Connect with us

Editorial

ഒഴിവായ കുതിരക്കച്ചവടം

Published

|

Last Updated

ബീഹാര്‍ മുഖ്യമന്ത്രി ജിതന്‍ റാം മഞ്ജിയുടെ രാജിയോടെ സംസ്ഥാനത്തെ രാഷ്ടീയ കുതിരക്കച്ചവടത്തിന് വിരാമമായെന്ന് ആശ്വസിക്കാം. ഇന്നലെ അദ്ദേഹം വിശ്വാസവോട്ടെടുപ്പ് തേടാനിരിക്കെ നിയമസഭ ചേരുന്നതിന് തൊട്ടുമുമ്പാണ് ഗവര്‍ണര്‍ കെ എന്‍ ത്രിപാഠിയെ നേരില്‍ കണ്ട് രാജിക്കത്ത് നല്‍കിയത്. 233 അംഗ നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ആവശ്യമായ 117 എം എല്‍ എമാരുടെ പിന്തുണ ഉറപ്പാക്കാന്‍ നടത്തിയ കരുനീക്കങ്ങളെല്ലാം പാളുകയും വിശ്വാസ വോട്ടെടുപ്പില്‍ പരാജയം ഉറപ്പാകുകയും ചെയ്ത സാഹചര്യത്തിലാണ് മഞ്ജിരാജിക്ക് നിര്‍ബന്ധിതനായത്.
കഴിഞ്ഞ കുറേ ദിവസങ്ങളായി സംസ്ഥാനത്ത് നടന്നുവരുന്ന രാഷ്ട്രീയ കുതിരക്കച്ചവടത്തിനേറ്റ ഈ തിരിച്ചടി മഞ്ജിയേക്കാളേറെ ക്ഷീണമുണ്ടാക്കുന്നത് ബി ജെ പിക്കാണ്. നേരത്തെ ജെ ഡി യു-ബി ജെ പി സഖ്യം ഭരിച്ചിരുന്ന ബീഹാറില്‍ രണ്ട് വര്‍ഷം മുമ്പ് ഈ ബന്ധം പിരിഞ്ഞതോടെ ബി ജെ പിയുടെ കണ്ണിലെ കരടായിരുന്നു നിതീഷ് കുമാര്‍. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കിയതിനെ തുടര്‍ന്ന് ബി ജെ പിക്കും മോദിക്കുമെതിരെ അദ്ദേഹം നടത്തിയ രൂക്ഷ വിമര്‍ശം പാര്‍ട്ടിയെ വല്ലാതെ അസ്വസ്ഥമാക്കിയിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ജെ ഡി യുവിനുണ്ടായ കനത്ത പരാജയത്തിന്റെ ധാര്‍മിക ഉത്തരവാദിത്തമേറ്റെടുത്ത് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച നിതീഷിനെ തിരിച്ചുകൊണ്ടുവരാനുള്ള തീരുമാനത്തോടെ പാര്‍ട്ടിയില്‍ ഉടലെടുത്ത പ്രതിന്ധി, നിതീഷിനോട് കണക്കുതീര്‍ക്കാനുള്ള അവസരമായി ഉപയോഗപ്പെടുത്തുകയായിരുന്നു ബി ജെ പി. നിതീഷ്‌കുമാറിനു വേണ്ടി മുഖ്യമന്ത്രിക്കസേര ഒഴിഞ്ഞുകൊടുക്കാനുള്ള ജെ ഡി യു ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശം തള്ളിക്കളഞ്ഞ് മന്ത്രസഭ പിരിച്ചുവിടാന്‍ ശിപാര്‍ശ ചെയ്ത മഞ്ജിയെ നിതീഷിനെതിരായ ആയുധമാക്കി ബി ജെ പി പിന്നീട് നടത്തിയത് ജനാധിപത്യത്തെ അവഹേളിക്കുന്ന രാഷ്ട്രീയ മാണ്.
ഭൂരിപക്ഷം മന്ത്രിമാരുടെ പിന്തുണയുണ്ടെങ്കില്‍ മാത്രമേ മന്ത്രിസഭ പിരിച്ചുവിടുന്നതിന് ശിപാര്‍ശ ചെയ്യാന്‍ മുഖ്യമന്ത്രിക്കു നിയമപരമായി അര്‍ഹതയുള്ളു. ബീഹാറിലെ 28 അംഗ മന്ത്രിസഭയിലെ ഏഴ് പേര്‍ മാത്രമാണ് മഞ്ജിയെ അനുകൂലിച്ചത്. 21 പേരും നിയമസഭ പിരിച്ചുവിടുന്നതിനെതിരായിരുന്നു. എം എല്‍ എമാരില്‍ 12 പേര്‍ മാത്രമാണ് മാഞ്ചിയേുടെ പക്ഷത്തുള്ളത്. മാത്രമല്ല. 130 എം എല്‍ എമാരെ രാഷ്ട്രപതിക്ക് മുമ്പില്‍ ഹാജരാക്കി നിയമസഭയില്‍ തനിക്ക് വ്യക്തമായ ഭൂരിപക്ഷമുണ്ടെന്ന് നിതീഷ് കുമാര്‍ ബോധ്യപ്പെടുത്തുകയും ചെയ്തു. എന്നിട്ടും പ്രശ്‌നത്തില്‍ നിഷ്പക്ഷത പുലര്‍ത്താനെങ്കിലുമുള്ള രാഷ്ട്രീയ ധാര്‍മികത കാണിക്കാതെ ഇന്നലെ നടത്താന്‍ തീരുമാനിച്ചിരുന്ന വിശ്വാസ വോട്ടെടുപ്പില്‍ മഞ്ജിയെ പിന്തുണക്കാനായിരുന്നു ബി ജെ പി തീരുമാനം. വിശ്വാസ വോട്ടെടുപ്പിനെ അതിജീവിക്കുന്നതിനായി എതിര്‍ചേരിയില്‍ നിന്ന് കൂടുതല്‍ നിയമസഭാ സാമാജികരെ അടര്‍ത്തിയെടുക്കുന്നതിനുള്ള നീക്കങ്ങള്‍ക്ക് ബി ജെ പി മഞ്ജിക്ക് സര്‍വ ഒത്താശകളും ചെയ്തു കൊടുക്കുകയുമുണ്ടായി. കൂറുമാറുന്ന എം എല്‍ എമാര്‍ക്ക് ഒരു കോടി രൂപയും അടുത്ത തിരഞ്ഞെടുപ്പില്‍ ബി ജെ പി ടിക്കറ്റും വാഗ്ദാനം ചെയ്തതായും ആരോപണമുണ്ട്. മഞ്ജിയെ കരുവാക്കി അധികാരം കൈയടക്കുകയായിരുന്നു 243 അംഗ നിയമസഭയില്‍ 87 അംഗങ്ങളുടെ ബി ജെ പിയുടെ ലക്ഷ്യം. ഇതുവഴി ഹിന്ദുത്വ ശക്തികള്‍ക്കെതിരേ ദേശീയതലത്തില്‍ നടക്കുന്ന ബദല്‍ ചേരി രൂപവത്കരണ ശ്രമത്തിന് തിരിച്ചടി നല്‍കാനാകുമെന്ന് ബി ജെ പി കണക്ക് കൂട്ടി. ഡല്‍ഹിയിലെ തിരക്കഥക്കനുസരിച്ചാണ് ബീഹാറിലെ രാഷ്ട്രീയ സംഭവ വികാസങ്ങള്‍ അരങ്ങേറിയത്. ബി ജെ പി അധ്യക്ഷന്‍ അമിത് ഷാ, പ്രധാനമന്ത്രി നരേന്ദ്ര മോഡി തുടങ്ങിയവര്‍ മഞ്ജിയുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. കേന്ദ്രത്തിലെ സഖ്യകക്ഷിയായ ശിവസേന ഉള്‍പ്പെടെ ബി ജെ പിയുടെ ഈ നിലപാടിനെ രൂക്ഷമായി വിമര്‍ശിക്കുകയുണ്ടായി. മഞ്ജിയെ അനുകൂലിക്കുന്നത് രാഷ്ട്രീയത്തിന്റെ ഇരുണ്ടവശത്തെ പിന്തുണക്കുന്നതിന് തുല്യവും അപരാധവുമാണെന്നാണ് സേന ഇതെക്കുറിച്ചു പ്രതികരിച്ചത്.
ബി ജെ പിയുടെ എല്ലാ കരുനീക്കങ്ങളും പരാജയപ്പെടുകയും മഞ്ജി രാജി സമര്‍പ്പിക്കുകയും ചെയ്ത സാഹചര്യത്തില്‍, ബീഹാറിന്റെ രാഷ്ട്രീ ഭാവി ഇനി ഗവര്‍ണറുടെ കൈകളിലാണ്. അദ്ദേഹത്തിന് നിതീഷ്‌കുമാറിനെ സര്‍ക്കാറുണ്ടാക്കാന്‍ ക്ഷണിക്കുകയോ, രാജിക്കത്തിനോടൊപ്പം മഞ്ജി നല്‍കിയ നിയമസഭ പിരിച്ചു വിടാനുള്ള ശിപാര്‍ശ പരിഗണിക്കുകയോ ചെയ്യാം. എന്നാല്‍ സഭയില്‍ പിന്തുണ നഷ്ടപ്പെട്ട മുഖ്യമന്ത്രി നല്‍കുന്ന ശിപാര്‍ശ പരിഗണിക്കുന്നത് ഭരണഘടനാ തത്വങ്ങള്‍ക്ക് വിരുദ്ധമാണെന്നാണ് നിയമ വിദഗ്ധരുടെ പക്ഷം. നിതീഷ്‌കുമാര്‍ രാഷ്ട്രപതി മുമ്പാകെ ഭൂരിപക്ഷം തെളിയിച്ച പശ്ചാത്തലത്തില്‍ വിശേഷിച്ചും. സഭ പിരിച്ചു വിട്ടാല്‍ കോടതിയില്‍ ചോദ്യം ചെയ്യപ്പെടാനും സാധ്യതയുണ്ട്. ബീഹാര്‍ രാഷ്ട്രീയത്തിലെ വരും നാളുകള്‍ രാഷ്ട്രീയ നിരീക്ഷകരെ സംബന്ധിച്ചിടത്തോളം ആകാംക്ഷാഭരിതമാണ്.