Connect with us

Ongoing News

അധ്യാപക പാക്കേജിലെ അപാകതകള്‍ പരിഹരിക്കും- മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയ അധ്യാപക പാക്കേജില്‍ എന്തെങ്കിലും അപാകതകളുണ്ടെന്ന് ആരെങ്കിലും ചൂണ്ടിക്കാട്ടിയില്‍ അതു പരിഹരിക്കുന്നതിനുള്ള നടപടികളെടുക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കെ പി എസ് ടി യു സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന ട്രേഡ് യൂണിയന്‍ സുഹൃത് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസ മേഖലയിലെ വിവിധ ഘടകങ്ങളുമായി ചര്‍ച്ച ചെയ്താണ് അധ്യാപക പാക്കേജ് തയ്യാറാക്കിയത്. അധ്യാപകരടക്കമുള്ളവരുടെ പരാതികള്‍ ഒരു പരിധിവരെ പരിഹരിക്കുകയെന്ന ലക്ഷ്യമാണ് സര്‍ക്കാര്‍ ഇതിലൂടെ കണ്ടത്. എന്നാല്‍ പരാതികളുള്ള ചിലര്‍ കോടതിയില്‍ പോവുകയായിരുന്നു. ഇവരുമായി തുറന്ന മനസോടെ ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാണ്. അതിനായി എല്ലാവരും സഹകരിക്കണം. അധ്യാപക പാക്കേജിന്റെ കാര്യത്തില്‍ ആര്‍ക്കും ആശങ്ക വേണ്ട. സ്വകാര്യ വിദ്യാഭ്യാസ മേഖലയില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണണമെന്നതാണ് സര്‍ക്കാരിന്റെ ഉദ്ദേശം. തിരുത്തലുകള്‍ എവിടെയൊക്കെയാണ് നടത്തേണ്ടതെന്ന് പരിശോധിച്ച് പരിഹരിക്കും.
റിസോഴ്‌സ് ടീച്ചേഴ്‌സിന്റെ സേവനം എല്ലാ സ്‌കൂളുകളിലെത്തിക്കുന്നതിനും അവരുടെ സേവന വേതന വ്യവസ്ഥകളിലെ പരാതികല്‍ പരിഹരിക്കുന്നതിനും സര്‍ക്കാര്‍ മുന്‍ഗണന നല്‍കും.
സര്‍ക്കാര്‍ സ്‌കൂള്‍ മേഖലകളിലും പ്രശ്‌നങ്ങള്‍ക്കും നിലനില്‍ക്കുന്നുണ്ടെന്നും അവ പരിഹരിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Latest