക്തമാക്കി. ഏറെക്കാലമായി ഈ മേഖലയില്‍ കാല്‍നട യാത്രക്കാര്‍ക്ക് റോഡ് മുറിച്ചു കടക്കാന്‍ മേല്‍പാലമോ സീബ്ര ക്രോസിംഗോ വേണമെന്ന് ആവശ്യം ഉയര്‍ന്നുവരുന്നതിനിടെയാണ് ആര്‍ ടി എയുടെ പ്രഖ്യാപനം. ഈ മേഖലയിലൂടെ കടന്നു പോകുന്ന വാഹനങ്ങള്‍ മിക്കവയും മണിക്കൂറില്‍ 100 കിലോമീറ്ററിന് മുകളില്‍ ഓടുന്നതാണ് അപകടത്തിലേക്ക് നയിക്കുന്നത്. ഇത് വകവെക്കാതെയാണ് പലരും കുട്ടികളുമായി ഇവിടെ റോഡ് മുറിച്ചു കടക്കാന്‍ മുതിരുന്നത്. ഈ വര്‍ഷം തന്നെ ഇവിടെ മേല്‍പാലങ്ങള്‍ യാഥാര്‍ഥ്യമാക്കാനാണ് ആര്‍ ടി എ ഒരുങ്ങുന്നത്.
അല്‍ ഖിസൈസ് വ്യവസായ മേഖല മൂന്നില്‍ നിന്നു വരുമ്പോള്‍ ദുബൈ അതിര്‍ത്തിയില്‍ ഷാര്‍ജയില്‍ നിന്നു 100 മീറ്റര്‍ മാത്രം അകലെയാണ് അല്‍ അമ്മാന്‍ സ്്ട്രീറ്റ്. ദുബൈ ഭാഗത്ത് അല്‍ നഹ്ദയില്‍ അനേകം താമസ കെട്ടിടങ്ങള്‍ സ്ഥിതിചെയ്യുന്ന പ്രദേശം കൂടിയാണിത്. സമയം ലാഭിക്കാനും ടാക്‌സിക്ക് 20 ദിര്‍ഹം നല്‍കുന്നത് ഒഴിവാക്കാനുമാണ് ആളുകള്‍ ജീവന്‍പണയപ്പെടുത്തി ഇവിടെ റോഡ് മുറിച്ചു കടക്കാന്‍ തുനിയുന്നത്. പലപ്പോഴും ഇവിടെ റോഡ് മുറിച്ചു കടക്കുന്നവരെ ദുബൈ പോലീസ് കൈയോടെ പിടികൂടുകയും 200 ദിര്‍ഹം വീതം പിഴ ചുമത്തുകയും ചെയ്യാറുണ്ട്. എന്‍ എം സി സ്‌പെഷാലിറ്റി ഹോസ്പിറ്റല്‍, കാരെഫോര്‍ മിനി മാര്‍ക്കറ്റ്, ഷാര്‍ജ ഭാഗത്തുള്ള സഹാറ സെന്റര്‍ തുടങ്ങിയവയിലേക്കും ഇവിടെ താമസിക്കുന്നവര്‍ വിവിധ ആവശ്യങ്ങള്‍ക്കായി റോഡ് മുറിച്ചു കടക്കാറുണ്ടെന്ന് ഈ മേഖലയിലെ താമസക്കാരില്‍ ഒരാളായ ദീപു കാകപ്പൊയില്‍ വ്യക്തമാക്കി.