Connect with us

Kerala

വി എസ് സമ്മേളനത്തില്‍ നിന്ന് ഇറങ്ങിപ്പോയി; അനുനയശ്രമം ഉൗര്‍ജിതം

Published

|

Last Updated

vs house

വി എസ് സമ്മേളനത്തില്‍ നിന്ന് ഇറങ്ങിപ്പോന്നതറിഞ്ഞ് അദ്ദേഹത്തിന്റെ വസതിക്ക് മുന്നില്‍ തടിച്ചുകൂടിയവര്‍

ആലപ്പുഴ: പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കി സി പി എം സംസ്ഥാന സമ്മേളനത്തില്‍ നിന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ഇറങ്ങിപ്പോയി. പ്രവര്‍ത്തന റിപ്പോര്‍ട്ടിന് പിന്നാലെ പൊതുചര്‍ച്ചയിലും രൂക്ഷമായ വിമര്‍ശമുയര്‍ന്നതോടെയാണ് വി എസിന്റെ നടപടി. അപ്രതീക്ഷിമായി വി എസില്‍ നിന്നുണ്ടായ അസാധാരണ നടപടി നേതൃത്വത്തെയും പ്രതിനിധികളെയും ഞെട്ടിച്ചു. വി എസ് പാര്‍ട്ടി വിടുകയാണെന്ന അഭ്യൂഹങ്ങള്‍ പരന്നതോടെ നേതൃത്വം അനുനയ ശ്രമങ്ങള്‍ തുടങ്ങി. പാര്‍ട്ടി നിര്‍ദേശമനുസരിച്ച് വി എസിന്റെ വിശ്വസ്തരായ എസ് ശര്‍മയും കെ ചന്ദ്രന്‍പിള്ളയും പുന്നപ്രയിലെ വേലിക്കകത്തെ വീട്ടിലെത്തി വി എസുമായി സംസാരിച്ചു. ഇറങ്ങിപ്പോയ ശേഷം ഇന്നലെ സമ്മേളനത്തില്‍ നിന്ന് വിട്ടുനിന്ന വി എസ് വാര്‍ത്താസമ്മേളനം നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും കേന്ദ്ര നേതൃത്വം ഇടപെട്ടതിനെ തുടര്‍ന്ന് മാറ്റിവെച്ചു.
പ്രതിനിധി സമ്മേളനം രാവിലെ 11 മണിയോടെ ചായക്ക് പിരിയുന്ന ഘട്ടത്തിലാണ് പോകുകയാണെന്ന് ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനോട് പറഞ്ഞ് വി എസ് സമ്മേളന വേദിയില്‍ നിന്ന് ഇറങ്ങിയത്. ഇന്നലെ രാവിലെ തന്നെ പ്രകാശ് കാരാട്ടിനെ കണ്ട വി എസ്, താന്‍ നല്‍കിയ കത്തിനെക്കുറിച്ചും തനിക്കെതിരെ സംസ്ഥാന സെക്രട്ടേറിയറ്റ് പ്രമേയം പാസ്സാക്കിയത് സംബന്ധിച്ചും സംസാരിച്ചിരുന്നു. താന്‍ പറഞ്ഞതും ചെയ്തതും പ്രവര്‍ത്തിച്ചതും പാര്‍ട്ടിക്ക് വേണ്ടിയാണ്. തനിക്കെതിരെ വാര്‍ത്താസമ്മേളനം നടത്തിയത് സംഘടനാപരമായി തെറ്റായ കീഴ്‌വഴക്കമാണ്. സമ്മേളന കാലത്ത് ഒരു നടപടിയും പാടില്ലെന്ന കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശം നിലനില്‍ക്കെ, അതെല്ലാം കാറ്റില്‍ പറത്തിയാണ് തനിക്കെതിരെ പ്രമേയം പാസ്സാക്കി പരസ്യപ്പെടുത്തിയത്. ഏതെങ്കിലും പത്രവാര്‍ത്തയുടെ പേരില്‍ ശാസിക്കുന്നതും നടപടിയെടുക്കുന്നതും പ്രമേയം പാസ്സാക്കുന്നതും ആദ്യ സംഭവമാണ്. എനിക്ക് ഒരു സ്ഥാനമാനങ്ങളുടെയും ആവശ്യമില്ല. എന്നെ ഒറ്റപ്പെടുത്തി ആക്രമിക്കുന്നത് നിങ്ങള്‍ കാണുന്നില്ലേ? താന്‍ ഉയര്‍ത്തിയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കിയില്ലെങ്കില്‍ എല്ലാം ജനങ്ങളോട് തുറന്നു പറയേണ്ടി വരുമെന്നും കാരാട്ടിനെ വി എസ് അറിയിച്ചു.

vs house 2

കണ്ണൂരില്‍ നിന്നുള്ള എന്‍ ചന്ദ്രന്‍ സംസാരിച്ചതിന് പിന്നാലെയാണ് വി എസ് സമ്മേളനവേദി വിട്ടത്. ചന്ദ്രന്‍ ഉള്‍പ്പെടെ അതുവരെ സംസാരിച്ച ആറ് പേരും വി എസിനെതിരെ രൂക്ഷമായ വിമര്‍ശമാണ് നടത്തിയത്. സമ്മേളനവേദി വിട്ട് വീട്ടിലെത്തിയതോടെ തന്നെ തന്റെ വിശ്വസ്തരില്‍ ചിലരോട് ആലപ്പുഴയിലേക്ക് വരാന്‍ നിര്‍ദേശിച്ചു. ഇതോടെയാണ് പിരിമുറുക്കം കൂടിയത്. പ്രതിഷേധിച്ച് വി എസ് വീട്ടിലെത്തിയെന്ന വാര്‍ത്തകള്‍ വന്നതോടെ വീട്ടിന് മുന്നില്‍ നിരവധിയാളുകള്‍ തടിച്ചുകൂടി. വി എസ് അനുകൂല മുദ്രാവാക്യം വിളിച്ച പ്രവര്‍ത്തകര്‍ സംസ്ഥാന നേതൃത്വത്തെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു.
വി എസ് പാര്‍ട്ടിക്ക് പുറത്തേക്ക് പോകുമെന്ന സൂചനകള്‍ മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ കേന്ദ്ര നേതൃത്വം വിഷയത്തില്‍ ഇടപെട്ടു. വി എസിനെ ഫോണില്‍ വിളിച്ച സീതാറാം യെച്ചൂരി സമ്മേളനത്തിലേക്ക് തിരിച്ചുവരണമെന്ന് ആവശ്യപ്പെട്ടു. താന്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ക്ക് പരിഹാരം വേണമെന്നായിരുന്നു വി എസിന്റെ മറുപടി. തന്നെ രൂക്ഷമായി വിമര്‍ശിക്കുന്ന പ്രമേയം പിന്‍വലിക്കണമെന്നും ടി പി കേസില്‍ ശിക്ഷിക്കപ്പെട്ട മുഴുവന്‍ പേര്‍ക്കെതിരെയും നടപടി വേണമെന്നും വി എസ് ആവശ്യപ്പെട്ടെന്നാണ് സൂചന. പ്രശ്‌നങ്ങള്‍ പി ബി പരിശോധിക്കാമെന്ന മറുപടി മാത്രമാണ് യെച്ചൂരിക്ക് നല്‍കാന്‍ കഴിഞ്ഞത്.
പ്രതിനിധി സമ്മേളനം ഉച്ചഭക്ഷണത്തിന് പിരിഞ്ഞപ്പോള്‍ പി ബി അംഗങ്ങള്‍ ആശയവിനിമയം നടത്തി പ്രശ്‌നപരിഹാരം വേണമെന്ന ധാരണയിലെത്തി. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ തന്നെ വി എസിന്റെ വിശ്വസ്തരായി അറിയപ്പെടുന്ന ചന്ദ്രന്‍ പിള്ളയോടും എസ് ശര്‍മയോടും വി എസുമായി സംസാരിക്കാന്‍ നിര്‍ദേശിച്ചു. ഇന്നലെ രാത്രി സമ്മേളന നടപടികള്‍ അവസാനിച്ച ശേഷം വി എസിന്റ വീട്ടിലെത്തിയ ഇരുവരും വി എസുമായി ആശയവിനിമയം നടത്തി. വിട്ടുവീഴ്ചയ്ക്കില്ലെന്നും തനിക്കെതിരെ പാസ്സാക്കിയ പ്രമേയം മരവിപ്പിക്കണമെന്നും പ്രമേയം പരസ്യപ്പെടുത്തിയവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും വി എസ് കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടു.
ഇന്ന് ഉച്ചക്ക് ശേഷം പി ബി അംഗങ്ങളുടെ സാന്നിധ്യത്തില്‍ സംസ്ഥാന സെക്രട്ടേറിയറ്റ് ചേരുന്നുണ്ട്.

Latest