Connect with us

Alappuzha

'വിജയനെ തകര്‍ക്കാന്‍ വിജയനെ കഴിയൂ' വി എസിനെതിരെ ആഞ്ഞടിച്ച് പിണറായി

Published

|

Last Updated

ആലപ്പുഴ; പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദനെതിരെ വീണ്ടും ആഞ്ഞടിച്ച് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. സംസ്ഥാന സമ്മേളനത്തില്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കുമ്പോഴാണ് വി എസിനെ രൂക്ഷമായി വിമര്‍ശിച്ചത്. അവതരണത്തിനിടെ വികാരഭരിതനായി സംസാരിച്ച പിണറായി, വി എസിനെതിരായ കുറ്റപത്രം തന്നെയാണ് സമ്മേളനത്തില്‍ നല്‍കിയത്. പലഘട്ടങ്ങളിലും വി എസ് തന്നെ തകര്‍ക്കാന്‍ ശ്രമിച്ചു. ആദ്യം തന്നെ അഴിമതിക്കാരനാക്കാനാണ് നോക്കിയത്, ഇപ്പോള്‍ കൊലപാതകിയാക്കാനാണ് ശ്രമം-പിണറായി തുറന്നടിച്ചു. സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിന്റെ 162 മുതല്‍ 202 വരെയുള്ള പേജുകള്‍ പൂര്‍ണമായി വി എസിനെതിരായ കുറ്റപത്രമാണ്. വി എസ് മുഖ്യമന്ത്രിയായിരിക്കെ നടത്തിയ ഇടപെടലുകളും പാര്‍ട്ടി അച്ചടക്കലംഘനവും ഒരുപോലെ റിപ്പോര്‍ട്ടില്‍ പ്രതിപാദിക്കുന്നുണ്ട്. മുഖ്യമന്ത്രിയായിരിക്കെയെടുത്ത ചില തീരുമാനങ്ങളില്‍ പരോക്ഷമായി അഴിമതിയുടെ സൂചനകള്‍ പോലും റിപ്പോര്‍ട്ടിലുണ്ട്.

എല്ലാം തുറന്ന് പറയാനുള്ള അവസാന അവസരം എന്ന ആമുഖത്തോടെയാണ് വി എസിനെതിരായ കുറ്റപത്രം അവതരിപ്പിച്ചത്. ഇപ്പോള്‍ ഇതുപറഞ്ഞില്ലെങ്കില്‍ പിന്നെ എപ്പോള്‍ പറയും. വിജയനെ തകര്‍ക്കാന്‍ വിജയന് മാത്രമേ കഴിയൂ. തെറ്റ് ചെയ്യാത്തതിനാല്‍ ഒന്നിനെയും ഭയപ്പെടുന്നില്ലെന്നും പിണറായി പറഞ്ഞു. പാര്‍ട്ടി ശത്രുക്കളുടെ കയ്യിലെ കളിപാവയായി വി എസ് മാറി. യു ഡി എഫിനെ വെള്ളപൂശാനാണ് വി എസ് ശ്രമിച്ചത്. പാര്‍ട്ടിയെയും നേതാക്കളെയും വര്‍ഗശത്രുക്കള്‍ക്കൊപ്പം നിന്ന് വേട്ടയാടി.
ചന്ദ്രശേഖരന്‍ കൊലക്കേസില്‍ ബന്ധമില്ലെന്ന് പാര്‍ട്ടി നിലപാട് വ്യക്തമാക്കിയിരുന്നു. ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ അത് വിജയന്റെ അഭിപ്രായമാണെന്നാണ് വി എസ് പ്രതികരിച്ചത്. ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ പാര്‍ട്ടിയെ പ്രതികൂട്ടില്‍ നിര്‍ത്തി തകര്‍ക്കാനായിരുന്നു ശ്രമം. ഒഞ്ചിയത്ത് പാര്‍ട്ടിയില്‍ നിന്ന് വിഘടിച്ച് പോയവര്‍ തങ്ങളുടെ നേതാവ് വി എസ് ആണെന്നാണ് പ്രചരിപ്പിച്ചത്. ഈ ഘട്ടത്തില്‍ പാര്‍ട്ടിയെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി അവിടെയൊരു പൊതുയോഗത്തില്‍ പങ്കെടുക്കണമെന്ന് വി എസിനോട് ആവശ്യപ്പെട്ടപ്പോള്‍ ആദ്യം തയ്യാറായില്ല. പിന്നീട് സംസ്ഥാന നേതൃത്വം ഇടപെട്ട് അവിടെ പോയെങ്കിലും വിമതര്‍ക്കെതിരെ ഒരു നിലപാട് സ്വീകരിക്കാതെയാണ് വി എസ് പ്രസംഗിച്ചത്. നെയ്യാറ്റിന്‍കരയിലെ ഉപതിരഞ്ഞെടുപ്പ് ദിവസം തന്നെ ചന്ദ്രശേഖരന്റെ വീട് സന്ദര്‍ശിച്ച് കടുത്ത അച്ചടക്കലംഘനമാണ് നടത്തിയത്. ചന്ദ്രശേഖരന്റെ വീട്ടിലേക്ക് പോകുന്ന വഴിയിലുള്ള പാര്‍ട്ടി ഓഫീസോ പ്രവര്‍ത്തകരുടെ വീടോ സന്ദര്‍ശിക്കാന്‍ തയ്യാറായതുമില്ല. ആര്‍ എം പിക്കാരുടെ അക്രമത്തിന് ഇരയായി കഴിയുന്ന സഖാക്കളില്‍ ഇത് വേദനയുണ്ടാക്കി. ഇക്കാര്യം തെറ്റായി പോയെന്ന് കേന്ദ്രകമ്മറ്റിയില്‍ വി എസ് തന്നെ സ്വയംവിമര്‍ശം നടത്തി.
ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയന്‍ എട്ടാം പ്രതിയാണെന്നാണ് വി എസ് പറഞ്ഞത്. പിണറായി വിജയന് വേണ്ടി ഹാജരായ അഭിഭാഷകനെ പോലും അപമാനിക്കാന്‍ ശ്രമിച്ചു. ദല്ലാള്‍ നന്ദകുമാറുമായി ചേര്‍ന്ന് ഈ കേസില്‍ വി എസ് ഗൂഢാലോചന നടത്തിയെന്ന് പി കരുണാകരന്‍ കമ്മറ്റി കണ്ടെത്തിയിട്ടുണ്ട്. ദല്ലാള്‍ നന്ദകുമാറിനൊപ്പം വി എസ് യാത്രനടത്തിയതിന് തെളിവുണ്ട്. വി എസിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എസ് രാജേന്ദ്രന്‍ തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.
നമോവിചാര്‍ മഞ്ച് പ്രവര്‍ത്തകര്‍ സഹകരിക്കാന്‍ സന്നദ്ധരായപ്പോള്‍ അവര്‍ മോഡിയുടെ ആളുകളാണെന്ന് പറഞ്ഞ് അപമാനിച്ചു. കൂടംകുളം വിഷയത്തില്‍ പാര്‍ട്ടി ഒരു നിലപാടെടുത്തപ്പോള്‍ അതിനെതിരെ പരസ്യമായി വി എസ് രംഗത്തുവന്നു. കൂടംകുളം സന്ദര്‍ശിക്കരുതെന്ന് ജനറല്‍സെക്രട്ടറി നേരിട്ട് ആവശ്യപ്പെട്ടിട്ടും വഴങ്ങിയില്ല. കളിയിക്കാവിളയെത്തിപ്പോള്‍ ഒരു ഡി വൈ എസ് പി പറഞ്ഞത് അനുസരിച്ച് മടങ്ങേണ്ടി വന്നു. ജനറല്‍സെക്രട്ടറിയുടെ ബുദ്ധികേടെന്നാണ് കൂടംകുളം വിഷയത്തിലെ പാര്‍ട്ടി നിലപാടിനെ വി എസ് വിമര്‍ശിച്ചത്. കൃഷ്ണപിള്ള സ്മാരകം തകര്‍ത്തവരുമായും വി എസിന് അടുപ്പമുണ്ട്.
മുഖ്യമന്ത്രിയായിരിക്കെ ടി സി എസിന് 50 ഏക്കര്‍ ഭൂമി നല്‍കിയത് പാര്‍ട്ടിയുമായി ആലോചിക്കാതെയാണ്. മോട്ടോര്‍ വാഹന വകുപ്പില്‍ നമ്പര്‍പ്ലേറ്റ് പരിഷ്‌കരണ പദ്ധതി മന്ത്രിസഭായോഗത്തില്‍ ഔട്ട് ഓഫ് അജന്‍ഡയായി കൊണ്ടുവന്നതും പാര്‍ട്ടിയുമായി ആലോചിക്കാതെയാണെന്നും റിപ്പോര്‍ട്ടിലുണ്ട്.

Latest