Connect with us

Alappuzha

സി പി എം പ്രവര്‍ത്തന റിപ്പോര്‍ട്ട്: ബി ജെ പിയുടെ വളര്‍ച്ചയും തിരഞ്ഞെടുപ്പ് തോല്‍വിയും ഗൗരവതരം

Published

|

Last Updated

ആലപ്പുഴ:ബി ജെ പിയുടെ കേരളത്തിലെ വളര്‍ച്ച ഗൗരവമായി പരിശോധിക്കണമെന്ന് സി പി എം സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ സ്വയം വിമര്‍ശം. ലോക്‌സഭാതിരഞ്ഞെടുപ്പിലെ തോല്‍വി ആഴത്തിലുള്ള പരിശോധനക്ക് വിധേയമാക്കണമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ദേശീയ തലത്തില്‍ ബി ജെ പിക്കുണ്ടായ അനുകൂല തരംഗത്തിലൂടെ കേരളത്തിലും അവര്‍ നേട്ടമുണ്ടാക്കിയെന്നാണ് റിപ്പോര്‍ട്ടിലെ വിലയിരുത്തല്‍. കൊല്ലത്ത് എം എ ബേബിയുടെ തോല്‍വി ഗൗരവമായി പരിശോധിക്കേണ്ടതുണ്ട്. ജനങ്ങള്‍ക്കിടയില്‍ സ്വാധീനമുണ്ടായിട്ടും തിരഞ്ഞെടുപ്പില്‍ പിന്നാക്കം പോയി. കൊല്ലത്ത് കാര്യമായ വോട്ട് ചോര്‍ച്ചയുണ്ടായി. പത്തനംതിട്ടയിലെ പാര്‍ട്ടി വോട്ടുകള്‍ സമാഹരിക്കാന്‍ കഴിഞ്ഞോയെന്ന് പരിശോധിക്കണം.

തൃശൂരില്‍ സഭയും യു ഡി എഫും തമ്മിലുള്ള തര്‍ക്കം ഗുണം ചെയ്തു. കാസര്‍കോട് ബി ജെ പിക്കും കോണ്‍ഗ്രസിനും വോട്ട് കൂടിയപ്പോള്‍ പാര്‍ട്ടിക്ക് കുറഞ്ഞു. കോട്ടയത്ത് വൈക്കം മേഖലയില്‍ കാര്യമായ പ്രശ്‌നങ്ങളുണ്ട്. കമ്യൂണിസ്റ്റ് മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കാന്‍ കഴിയാത്തവര്‍ പാര്‍ട്ടിയില്‍ ഇപ്പോഴുമുണ്ട്. ബ്രാഞ്ച് പ്രവര്‍ത്തനത്തില്‍ എല്ലാ ബ്രാഞ്ചുകളും ഒരുപോലെ പ്രവര്‍ത്തിക്കുന്നില്ല. എല്ലാ മെമ്പര്‍മാരും ഒരുപോലെ പ്രവര്‍ത്തിക്കുന്നില്ല. ഇത് പാര്‍ട്ടിയുടെ ദൗര്‍ബല്യമാണ്. ചിലരെ ഒഴിവാക്കേണ്ടി വന്നിട്ടുണ്ട്. പാര്‍ട്ടിയുടെ ഇന്നത്തെ രീതിയില്‍ മാറ്റം വരുത്തണം. അണികള്‍ക്ക് രാഷ്ട്രീയ സംഘടനാ വിദ്യാഭ്യാസം കൊണ്ടുവരണം. പാര്‍ട്ടി ബ്രാഞ്ചുകള്‍ മാസത്തില്‍ മൂന്നുതവണ ചേരണം. ഇതില്‍ ഒരു യോഗം ഏര്യാ കമ്മിറ്റി മെമ്പര്‍റുടെ സാന്നിധ്യത്തില്‍ രാഷ്ട്രീയ സംഘടനാ ചര്‍ച്ചകള്‍ നടത്തണം. ഇടത്തരം കുടുംബങ്ങളില്‍ പാര്‍ട്ടീ സ്വാധീനം വര്‍ധിപ്പിക്കണം. അതിനായി റെസിഡന്‍ശ് അസോസിയേഷനുകളുമായി സഹകരിച്ച് പ്രവര്‍ത്തിക്കണം. പ്രാദേശിക പ്രശ്‌നങ്ങള്‍ ഏറ്റെടുത്തു സമരം നടത്തണം. പാര്‍ട്ടി മുഴുവന്‍ സമയ പ്രവര്‍ത്തകര്‍ 3198 പേരാണ്. ഇവര്‍ക്ക് പ്രതിമാസ അലവന്‍സ് കൃത്യമായി നല്‍കുന്നില്ല. ഇത് കാര്യക്ഷമമാക്കണം. അടിയന്തിരാവസ്ഥയ്ക്കു ശേഷം പാര്‍ട്ടിയിലേക്ക് 92 ശതമാനം മെമ്പര്‍മാര്‍ വന്നിട്ടുണ്ട്. മൂന്നു വര്‍ഷം കൊണ്ട് പാര്‍ട്ടി അംഗങ്ങലുടെ എണ്ണം മൂന്നര ലക്ഷത്തില്‍ നിന്നും നാലര ലക്ഷമായി വര്‍ധിച്ചു. ബ്രാഞ്ചുകളുടെ എണ്ണം 28, 525ല്‍ നിന്ന് 29841 ആയും, ലോക്കല്‍ കമ്മിറ്റികളുടേത് 1978ല്‍ നിന്ന് 2076 ആയും, ഏര്യാ കമ്മിറ്റികള്‍ 202ല്‍ നിന്നു 206 ആയും വര്‍ധിച്ചു. വര്‍ഗബഹുജന സംഘടനകളിലും വര്‍ധനയുണ്ടായിട്ടുണ്ട്. ട്രേഡ്യൂനിയനില്‍ 13, 27621ല്‍ നിന്ന് 15, 10795 ആയി വര്‍ധിച്ചുവെന്നും റിപ്പോര്‍ട്ട് വിലയിരുത്തുന്നു. ഇന്ന് രാവിലെ പത്തു മുതല്‍ ചര്‍ച്ച ആരംഭിക്കും. പ്രതിനിധികള്‍ക്ക് ഒമ്പതേ മുക്കാല്‍ മണിക്കൂറാണ് ചര്‍ച്ചക്കായി നല്‍കിയിരിക്കുന്നത്. 22ന് ഉച്ചയോടെ സെക്രട്ടറി മറുപടി പറയും. വി എസ് അച്യുതാനന്ദന്‍ പതാക ഉയര്‍ത്തിയതോടെ തുടക്കം കുറിച്ച സമ്മേളനം ദേശീയ ജനറല്‍സെക്രട്ടറി പ്രകാശ് കാരാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്തു.ജനകീയ പ്രശ്‌നങ്ങളില്‍ സി പി എം കൂടുതല്‍ ഇടപെടണമെന്നും പാര്‍ട്ടിക്ക് ഏറ്റവുമധികം അടിത്തറയുള്ള കേരളത്തില്‍ ഇതിന് തുടക്കം കുറിക്കണമെന്നും കാരാട്ട് പറഞ്ഞു. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ സംഘാടകസമിതി ജനറല്‍സെക്രട്ടറി ജി സുധാകരന്‍ എം എല്‍ എ പി ബി അംഗം കോടിയേരി ബാലകൃഷ്ണന്‍ കോടിയേരി ബാലകൃഷ്ണന്‍, കെ ജെ തോമസ്, കെ രാധാകൃഷ്ണന്‍ എം എല്‍ എ, കെ സലീഖ എം എല്‍ എ, എം സ്വരാജ് എന്നിവരടങ്ങുന്ന സമിതിയാണ് സമ്മേളനം നിയന്ത്രിക്കുന്നത്.