Connect with us

Gulf

അഗ്നിബാധകള്‍ കുറഞ്ഞു

Published

|

Last Updated

അജ്മാന്‍: അജ്മാനില്‍ അഗ്നിബാധകള്‍ കുറഞ്ഞുവെന്ന് സിവില്‍ ഡിഫന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ്. അഞ്ചു വര്‍ഷത്തിനിടെ അത്യാഹിതങ്ങള്‍ 95% കുറയ്ക്കാന്‍ സാധിച്ചു. സംഭവസ്ഥലത്തേക്ക് നാലു മിനിറ്റിനകം എത്തിപ്പെടാന്‍ സാധിക്കുന്ന തരത്തിലാണു നടപടികള്‍ ക്രമീകരിക്കുന്നത്.
അപകടങ്ങള്‍ അധികരിക്കുന്നതില്‍ ഉപരി അപകടങ്ങളിലുണ്ടാകുന്ന ആളപായവും ധനനഷ്ടവുമാണു ഡിപ്പാര്‍ട്ട്‌മെന്റ് മുന്‍ഗണന നല്‍കുന്ന ഘടകമെന്ന് അജ്മാന്‍ സിവില്‍ ഡിഫന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ സാലിഹ് സഈദ് അല്‍മത്‌റൂശി പറഞ്ഞു. അപകടസ്ഥലത്തേക്ക് അതിവേഗമെത്തുക എന്നതു പ്രധാന ഘടകമാണ്. ഒരു വര്‍ഷം 15 വരെ ഗുരുതരമായ അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്ന പഴയകാലം പഴങ്കഥയായി. കഴിഞ്ഞ വര്‍ഷം ഇത്തരത്തിലുള്ള ഒരു അപകടം മാത്രമാണു റിപ്പോര്‍ട്ട് ചെയ്തത്.
ഈ സ്ഥിതിയിലേക്ക് എമിറേറ്റിനെ ഉയര്‍ത്തിയതില്‍ ഒട്ടേറെ ഘടകങ്ങളുണ്ട്. അത്യാധുനിക സംവിധാനങ്ങള്‍ ഉപയോഗിക്കാന്‍ ഉദ്യോഗസ്ഥര്‍ക്കു ലഭിച്ച പരിശീലനം, ഏതു സമയവും സ്ഥാപനങ്ങളിലും വ്യവസായ ശാലകളിലും നടത്തുന്ന സുരക്ഷാ പരിശോധനകള്‍ എന്നിവ അപകടങ്ങള്‍ കുറയ്ക്കുന്നതിനു സഹായിച്ചു. ഭൂമിശാസ്ത്ര പരമായ പ്രത്യേകതയ്ക്ക് അനുസരിച്ചു വ്യവസായ ശാലകള്‍ക്കും കെട്ടിട സമുച്ചയങ്ങള്‍ക്കും പാര്‍പ്പിട കേന്ദ്രങ്ങള്‍ക്കും വില്ലകള്‍ക്കും പ്രത്യേക ഇടം നിര്‍മാണത്തിനായി നിശ്ചയിച്ചും അപകടങ്ങളുടെ എണ്ണം കുറച്ചിട്ടുണ്ട്.
വ്യവസായ, വാണിജ്യ സ്ഥാപനങ്ങള്‍ക്കു സിവില്‍ ഡിഫന്‍സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ സുരക്ഷാപത്രം നിര്‍ബന്ധമാക്കിയ ഏക എമിറേറ്റാണ് അജ്മാനെന്നും അല്‍ മത്‌റൂശി ഓര്‍മിപ്പിച്ചു. ബഹുനില കെട്ടിടങ്ങളില്‍ തീ പിടിക്കുന്നത് അപൂര്‍വ സംഭവമായി മാറിയിട്ടുണ്ട്. അറ്റകുറ്റപ്പണികള്‍ക്ക് അംഗീകൃത കമ്പനികളുമായി കെട്ടിട ഉടമകള്‍ കരാറുണ്ടാക്കണമെന്ന നിയമം പ്രാബല്യത്തിലാക്കിയതു കെട്ടിടങ്ങളെ അപകടങ്ങളില്‍ നിന്നും സുരക്ഷിതമാക്കിയതായും അദ്ദേഹം പറഞ്ഞു.

Latest