പുടിന്റെ വിമര്‍ശകന് തടവ്

Posted on: February 21, 2015 2:27 am | Last updated: February 20, 2015 at 11:27 pm

മോസ്‌കോ: പുടിനെ വിമര്‍ശിച്ചതിന് റഷ്യന്‍ കോടതി രണ്ടാഴ്ചത്തെ തടവ് ശിക്ഷ വിധിച്ചു, മാര്‍ച്ച് ഒന്നിന് നടത്താന്‍ നിശ്ചയിച്ച ശക്തമായ പ്രതിപക്ഷ പ്രക്ഷോഭത്തില്‍ നിന്ന് തടയുന്നതിനാണ് അറസ്റ്റ്. മോസ്‌കോ നഗരത്തിലെ സബ്‌വേയില്‍ മാര്‍ച്ചിലെ പ്രക്ഷോഭത്തിന്റെ പോസ്റ്ററുകളുമായി് നിയമവിരുദ്ധമായി സമ്മേളിച്ചതിന് ഡിസംബറില്‍ ഇദ്ദേഹത്തിനെതിരെ കേസെടുത്തിരുന്നു. ഈ കേസില്‍ മോസ്‌കോയിലെ പ്രെസ്‌നെന്‍കി കോടതി സുദീര്‍ഘമായ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇത് ആവര്‍ത്തിക്കപ്പെട്ട കുറ്റമാണെന്നും ഈയിടെ പരിഷ്‌കരിച്ച നിയമ പ്രകാരം 30 ദിവസം വരെ ജയില്‍ ശിക്ഷ ലഭിക്കാവുന്ന അപരാധമാണെന്നും 15 ദിവസത്തെ തടവ് വിധിച്ച് ജഡ്ജി പറഞ്ഞു. നാവല്‍നിയെ പോലീസ് അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് അനുയായികളോട് മാര്‍ച്ച് ഒന്നിലെ റാലിയില്‍ എത്താന്‍ ട്വിറ്ററിലൂടെ നിര്‍ദേശം നല്‍കി. പക്ഷേ അദ്ദേഹത്തിന്റെ അഭാവം അനുയായികളുടെ എണ്ണം കുറക്കാനിടയുണ്ടെന്ന് നിരീക്ഷകര്‍ പറയുന്നു.