Connect with us

Gulf

പറക്കാനൊരുങ്ങിയ വിമാനത്തിന്റെ വാതില്‍ തുറക്കാന്‍ ശ്രമിച്ച പാക്കിസ്ഥാനിക്ക് തടവ്

Published

|

Last Updated

ദുബൈ: നിറയെ യാത്രക്കാരുമായി ദുബൈയില്‍ നിന്ന് പാക്കിസ്ഥാനിലേക്ക് പറക്കാനൊരുങ്ങുകയായിരുന്ന വിമാനത്തിന്റെ അത്യാഹിത വാതില്‍ തുറക്കാന്‍ ശ്രമിച്ച യുവാവിന് ഒരു വര്‍ഷം തടവ്.
ദുബൈ ക്രിമിനല്‍ കോടതിയാണ് പാക്കിസ്ഥാനിയായ യുവാവിന് തടവ് ശിക്ഷ വിധിച്ചത്. വിമാനത്തിന്റെ അത്യാഹിത വാതിലിനടുത്ത് ഇരിക്കുകയായിരുന്ന ഇയാള്‍ റണ്‍വേയില്‍ നീങ്ങാന്‍ തുടങ്ങിയ വിമാനത്തിന്റെ വാതില്‍ അകാരണമായി തുറക്കാന്‍ ശ്രമിക്കുകയായിരുന്നെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു.
യാത്രക്കാരെയും ജോലിക്കാരെയും വിമാനത്തിനെയും അപകടത്തിലാക്കുന്ന രീതിയില്‍ വാതില്‍ തുറക്കാന്‍ ശ്രമിച്ച യുവാവിനെ തടയാന്‍ സഹയാത്രികരും വിമാന ജോലിക്കാരും ശ്രമിച്ചെങ്കിലും ഇയാള്‍ അക്രമാസക്തനാവുകയായിരുന്നു. എയര്‍ ഹോസ്റ്റസിലൊരാളെ ഇയാള്‍ തള്ളുകയും ചെയ്തു.
പൈലറ്റിനെ വിവരമറിയിച്ചതനുസരിച്ച് യാത്ര തല്‍ക്കാലത്തേക്ക് റദ്ദ് ചെയ്ത വിമാനം പാര്‍ക്കിംഗ് ബേയില്‍ തിരിച്ചെത്തിച്ചു. വിമാനജോലിക്കാര്‍ വിവരമറിയിച്ചതനുസരിച്ച് പോലീസ് യുവാവിനെ അറസ്റ്റ് ചെയ്തു. സ്വദേശിയുടെ തോട്ടത്തില്‍ കര്‍ഷകനായി ജോലിചെയ്തിരുന്ന യുവാവിന്റെ മാനസിക നില തെറ്റിയിട്ടില്ലെന്ന് വിദഗ്ധ പരിശോധനയിലൂടെ ഉറപ്പ് വരുത്തിയ ശേഷമാണ് യുവാവിനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
സംഭവത്തിനു ശേഷം രണ്ടു മണിക്കൂര്‍ വൈകി വിമാനം യാത്ര തുടര്‍ന്നു. മറ്റുള്ളവരുടെയും തന്റെയും ജീവന്‍ അകാരണമായി അപകടപ്പെടുത്താന്‍ ശ്രമിച്ച യുവാവിനെ ഒരു വര്‍ഷം തടവിലിടാന്‍ വിധിച്ച കോടതി ശിക്ഷാകാലാവധി അവസാനിച്ചാല്‍ ഇയാളെ നാടുകടത്താനും ഉത്തരവിട്ടിട്ടുണ്ട്.

---- facebook comment plugin here -----

Latest