Connect with us

National

ആഴക്കടല്‍ മത്സ്യബന്ധനത്തിന് ബഹുരാഷ്ട്ര കമ്പനികള്‍ക്ക് അനുമതി; എ എ പിക്ക് പ്രതിഷേധം

Published

|

Last Updated

മംഗളൂരു: ഇന്ത്യന്‍ സമുദ്ര ഭാഗത്ത് ആഴക്കടല്‍ മത്സ്യബന്ധനം നടത്താന്‍ ബഹുരാഷ്ട്ര കമ്പനികള്‍ക്ക് അനുവാദം കൊടുക്കാനുള്ള നീക്കത്തിനെതിരെ എ എ പി രംഗത്ത്.
തീരദേശ ജില്ലകളായ ദക്ഷിണ കന്നഡ, ഉടുപ്പി, ഉത്തര കന്നഡ എന്നിവിടങ്ങളില്‍ നിന്നും ഷിമോഗയില്‍ നിന്നുമുള്ള എ എ പി നേതാക്കളാണ് കേന്ദ്ര നീക്കത്തിനെതിരെ പ്രതിഷേധവുമായി എത്തിയത്. കേന്ദ്ര സര്‍ക്കാറിന്റെ ഈ നീക്കം ലക്ഷക്കണക്കിന് മത്സ്യത്തൊഴിലാളികളുടെയും അവരുടെ കുടുംബങ്ങളുടെയും ജീവിതത്തെ പ്രതികൂലമായി ബാധിക്കും. ഉപജീവനത്തിന് മത്സ്യബന്ധനം മാത്രം ആശ്രയിക്കുന്നവരാണ് ഇവരെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി.
ഡോ. മേരിക പിന്റോ, എം ആര്‍ വാസുദേവ, റോഹന്‍ ശ്രീ, എം സലീം എന്നിവരാണ് പ്രതിഷേധവുമായെത്തിയത്. ആഴക്കടല്‍ മത്സ്യ ബന്ധനത്തിന് ഇന്ത്യന്‍ തൊഴിലാളികള്‍ പ്രാപ്തരല്ലെന്നും അതുകൊണ്ടുതന്നെ ഇന്ത്യന്‍ സമുദ്രത്തില്‍ നിന്നും മത്സ്യസമ്പത്ത് അകന്നുപോകുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് കേന്ദ്രം ബഹുരാഷ്ട്ര കമ്പനികളെ മീന്‍ പിടിത്തം ഏല്‍പ്പിക്കാന്‍ പോകുന്നത് എന്ന് നേതാക്കള്‍ കുറ്റപ്പെടുത്തി. ഇതുമൂലം പട്ടിണിയിലായേക്കാവുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങളെ കുറിച്ചോ മലിനമാകുന്ന സമുദ്ര ആവാസ വ്യവസ്ഥയെ കുറിച്ചോ കേന്ദ്ര സര്‍ക്കാര്‍ ബോധവാന്മാരല്ല. 320 കിലോമീറ്റര്‍ ദൂരം വരുന്ന കര്‍ണാടകയുടെ തീരപ്രദേശങ്ങളില്‍ മാത്രം ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികളാണ് മീന്‍ പിടിത്തം മാത്രം ഉപജീവന മാര്‍ഗമാക്കി കഴിഞ്ഞുകൂടുന്നത്. ഇവര്‍ക്ക് സഹായങ്ങളും ആശ്വാസവും ആത്മവിശ്വാസവും നല്‍കുന്നതിന് പകരം ദ്രോഹനടപടികളുമായാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി.