Connect with us

Alappuzha

കേരളം ഭരിക്കുന്നത് കുംഭകോണങ്ങളുടെ സര്‍ക്കാര്‍- കാരാട്ട്

Published

|

Last Updated

ആലപ്പുഴ: കേരളം ഭരിക്കുന്നത് അഴിമതിയുടെയും കുംഭകോണങ്ങളുടെയും സര്‍ക്കാറാണെന്ന് സി പി എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. അടിമുടി അഴിമതിയാണ് നിഴലിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ തീരുമാനിക്കുന്നത് ആര്‍ എസ് എസിന്റെ ഹിന്ദുത്വ അജണ്ടകളാണ്. കേരളത്തില്‍ ഇത്രമാത്രം ജനവിശ്വാസം നഷ്ടപ്പെട്ട സര്‍ക്കാര്‍ മുമ്പ് കേരളം ഭരിച്ചിട്ടില്ല. ഇടതുപക്ഷത്തിന്റെ ബദല്‍ രാഷ്ട്രീയവും വികസന കാഴ്ച്ചപാടുമാണ് കേരളത്തിന് വേണ്ടത്. ഇതിനായി മുന്നണിയെ ശക്തിപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 21-ാം പാര്‍ട്ടികോണ്‍ഗ്രസിന്റെ ഭാഗമായുള്ള സി പി എം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കാരാട്ട്.
അധികാരത്തിലെത്തി ഒമ്പത് മാസം പിന്നിട്ട ബി ജെ പി സര്‍ക്കാര്‍ വലതുപക്ഷ ആക്രമണം നടത്തുകയാണ്. കോര്‍പറേറ്റ് നവഉദാരവത്കരണം ഒരു വശത്തും ആര്‍ എസ് എസിന്റെ ഹിന്ദുത്വ അജണ്ട മറുവശത്തും നടപ്പാക്കാന്‍ ശ്രമിക്കുകയാണ്. പാര്‍ലിമെന്റിനെ നോക്ക് കുത്തിയാക്കി ഓര്‍ഡിനന്‍സുകള്‍ ഇറക്കുന്നു. ഇന്‍ഷ്വറന്‍സ് മേഖലയിലെ വിദേശ നിക്ഷേപവും കല്‍ക്കരി മേഖലയിലെ സ്വകാര്യവത്കരണവും കേന്ദ്രസര്‍ക്കാറിന്റെ വലതുപക്ഷ സ്വഭാവം വ്യക്തമാക്കുന്നതാണ്. തിരഞ്ഞെടുപ്പ് വേളയില്‍ കള്ളപണക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പറഞ്ഞവര്‍ അധികാരത്തിലെത്തിയപ്പോള്‍ അത് വിഴുങ്ങി. വന്‍കിട മുതലാളിമാരുമായുള്ള ചങ്ങാത്തതിന്റെ ഉദാഹരണമാണിത്.
ആരോഗ്യസുരക്ഷാ ചെലവ് വലിയതോതില്‍ വെട്ടികുറക്കുകയാണ്. ലൗജിഹാദിന്റെ പേര് പറഞ്ഞ് ന്യൂനപക്ഷങ്ങളെ വേട്ടയാടുന്ന ആര്‍ എസ് എസ് ഘര്‍വാപസിയുമായി ഇറങ്ങി ഹിന്ദുത്വ അജണ്ട നടപ്പാക്കുകയാണ്. അഭിപ്രായ സ്വാതന്ത്ര്യം തീരുമാനിക്കുന്നത് പോലും ആര്‍ എസ് എസാണ്. തമിഴ്‌നാടില്‍ എഴുത്തുകാരനായ പെരുമാള്‍ മുരുകന് ഭീഷണി മൂലം തന്റെ രചന തന്നെ നിര്‍ത്തേണ്ടി വന്നു.
ഭൂ ഉടമകളുടേയും കര്‍ഷകരുടേയും അവകാശങ്ങള്‍ ഹനിക്കും വിധമാണ് ഭൂമി ഏറ്റെടുക്കല്‍ നിയമത്തില്‍ ഭേദഗതി വരുത്തിയത്. പ്രതിപക്ഷം ഐക്യത്തോടെ നിന്നാല്‍ രാജ്യസഭയില്‍ ഈ നിയമം ചെറുത്ത് തോല്‍പ്പിക്കാന്‍ കഴിയും. വിശാലമായ ഇടത് ഐക്യമാണ് ഇതിന് വേണ്ടത്. നവഉദാരവത്കരണ നയങ്ങള്‍ പ്രതിരോധിക്കാന്‍ ഇത് കൊണ്ട് മാത്രമേ കഴിയൂവെന്നും കാരാട്ട് പറഞ്ഞു.

Latest