Connect with us

Articles

പാത്രിയര്‍ക്കിസിന്റെ സന്ദര്‍ശനവും ചില ചരിത്ര സത്യങ്ങളും

Published

|

Last Updated

അന്ത്യോക്യന്‍ പാത്രിയര്‍ക്കീസുമാരുടെ മലങ്കര സന്ദര്‍ശനം എക്കാലത്തും കേരളത്തെ സംബന്ധിച്ചിടത്തോളം ചരിത്രസംഭവങ്ങളായിരുന്നു. ആഗോള ക്രൈസ്തവ മുഖ്യധാരയില്‍ തികച്ചും പാര്‍ശ്വവത്കൃതരെന്നു പറയാവുന്ന യാക്കോബായ ക്രിസ്ത്യാനികള്‍ കേരളത്തില്‍ ഒരു മുഖ്യ ക്രൈസ്തവ സാന്നിധ്യമാണ്. അതുകൊണ്ടുകൂടിയാണ് നാട്ടുരാജാക്കന്മാരുടെ കാലം മുതലേ ആ സഭയുടെ പാത്രിയര്‍ക്കിസുമാരെ നമ്മുടെ ഭരണകൂടങ്ങള്‍ സംസ്ഥാന അതിഥിയായി പരിഗണിച്ചുപോരുന്നത്. ഇത്തവണയും ആ പതിവു മുടങ്ങിയില്ല. മുസ്‌ലിം പേരും അറബ് ശിരോവസ്ത്രവും നീണ്ടകുപ്പായവും നീട്ടിവളര്‍ത്തിയ താടിയുമുള്ള പാത്രിയര്‍ക്കീസുമാരും അവരാല്‍ വാഴിക്കപ്പെട്ട സമാനവേഷക്കാരായ മെത്രാന്മാരും എന്നും കേരളീയ സമൂഹത്തില്‍ കൗതുകം ഉണര്‍ത്തിയിരുന്നു. ആരാധനാക്രമത്തിലും ആചാരാനുഷ്ഠാനങ്ങളിലും ക്രൈസ്തവം എന്നറിയപ്പെടുന്ന പാശ്ചാത്യകത്തോലിക്ക പ്രൊട്ടസ്റ്റന്റ് വിഭാഗങ്ങളെക്കാള്‍ യാക്കോബായ ഓര്‍ത്തഡോക്‌സ് സഭകള്‍ക്ക് കൂടുതല്‍ ആത്മബന്ധം ഉള്ളത് കേരളത്തിലെ ഇസ്‌ലാമിക് സമൂഹത്തോടാണെന്ന പ്രത്യേകതയും പല ഗവേഷകന്മാരും ഇതിനകം ചൂണ്ടിക്കാണിച്ചിട്ടുള്ളതാണ്. ഏകദൈവവിശ്വാസം, യേശുവിന്റെ പ്രവാചകത്വം, യേശുവിന്റെ മാതാവിന്റെ മഹത്വം ഈ വക കാര്യങ്ങളിലെല്ലാം പൗരസ്ത്യ ക്രിസ്ത്യാനികളുമായി ഏറെ അടുപ്പം പുലര്‍ത്തുന്ന ഇസ്‌ലാമിനെ ക്രൈസ്തവതയുടെ ശത്രുപക്ഷത്തു നിറുത്തി ആടിനെ പട്ടിയാക്കുന്ന സാമ്രാജ്യത്വതന്ത്രത്തിനു അറിഞ്ഞോ അറിയാതെയോ കേരളത്തിലെ പൗരസ്ത്യക്രിസ്ത്യാനികളും വിധേയപ്പെട്ടുപോയി എന്നതിന്റെ അടയാളമായിട്ടു വേണം പാത്രിയര്‍ക്കിസ് ബാവയ്ക്കു കേരളത്തിലുടനീളം നല്‍കിയ സ്വീകരണസമ്മേളനങ്ങളില്‍ നിന്നും കേരളത്തിലെ മുസ്‌ലിം മതപണ്ഡിതന്മാരെ അകറ്റി നിറുത്തിയ സംഭവത്തെ കാണാന്‍.
അന്ത്യോക്യ മലങ്കരബന്ധം
നീണാള്‍ വാഴട്ടെ
പാത്രിയര്‍ക്കിസ് ബാവായുടെ സ്വീകരണ സമ്മേളനങ്ങളില്‍ തടിച്ചുകൂടിയ ജനക്കൂട്ടം ആര്‍ത്തുവിളിച്ച മുദ്രാവാക്യം മലങ്കര അന്ത്യോക്യന്‍ ബന്ധം നീണാള്‍ വാഴട്ടെ എന്നായിരുന്നു. ചരിത്രപാഠങ്ങളില്‍ നിന്നു ഏറെ വിദൂരത്തായിപ്പോയ പുതിയ തലമുറക്ക് ഈ മുദ്രാവാക്യത്തിന്റെ അര്‍ഥം കൃത്യമായി അറിയാമെന്നു തോന്നുന്നില്ല. രണ്ട് വിഭാഗങ്ങളായി പിരിഞ്ഞു പ്രത്യേകം പ്രത്യേകം പ്രാദേശിക നേതൃത്വങ്ങള്‍ക്കു കീഴില്‍ അണിനിരന്നുകൊണ്ട് കോടതികളില്‍ നിന്നു കോടതികളിലേക്ക് നീളുന്ന സഭാവ്യവഹാരത്തിന്റെ നാള്‍വഴികള്‍ പരിശോധിച്ചാല്‍ അതുതന്നെ നമ്മുടെ നീതിന്യായവ്യവസ്ഥയുടെ ചരിത്രത്തിലെ ഒരു സുപ്രധാന ഏടായി നിലനില്‍ക്കുന്നത് കാണാം കഴിയും
അന്ത്യോക്യന്‍ പാത്രിയര്‍ക്കിസ് എന്നൊക്കെ പറയാറുണ്ടെങ്കിലും ഇന്ന് ആ പേരില്‍ ഒരു സ്ഥലം ലോകത്തൊരിടത്തും നിലനില്‍ക്കുന്നില്ലെന്നതാണ് സത്യം. അന്ത്യോക്യയില്‍ വെച്ച് യേശുക്രിസ്തുവിന്റെ ശിഷ്യന്മാര്‍ക്കു ക്രിസ്ത്യാനികള്‍ എന്നു പേരു ലഭിച്ചു. (അപ്പ: പ്ര: 11:26). ശത്രുക്കള്‍ നല്‍കിയ ഈ പരിഹാസപ്പേര് പിന്നീട് യേശുവിന്റെ അനുയായികള്‍ ഒരു ബഹുമതിയായി സ്വീകരിക്കുകയായിരുന്നു. കോണ്‍സ്റ്റാന്റിനേപ്പിള്‍ സ്ഥാപിതമാകുന്നതുവരെയും റോമാ സാമ്രാജ്യത്തിന്റെ കിഴക്കന്‍പ്രദേശങ്ങളുടെ തലസ്ഥാനമായി വര്‍ത്തിച്ചിരുന്നത് അന്ത്യോക്യയായിരുന്നു. പിന്നീട് അത് ക്രൈസ്തവസഭയുടെ ഒരു പ്രധാന ശക്തിദുര്‍ഗമായി വളര്‍ന്നു.
എ ഡി 538 ല്‍ പേര്‍ഷ്യന്‍ ചക്രവര്‍ത്തി പിടിച്ചടക്കിയ ഈ പട്ടണം 636ല്‍ അറബികള്‍ കൈവശപ്പെടുത്തി. ക്രമേണ അന്ത്യോക്യയും പ്രാന്തപ്രദേശങ്ങളും മുസ്‌ലിം ഭൂരിപക്ഷമുള്ള പ്രദേശങ്ങളായി മാറി. ഇന്ന് അറബി മുസ്‌ലിംകള്‍ എന്നറിയപ്പെടുന്ന ഇസ്‌ലാം മതവിശ്വാസികളില്‍ ഭൂരിപക്ഷവും യേശുക്രിസ്തുവിന്റെയും അപ്പസ്‌തോലന്മാരുടെയും ആദ്യകാല അനുയായികളായിരുന്ന അറബ് ക്രിസ്ത്യാനികളുടെ പിന്‍മുറക്കാരായിരുന്നു എന്ന വസ്തുത കേരളത്തിലധികം പേര്‍ക്കും അറിയാമെന്നു തോന്നുന്നില്ല. യൂറോപ്യന്‍ നാടുവാഴികളുടെ നേതൃത്വത്തില്‍ അറബ് ഭൂപ്രദേശത്തേക്കു കടന്നു കയറിയ കുരിശുയുദ്ധപടയാളികള്‍ ലക്ഷ്യമിട്ടിരുന്നത് പലരും കരുതുന്നതുപോലെ മുസ്‌ലിംകളെ മാത്രമായിരുന്നില്ല. പിന്നയോ റോമിന്റെ വരുതിക്ക് വിധേയപ്പെടാതെ സ്വന്തം പാരമ്പര്യങ്ങളിലും ദൈവശാസ്ത്രതത്വങ്ങളിലും ഉറച്ചുനിന്നിരുന്ന പൗരസ്ത്യ ക്രൈസ്തവസഭകളെക്കൂടെ ആയിരുന്നു. കുരിശുയുദ്ധപടയാളികള്‍ക്ക് മുസ്‌ലിംകളെ ഉന്മൂലനം ചെയ്യുക എന്ന ലക്ഷ്യം നേടാന്‍ കഴിഞ്ഞില്ലെങ്കിലും പൗരസ്ത്യ ഓര്‍ത്തഡോക്‌സ് സഭകളെ ഈ പ്രദേശത്തുനിന്നും തുടച്ചുമാറ്റാന്‍ വേഗം കഴിഞ്ഞു. പലവിധ കാരണങ്ങളാല്‍ ചരിത്രത്തിന്റെ മുഖ്യധാരയില്‍ നിന്നു തിരോഭവിച്ച സിറിയന്‍ ഓര്‍ത്തഡോക്‌സ് വിശ്വാസികളില്‍ നല്ലപങ്കിനും യൂറോപ്പിന്റെ പല ഭാഗങ്ങളിലേക്കും അമേരിക്കന്‍ ഐക്യനാടുകളിലേക്കും ഒക്കെ പ്രവാസികളായി പലായനം ചെയ്യേണ്ടി വന്നു. അതോടെ അന്ത്യോക്യയിലെ പുരാതന പാത്രിയര്‍ക്കിസ് സിംഹാസനത്തിന്റെ പിന്തുടര്‍ച്ചാവകാശത്തെച്ചൊല്ലി പല തര്‍ക്കങ്ങളും ഉണ്ടായി. റോം ഇതിനെല്ലാ ഒത്താശകളും ചെയ്തുകൊടുത്തു. തുടര്‍ന്നു പ്രതിസന്ധികളെ അതിജീവിച്ച് ഏറെ ക്ലേശപ്പെട്ട് സിറിയയിലെ ദമാസ്‌കസ് കേന്ദ്രമാക്കി പിടിച്ചുനിന്ന സഭയായിരുന്നു സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭ. മധ്യപൗരസ്ത്യ ദേശങ്ങളിലെ രാഷ്ട്രീയ സംഘര്‍ഷങ്ങളും പാശ്ചാത്യ മൂലധനശക്തികളുടെ കടന്നുകയറ്റവും സമ്മിശ്രമായി സൃഷ്ടിക്കുന്ന കലാപാന്തരീക്ഷം ആ മേഖലയെ ആകെ അസ്വസ്ഥമാക്കിയിരിക്കുന്നു. ഇതിന്റെ തിക്തഫലം അനുഭവിക്കുന്നവരുടെ മുന്‍നിരയിലാണ് ആ മേഖലയിലെ പൗരസ്ത്യക്രിസ്ത്യാനികള്‍.
ആകമാനസഭയിലെ ആദ്യ പിളര്‍പ്പും ലിയോ 1-ാമന്‍ മാര്‍പ്പാപ്പയുടെ വിശ്വാസപ്രമാണവും
റോമന്‍ കത്തോലിക്കാസഭാ നേതൃത്വവുമായി സൈദ്ധാന്തികമായ വിയോജിപ്പുകളെ തുടര്‍ന്ന് വിട്ടുപോന്ന സഭകളെ പൊതുവില്‍ ഓര്‍ത്തഡോക്‌സ് സഭകള്‍ എന്നാണ് വിളിക്കുന്നത്. എ ഡി 451ലെ കല്‍ക്കദൂന്‍ സൂന്നഹദോസ് മുതലാണ് ഈ വിട്ടുപോരല്‍ പ്രക്രിയ വ്യപകമായത്. എ ഡി 449 ല്‍ എഫേസോസില്‍ വെച്ചുകൂടിയ ആകമാന സുന്നഹദോസ് തള്ളിക്കളഞ്ഞ റോമിലെ മാര്‍പ്പാപ്പാ ലിയോ.1-ാമന്‍ രൂപപ്പെടുത്തിയ വിശ്വാസപ്രമാണത്തിന് വീണ്ടും പ്രാബല്യം ലഭിക്കാന്‍ ചക്രവര്‍ത്തിയുടെ പിന്തുണയോടെ വിളിച്ചുകൂട്ടിയ സമ്മേളനം ആയിരുന്നു 451ലെ കല്‍ക്കദൂന്‍ സുന്നഹദോസ്. ലിയോ.1-ാമന്‍ എഴുതി തയ്യാറാക്കി കൊടുത്തയച്ച വിശ്വാസപ്രമാണങ്ങള്‍ ഏതാണ്ടതേപടി യാതൊരു ചര്‍ച്ചയും കൂടാതെ പട്ടാളക്കാരെ കാവല്‍ നിറുത്തി സഭാപിതാക്കന്മാരുടെ അംഗീകാരം നേടുകയെന്ന ദുരന്തമാണ് കല്‍ക്കദൂനില്‍ സംഭവിച്ചതെന്ന് വിവിധ സഭാചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിരിക്കുന്നു.
വാസ്തവത്തില്‍ പില്‍ക്കാലത്ത് ക്രൈസ്തവസഭകള്‍ അമീബയെപ്പോലെ തുണ്ടുതുണ്ടായി മറിയാനും പരസ്പരം പോര്‍വിളികള്‍ നടത്താനും ഒക്കെ കാരണമായിത്തീര്‍ന്ന പണ്ടോറയുടെ പെട്ടി ആയിരുന്നു ലിയോ1-ാമന്‍ മാര്‍പ്പാപ്പയുടെ ദൂതന്മാര്‍ കല്‍ക്കദൂനില്‍ തുറന്നത്. യേശുക്രിസ്തുവിന്റെ കന്യാജനനം, ആദിപാപത്തിന് പരിഹാരമായുള്ള കുരിശുമരണം, ഉയിര്‍ത്തെഴുന്നേല്‍പ്പ് ദൈവമെന്ന നിലയിലും മനുഷ്യനെന്ന നിലയിലും യേശു നടത്തിയെന്ന ആള്‍മാറാട്ടക്കഥ, മാര്‍പ്പാപ്പമാരുടെയും പാത്രിയര്‍ക്കിസുമാരുടെയും അപ്രമാദിത്തം, കന്യക മറിയമിന് ദൈവമാതാവെന്ന നിലയില്‍ നല്‍കുന്ന ബഹുമതി, പുണ്യവാളന്മാരുടെ തിരുശേഷിപ്പുകളെ പൂജിക്കല്‍, ദൈവത്തിനും മനുഷ്യര്‍ക്കുമിടയില്‍ പുണ്യവാളന്മാരെ മധ്യസ്ഥരാക്കി നിറുത്തിയുള്ള കാര്യസാധ്യത്തിനായുള്ള കുറുക്കുവഴി തേടല്‍ എന്നിങ്ങനെ യേശുവിനോ ശിഷ്യന്മാര്‍ക്കോ അവരെ പിന്തുടര്‍ന്ന ആദ്യ നാല് നൂറ്റാണ്ടുകാലത്തെ ക്രിസ്തുമത വിശ്വാസികള്‍ക്കോ കേട്ടറിവു പോലും ഇല്ലാത്ത പലതും ലോക ക്രൈസ്തവ ഭൂപടത്തെയാകെ വികൃതമാക്കിയ സകലസിദ്ധാന്തങ്ങളും കല്‍ക്കദൂന്‍ തീരുമാനങ്ങളെന്ന പണ്ടോറയുടെ പെട്ടിയില്‍ നിന്നും പുറത്തുചാടിയ വിചിത്രജീവികളായിരുന്നു.
യാക്കോബായ സഭയുടെ ആവിര്‍ഭാവം
ഇതിനെതിരെ യാതൊരു രാഷ്ട്രീയ പിന്‍ബലവും കൂടാതെ തനിച്ചുനിന്ന് പോരാടിയ ഒരു വൈദികശ്രേഷ്ഠനായിരുന്നു എ ഡി 538ല്‍ നിര്യാതനായ യാക്കോബുബുര്‍ദ്ദാന. കല്‍ക്കദൂന്‍ അനുകൂലികളും വിരുദ്ധരും എന്ന നിലയില്‍ രണ്ട് തട്ടിലായി പരസ്പരം പോരടിച്ചിരുന്ന വിഭാഗങ്ങളെ രമ്യപ്പെടുത്താനെന്ന പേരില്‍ 536ല്‍ കോണ്‍സ്റ്റാന്റിനേപ്പിള്‍ സന്ദര്‍ശിച്ച റോമന്‍ മാര്‍പ്പാപ്പാ അഗപ്പീറ്റോസ് ജസ്റ്റീനിയന്‍ ചക്രവര്‍ത്തിയെ സ്വാധീനിച്ച് കല്‍ക്കദൂന്‍ തീരുമാനങ്ങളെ അംഗീകരിക്കാത്തവര്‍ക്ക് സാമ്രാജ്യത്തില്‍ ജീവിതസ്വാതന്ത്ര്യം നിഷേധിക്കുന്ന വിളംബരം പുറപ്പെടുവിച്ചു. ഇതിനെതിരെ ചെറുത്തുനില്‍പ്പ് സംഘടിപ്പിച്ചുകൊണ്ട് വേഷപ്രച്ഛന്നനായി നടന്ന് ഓര്‍ത്തഡോക്‌സ് വിശ്വാസം പ്രചരിപ്പിച്ചു യാക്കോബ് ബുര്‍ദ്ദാന. അദ്ദേഹത്തിന്റെ അനുയായികള്‍ യാക്കോബായക്കാര്‍ എന്നറിയപ്പെട്ടു. അതും ഒരാക്ഷേപ പേരായിരുന്നു. എങ്കിലും അവരിതൊരു ബഹുമതിയായി സ്വീകരിച്ചു.
1665 ല്‍ മലങ്കരസഭയെ റോമന്‍കത്തോലിക്കാ പാഷാണ്ഡതയില്‍ നിന്നും വീണ്ടെടുക്കുക എന്ന ഉദ്ദേശ്യത്തോടെ ഇവിടെയെത്തിയ യെറുശലേമിലെ മാര്‍ ഗ്രിഗോറിയോസുമായി കേരളക്രിസ്ത്യാനികള്‍ ബന്ധപ്പെട്ടുതുടങ്ങിയപ്പോള്‍ മുതല്‍ അന്നിവിടെ തമ്പടിച്ചിരുന്ന പാശ്ചാത്യ റോമന്‍ കത്തോലിക്കാ പണ്ഡിതന്മാര്‍ എഴുതുകയും പ്രസംഗിക്കുകയും ചെയ്തപ്പോഴാണ് യെറുശലേമിലെ മാര്‍ ഗ്രിഗോറിയോസ് അന്ത്യോക്യയിലെ യാക്കോബായക്കാര്‍ എന്നു വിളിക്കപ്പെടുന്ന സുറിയാനി സഭയുടെ ആളാണെന്ന കാര്യം കേരള നസ്രാണികള്‍ മനസ്സിലാക്കുന്നതു തന്നെ. പരിഹാസപ്പേരുനല്‍കി തങ്ങളോട് യോജിക്കാത്തവരെ തങ്ങളില്‍ നിന്ന് അകറ്റി നിറുത്തുക എന്നത് റോമന്‍ കത്തോലിക്കാ സഭ ലോകവ്യാപകമായി പിന്തുടര്‍ന്നുപോരുന്ന ഒരു പാരമ്പര്യമാണ്. യേശുവിന്റെ അമ്മയെ ദൈവമാതാവെന്നു വിളിക്കുന്നതിന്റെ അനൗചിത്യം ചൂണ്ടിക്കാണിച്ചതിന്റെയും യേശുവിന്റെ മനുഷ്യസ്വഭാവത്തിന് പ്രാധാന്യം നല്‍കണം എന്നു പഠിപ്പിക്കുകയും ചെയ്തതിന്റെ പേരില്‍ അഞ്ചാം നൂറ്റാണ്ടിലെ സഭാപിതാവ് നെസ്‌തോറിന്റെ അനുയായികളെ നെസ്‌തോറിയന്‍ എന്നു മുദ്ര കുത്തി പാര്‍ശ്വവത്കരിച്ചു. ഇതുതന്നെയായിരുന്നു യാക്കോബ്ബുര്‍ദ്ദാനയ്ക്കും അനുയായികള്‍ക്കും സംഭവിച്ചത്. അവര്‍ യാക്കോബായക്കാരെന്നു ആക്ഷേപിക്കപ്പെട്ടു.
ക്രൈസ്തവസഭയിലെ അഭിപ്രായവ്യത്യാസങ്ങള്‍ക്ക് സഭയുടെ ചരിത്രത്തോളം തന്നെ പഴക്കമുണ്ട്. ജ്ഞാനസ്‌നാനം സ്വീകരിച്ചു സഭയില്‍ ചേരുന്നവര്‍ പരിഛേദന നടത്തണമോ എന്നതില്‍ തുടങ്ങി മരണാനന്തര ജീവിതത്തെക്കുറിച്ചുള്ള തര്‍ക്കം വരെയും അത് നീണ്ടുകിടക്കുന്നു. ഇത്തരം തര്‍ക്കവിഷയങ്ങളിലെല്ലാം മുഖ്യധാരയോട് ചേര്‍ന്നുനടക്കാന്‍ ആദ്യം വിമതശബ്ദം പുറപ്പെടുവിച്ചവര്‍ തന്നെ നിര്‍ബന്ധിതരായി. പൗലോസിനെ എതിര്‍ത്ത ബര്‍ണാബാസും യേശു ദൈവമല്ലെന്നു വാദിച്ച അറിയൂസും മറിയം ദൈവമാതാവല്ലെന്നു പറഞ്ഞ നെസ്‌തോറും കല്‍ക്കദൂനില്‍ വെച്ചു പിണങ്ങിപ്പിരിഞ്ഞ യാക്കോബ്ബുര്‍ദ്ദാനയും അവരുടെ അഭിപ്രായങ്ങളെ സാധൂകരിക്കാന്‍ എന്തൊക്കെ ന്യായവാദങ്ങളാണ് നിരത്തിയതെന്നറിയാന്‍ നമുക്കു മുമ്പില്‍ കൃത്യമായ തെളിവുകളൊന്നും ഇല്ല. അവരുടെ പ്രതിയോഗികള്‍ അവരെ ഖണ്ഡിക്കാന്‍ പറഞ്ഞ കാര്യങ്ങള്‍ മാത്രമാണ് ഇന്നവശേഷിക്കുന്നത്. അതിനെ ആശ്രയിച്ചാണ് ഇന്നത്തെ ക്രിസ്തുമതം വളര്‍ന്നത്. ചരിത്രത്തിന്റെ കുത്തൊഴുക്കില്‍ പെട്ട വിമതശബ്ദങ്ങള്‍ തമസ്‌കരിക്കപ്പെടുകയും മുഖ്യധാരയില്‍ ലയിച്ചുചേരുകയും ചെയ്തു. അതോടെ പഴയ വിമതഗ്രൂപ്പുകളുടെ താത്പര്യം തങ്ങളുടെ അധികാരാവകാശങ്ങള്‍ക്ക് നാമമാത്രമായ അംഗീകാരം എങ്കിലും നേടിയെടുക്കുക എന്നതില്‍ പരിമിതപ്പെട്ടു. ഇങ്ങനെ സംഭവിച്ചതാണ് ഇന്ന് കേരളത്തില്‍ ക്രൈസ്തവസഭകള്‍ തമ്മില്‍ പുലര്‍ത്തിപ്പോരുന്ന ഉപരിപ്ലവപരമായ ഐക്യവും വിശ്വാസപ്രമാണങ്ങളിലെ സമാനതയും. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകം മുതല്‍ നിലനില്‍ക്കുന്ന കക്ഷിവഴക്കിനെ തുടര്‍ന്ന് പാത്രിയര്‍ക്കിസ് കക്ഷി-യാക്കോബായ എന്ന പേരും പാത്രിയര്‍ക്കിസിന്റെ കീഴ്സ്ഥാനി മാത്രമായിരുന്ന കാതോലിക്കാ നേതൃത്വം നല്‍കുന്ന മറുകക്ഷി ഓര്‍ത്തഡോക്‌സ് എന്ന പേരും ഉപയോഗിച്ചു പോരുന്നു.
സഭാ സമാധാനം എന്ന മരീചിക
ഒരു നൂറ്റാണ്ടിലേറെ നീണ്ടു നിന്ന തര്‍ക്കങ്ങള്‍ക്കൊടുവിലും ഈ രണ്ട് പേരുകളില്‍ രണ്ട് സഭകള്‍ നിലനില്‍ക്കുന്നു എന്ന് നീതിന്യായവകുപ്പിനെ മാത്രമല്ല, ഇവിടുത്തെ സഭാവിശ്വാസികളെയും ബോധ്യപ്പെടുത്താന്‍ വിഘടിത വിഭാഗങ്ങളുടെ നേതൃത്വങ്ങള്‍ക്കായിട്ടില്ലെന്നതാണ് പരമാര്‍ഥം. ഏറ്റവും ഒടുവിലായി സുപ്രീം കോടതിയില്‍ നിന്നുണ്ടായ വിധിന്യായത്തില്‍ പോലും അടിവരയിട്ടു പറയുന്നത്, കേരളത്തിലെ ഓര്‍ത്തഡോക്‌സ്‌കാരെല്ലാം യാക്കോബായക്കാരും യാക്കോബായക്കാരെല്ലാം ഓര്‍ത്തഡോക്‌സ്‌കാരും ആണെന്നാണ്. കോടതി കണ്ടെത്തിയ ഈ ചരിത്രസത്യം ഇന്നേറെക്കുറെ രണ്ട് വിഭാഗങ്ങളിലും പെട്ട വിശ്വാസികള്‍ക്കു മാത്രമല്ല സഭാവഴക്കിന്റെ ചരിത്രം സൂക്ഷ്മമായി പഠിച്ചിട്ടുള്ള മറ്റ് സഭാവിഭാഗങ്ങള്‍ക്കും തികഞ്ഞ മതേതരവീക്ഷണം പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കും ഇതിനകം ബോധ്യമായിക്കഴിഞ്ഞു. എന്നിട്ടും യോജിപ്പിന്റെ നീക്കങ്ങള്‍ക്ക് പച്ചക്കൊടി കാണിക്കാന്‍ ഇരു വിഭാഗങ്ങളും തയ്യാറായിട്ടില്ലെന്നത് ആശ്ചര്യം തന്നെ.
പാത്രിയര്‍ക്കിസ് ബാവാ നടത്തിയ സമാധാനാഹ്വാനവും അതിനോട് പ്രതികരിച്ച എതിര്‍വിഭാഗം കാതോലിക്കാ ബാവായുടെ പ്രസ്താവനയും ഒരു താത്കാലിക വെടിനിറുത്തലിനപ്പുറം ഒന്നും ആകാന്‍ ഇടയില്ല. ഗതകാല ചരിത്രത്തില്‍ സംഭവിച്ചു പോയ പ്രമാദങ്ങളെ സത്യസന്ധമായി വിലയിരുത്താനോ യേശുവിന്റെയോ അപ്പസ്‌തോലന്മാരുടെയോ ശരിയായ പഠിപ്പിക്കലുകളെ പിന്തുടരാനോ ഇവിടുത്തെ സഭാനേതൃത്വങ്ങള്‍ തയ്യാറാകുമെന്നു തോന്നുന്നില്ല. പണം, അധികാരം! ഇന്ന് ലോകത്തു വാഴ്ചനടത്തുന്ന ഈ രണ്ട് പിശാചുക്കളുടെ പിടിയില്‍ നിന്ന് രക്ഷപ്പെടുക അത്ര എളുപ്പമല്ല. പാവപ്പെട്ട വിശ്വാസികളുടെ നേര്‍ച്ചപ്പണം കോടതിവ്യവഹാരങ്ങള്‍ക്ക് ചെലവിടുന്നത് തന്നെ ദുഃഖിപ്പിക്കുന്നു എന്ന് പാത്രിയര്‍ക്കിസ് ബാവാ പറയുന്നു. രണ്ട് വിഭാഗങ്ങളിലുംപ്പെട്ട അദ്ദേഹത്തിന്റെ കീഴ്സ്ഥാനികള്‍ക്കുകൂടി ഇതൊന്നു ബോധ്യപ്പെട്ടിരുന്നെങ്കിലെന്നാണ് സാധാരണ വിശ്വാസികള്‍ പ്രാര്‍ഥിക്കുന്നത്. “സമാധാനം ഉണ്ടാക്കുന്നവര്‍ ഭാഗ്യവാന്മാര്‍ എന്തെന്നാല്‍ ദൈവത്തിന്റെ മക്കളെന്നു വിളിക്കപ്പെടും” (മത്തായി 5: 9)
കെ സി വര്‍ഗീസ്-9446268581

Latest