Connect with us

Ongoing News

കെ എസ് ആര്‍ ടി സി ബസ് ഡേ ആചരിച്ചു

Published

|

Last Updated

തിരുവനന്തപുരം: ആദ്യ ദിനത്തിന്റെ സ്മരണയുണര്‍ത്തി കെ എസ് ആര്‍ ടി സി പിറന്നാളാഘോഷിച്ചു. 1938ല്‍ ഫെബ്രുവരി 20ന് കെ എസ് ആര്‍ ടി സി സര്‍വീസ് ആരംഭിച്ചപ്പോള്‍ രാജകുടുംബാംഗങ്ങളുമായി നടത്തിയ യാത്രയെ അനുസ്മരിപ്പിക്കും വിധമായിരുന്നു 77ാം വാര്‍ഷികാഘോഷ ദിനമായ ഇന്നലെ നടത്തിയ യാത്ര. കിഴക്കേകോട്ടയില്‍നിന്ന് കവടിയാര്‍ കൊട്ടാരത്തിലേക്ക് ഡബിള്‍ ഡക്കര്‍ ബസില്‍ നടത്തിയ യാത്രയില്‍ രാജ കുടുംബാംഗങ്ങളും പൊതു ജനങ്ങളും പങ്കെടുത്തു.
സേവ് കെ എസ് ആര്‍ ടി സി ക്യാമ്പയിന്റെ ഭാഗമായി കെ എസ് ആര്‍ ടി ഇ എ സംഘടിപ്പിച്ച ബസ് ദിനാചരണത്തിന്റെ ഭാഗമായാണ് യാത്ര നടന്നത്. ആരോഗ്യകരമായ പൊതുഗതാഗതം പൊതു ആരോഗ്യത്തിന് എന്ന സന്ദേശവുമായാണ് ബസ് ഡേ ആചരിച്ചത്. കിഴക്കേകോട്ടയില്‍ കെ എസ് ആര്‍ ടി സി സി എം ഡി ആന്റണി ചാക്കോ ബസ് യാത്ര ഫഌഗ് ഓഫ് ചെയ്തു. കെ എസ്ആര്‍ ടി സി എം ഡിയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും രാജകുടുംബാംഗങ്ങളായ അശ്വതിതിരുനാള്‍ ഗൗരിലക്ഷ്മിഭായിയും ആദിത്യവര്‍മ, മാര്‍ത്താണ്ഡവര്‍മ, മഹേന്ദ്രവര്‍മ്മ തുടങ്ങിയവരും യാത്രയില്‍ പങ്കുചേര്‍ന്നു. കെ എസ് ആര്‍ ടി ഇ എ നേതാക്കളും പെന്‍ഷന്‍കാരും ഉള്‍പ്പെടെ പൊതുജനങ്ങളും യാത്രയില്‍ പങ്കാളികളായി. ചരിത്രത്തിന്റെ ഓര്‍മകളിലേക്കുള്ള ഈ യാത്ര ഏറെ സന്തോഷകരമാണെന്ന് അശ്വതിതിരുനാള്‍ ഗൗരിലക്ഷ്മിഭായി പറഞ്ഞു. പൊതുഗതാഗത സംവിധാനത്തിന് തുടക്കം കുറിച്ച ചിത്തിര തിരുനാളിന്റെ സ്മരണകള്‍ ഈ യാത്ര നമ്മിലേക്കെത്തിക്കുന്നു.
കെ എസ് ആര്‍ ടി സി നമ്മുടെ പൊതുവായ സ്വത്താണെന്നും അത് നിലനിര്‍ത്താന്‍ എല്ലാവര്‍ക്കും ബാധ്യതയുണ്ടെന്നും അവര്‍ പറഞ്ഞു. പ്രതിസന്ധികളുണ്ടെങ്കിലും തൊഴിലാളികളുടെ ഐക്യവും കൂട്ടായ്മയിലൂടെയുമാണ് ഈ സ്ഥാപനം മുന്നോട്ട് പോകുന്നതെന്ന് എം ആന്റണി ചാക്കോ പറഞ്ഞു.