ഫേസ്ബുക്കിലും താരമായി കോഹ്‌ലി

Posted on: February 21, 2015 2:41 am | Last updated: February 22, 2015 at 2:59 pm

ന്യൂഡല്‍ഹി: ഫേസ്ബുക്കില്‍ ഏറ്റവും കൂടുതല്‍ പേര്‍ പിന്തുടരുന്ന ഇന്ത്യന്‍ കായികതാരങ്ങളില്‍ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ വിരാട് കോഹ്‌ലിക്ക് രണ്ടാം സ്ഥാനം. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കറാണ് ഒന്നാമത്. ഇരുപത്താറുകാരനായ കോഹ്‌ലിയെ പിന്തുടരുന്നവര്‍ രണ്ട് കോടിയിലധികമാണ്. ലോകകപ്പില്‍ പാക്കിസ്ഥാനെതിരെ നേടിയ സെഞ്ച്വറി പ്രകടനം കോഹ്‌ലിയുടെ പിന്തുടരുന്നവരുടെ എണ്ണം വര്‍ധിപ്പിച്ചിട്ടുണ്ട്. 20,002,000 ആളുകളാണ് ഫേസ്ബുക്കില്‍ കോഹ്‌ലിയെ ഇഷ്ടപ്പെടുന്നത്. 24,775,138 പേരാണ് സച്ചിന്റെ ആരാധകര്‍. ആഗോള തലത്തില്‍ ഇക്കാര്യത്തില്‍ കോഹ്‌ലി പതിനേഴാമതും സച്ചിന്‍ പതിമൂന്നാമതുമാണ്. ഫുട്‌ബോളര്‍ ക്രിസ്റ്റ്യാനോ റോണാള്‍ഡോയാണ് പട്ടികയില്‍ നമ്പര്‍ വണ്‍. 107 കോടി മില്ല്യന്‍ ആളുകളാണ് റൊണാള്‍ഡോയെ പിന്തുടരുന്നത്. ലയണല്‍ മെസ്സി 78 മില്ല്യന്‍ പിന്തുടര്‍ച്ചക്കാരുമായി രണ്ടാമതാണ്. ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ പിന്തുടരുന്ന ക്രിക്കറ്റ് താരമെന്ന നേട്ടം സച്ചിനെ പിന്തള്ളി അടുത്തിടെ കോഹ്‌ലി സ്വന്തമാക്കിയിരുന്നു.