Connect with us

Kannur

സി പി ഐ സമ്മേളനം: തര്‍ക്കമോ വിവാദമോ പാടില്ലെന്ന് കേന്ദ്രത്തിന്റെ ശാസനം

Published

|

Last Updated

കണ്ണൂര്‍; സംസ്ഥാന സമ്മേളനത്തില്‍ തര്‍ക്കങ്ങളോ വിവാദങ്ങളോ പാടില്ലെന്ന് സി പി ഐ സംസ്ഥാന ഘടകത്തിന് ദേശീയ നേതൃത്വത്തിന്റെ മുന്നറിയിപ്പ്. പാര്‍ട്ടിക്ക് കാര്യമായി വേരോട്ടമുള്ള കേരളത്തിലെ സമ്മേളനം തുടങ്ങുന്നതിന് മുമ്പ് ഇതാദ്യമായാണ് സി പി ഐയുടെ ദേശീയ നേതൃത്വം സംസ്ഥാന സമ്മേളന നടത്തിപ്പിന് മുന്നോടിയായുള്ള ദേശീയ എക്‌സിക്യൂട്ടിവ് യോഗത്തില്‍ സംസ്ഥാന നേതാക്കള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയത്്. കഴിഞ്ഞ സംസ്ഥാന സമ്മേളനത്തില്‍ സെക്രട്ടറി സ്ഥാനത്തെച്ചൊല്ലിയുണ്ടായ തര്‍ക്കങ്ങള്‍ ഈ കാലയളവില്‍ പാര്‍ട്ടിക്ക് ഏറെ അവമതിപ്പുണ്ടാക്കിയെന്ന ദേശീയ സമിതിയുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന നേതാക്കളോട് ദേശീയ സെക്രട്ടറിയുള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളുടെ ഉപദേശം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രത്തില്‍ ഒരിക്കലും ഉണ്ടാകാനിട വരാത്ത സംഭവങ്ങളാണ് കഴിഞ്ഞ സമ്മേളന കാലത്ത് സെക്രട്ടറി സ്ഥാനത്തെച്ചൊല്ലിയുണ്ടായതെന്നും അത് അണികളുള്‍പ്പടെയുള്ളവര്‍ക്ക് പാര്‍ട്ടിയോടുള്ള വിശ്വാസക്കുറവിന് വരെ ഇടവരുത്തിയെന്നും ദേശീയ നേതാക്കള്‍ വിമര്‍ശിച്ചു. സമ്മേളനത്തിന് ശേഷവും പിന്നീടും മാധ്യമങ്ങള്‍ക്കുള്‍പ്പെടെ വിഭാഗീയതയുടെ പേരില്‍ പാര്‍ട്ടിയെ നിരന്തരം വിമര്‍ശിക്കാന്‍ അന്നത്തെ തര്‍ക്കം ഇടയാക്കിയെന്നും നേതൃത്വം കുറ്റപ്പെടുത്തി. ഈയൊരു സാഹചര്യത്തില്‍ ഇത്തവണ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരം ഉണ്ടാകാന്‍ പാടില്ലെന്ന നിര്‍ദേശവും നേതാക്കള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. അതേസമയം, രണ്ടാമൂഴത്തിനില്ലെന്നു നിലവിലെ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ വ്യക്തമാക്കിയ സാഹചര്യത്തില്‍ ദേശീയ സെക്രട്ടേറിയറ്റംഗം കാനം രാജേന്ദ്രനാണ് പുതിയ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടാന്‍ സാധ്യത. മറ്റൊരു ദേശീയ സെക്രട്ടേറിയറ്റംഗം കെ ഇ ഇസ്മാഈലും സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നുണ്ടെങ്കിലും മത്സരിക്കാന്‍ താനില്ലെന്ന് കഴിഞ്ഞ ദിവസം ഇസ്മാഈല്‍ ദേശീയ നേതൃത്വത്തെ അറിയിച്ചതായാണ് സൂചന. അതുകൊണ്ട് തന്നെ ഇക്കുറി ദേശീയ നേതൃത്വം അവതരിപ്പിക്കുന്ന പാനലിന് അംഗീകാരം നല്‍കുക മാത്രമായി സെക്രട്ടറി സ്ഥാനത്തെക്കുറിച്ചുള്ള ചര്‍ച്ച ഒതുങ്ങിയേക്കുമെന്നാണ് സൂചന. സമ്മേളനം തുടങ്ങുന്ന ആദ്യ ദിവസം കോട്ടയത്ത് അടിയന്തര ദേശീയ എക്‌സിക്യൂട്ടിവ് ചേര്‍ന്ന് മറ്റു കാര്യങ്ങള്‍ വിലയിരുത്തുകയും ചെയ്യും. ദേശീയ സെക്രട്ടറി സുധാകര്‍ റെഡ്ഢി, മുതിര്‍ന്ന നേതാവ് എ ബി ബര്‍ധന്‍ എന്നിവരാണ് തിരഞ്ഞെടുപ്പ് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ക്ക് നേതൃത്വം നല്‍കുക. അതേസമയം, ഈ മാസം 24, 25 തീയതികളില്‍ ചേരുന്ന നേതൃയോഗങ്ങളില്‍ സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിക്കാനുള്ള പ്രവര്‍ത്തന റിപ്പോര്‍ട്ടിന് അന്തിമരൂപം നല്‍കും. പേമെന്റ് സീറ്റ് വിവാദത്തേത്തുടര്‍ന്ന് നടപടി നേരിട്ടെങ്കിലും നിയമസഭാകക്ഷി നേതാവ് സി ദിവാകരന്‍ സംസ്ഥാന സമ്മേളനത്തോടെ പാര്‍ട്ടി നേതൃത്വത്തില്‍ മുന്‍നിരയിലെത്തിയേക്കുമെന്നും സൂചനയുണ്ട്. ഫെബ്രുവരി 26 മുതല്‍ മാര്‍ച്ച് രണ്ട് വരെ കോട്ടയത്താണ് സംസ്ഥാന സമ്മേളനം നടക്കുക.

 

Latest