അമേരിക്ക മൊബൈല്‍ കോഡുകളും മോഷ്ടിച്ചുവെന്ന് സ്‌നോഡന്റെ വെളിപ്പെടുത്തല്‍

Posted on: February 21, 2015 1:24 am | Last updated: February 20, 2015 at 11:25 pm

വാഷിങ്ടണ്‍: ബ്രിട്ടന്റെ ഇലക്‌ട്രോണിക് ചാര ഏജന്‍സിയും അമേരിക്കയുടെ ദേശീയ സുരക്ഷാ ഏജന്‍സിയും ചേര്‍ന്ന് ഡച്ച് മൊബൈല്‍ ഫോണ്‍ കമ്പനിയുടെ നെറ്റ് വര്‍ക് ഹാക്ക് ചെയ്ത് രഹസ്യ കോഡുകള്‍ മോഷ്ടിച്ച് ലോകവ്യാപകമായി ഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്തിയെന്ന് എഡ്‌വേഡ് സ്‌നോഡന്‍ മാധ്യമങ്ങള്‍ക്ക് കൊടുത്ത രേഖയില്‍ പറയുന്നു. ഇത് സംബന്ധിച്ച രേഖകള്‍ ഇന്നലെയാണ് വെബ്‌സൈറ്റില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ രഹസ്യാന്വേഷണ വിഭാഗങ്ങള്‍ എങ്ങിനെയാണ് ഇത് സാധ്യമാക്കിയതെന്നോ തെളിവുകളോ ഉദാഹരണങ്ങളോ ഇതിലില്ല. എന്നിരുന്നാലും ലോകത്തിലെ തന്നെ വലിയ മൊബൈല്‍ ഫോണ്‍ ഡാറ്റ ചിപ് നിര്‍മാതാക്കള്‍ക്കെതിരായി നടന്ന ഗൂഢപദ്ധതി ആഗോളതലത്തില്‍ രോഷത്തിന് കാരണമായിട്ടുണ്ട്. സിം കാര്‍ഡുകളും ക്രെഡിറ്റ് കാര്‍ഡുകളും നിര്‍മിക്കുന്ന നെതര്‍ലാന്‍ഡ് ആസ്ഥാനമായുള്ള ജിമാള്‍ടോയെയാണ് ഇരു രഹസ്യാന്വേഷണ വിഭാഗവും ലക്ഷ്യം വെച്ചത്. എന്നാല്‍ വാര്‍ത്ത സംബന്ധിച്ച് അമേരിക്കന്‍ ദേശീയ സുരക്ഷാ ഏജന്‍സി ഇതുവരെ പ്രതികരിച്ചിട്ടില്ല.