മൊസൂള്‍ തിരിച്ചുപിടിക്കാനുള്ള സൈനിക നീക്കം ഏപ്രിലില്‍ ആരംഭിക്കുമെന്ന് അമേരിക്ക

Posted on: February 21, 2015 2:26 am | Last updated: February 20, 2015 at 11:26 pm

ബഗ്ദാദ്: ഇസിലില്‍നിന്നും മൊസൂള്‍ തിരിച്ചുപിടിക്കാനുള്ള സൈനിക നീക്കം ഏപ്രിലിലോ മെയ് മാസത്തിലോ തുടങ്ങുമെന്ന് മുതിര്‍ന്ന അമേരിക്കന്‍ സൈനിക ഉദ്യോഗസ്ഥര്‍ പറഞ്ഞു. സൈനിക പദ്ധതിക്ക് തയ്യാറെടുക്കുന്നതിനായി അഞ്ച് ഇറാഖി സൈനിക ബ്രിഗേഡുകള്‍ക്ക് ഇറാഖില്‍വെച്ച് സഖ്യ സേന പരിശീലനം നല്‍കുമെന്നും അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡ് വ്യക്തമാക്കി. ഇവര്‍ക്കൊപ്പം വടക്ക് പടിഞ്ഞാറന്‍ ഭാഗത്ത് ഇസിലിനെതിരെ മൂന്ന് പെഷ്‌മെര്‍ഗ ബ്രിഗേഡുകളും പോരാടും. വടക്കന്‍ ഇറാഖില്‍നിന്നുള്ള കുര്‍ദിഷ് സേനയാണ് പെഷ്‌മെര്‍ഗ. പോരാട്ടത്തില്‍ 12 ഇറാഖി ബ്രിഗേഡുകള്‍ അല്ലെങ്കില്‍ 20,000 മുതല്‍ 25,000 സൈനികര്‍ പങ്ക് ചേരുമെന്ന് പെന്റഗണ്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇതിനു പുറമെ മുന്‍ മൊസൂള്‍ പോലീസും ഗോത്ര സേനയും പോരാട്ടത്തില്‍ അണിചേരുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. അമേരിക്കന്‍ സ്‌പെഷല്‍ ഓപ്പറേഷന്‍ സേന പരിശീലനം നല്‍കിയ ഇറാഖ് തീവ്രവാദ വിരുദ്ധ സേനയും മൊസൂള്‍ സൈനിക നീക്കത്തിലുണ്ടാകും. മൊസൂള്‍ തിരിച്ചുപിടിക്കാനുള്ള നീക്കത്തിന് അമേരിക്ക പരിശീലനം, ആകാശ പിന്തുണ, രഹസ്യാന്വേഷണം തുടങ്ങിയ സൈനിക പിന്തുണ നല്‍കുമെന്ന് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. അതേ സമയം ആകാശ ആക്രമണത്തിന് സഹായിക്കാന്‍ അമേരിക്കന്‍ കരസേനയെ അയക്കുന്ന കാര്യം ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും ഇവര്‍ വ്യക്തമാക്കി. ജൂണ്‍ അവസാനമാണ് ഇസില്‍ തീവ്രവാദികള്‍ മൊസൂള്‍ നഗരം പിടിച്ചെടുത്തത്.