Connect with us

Gulf

എറമുവിന് താങ്ങാനാകുന്നില്ല, ഉസ്താദിന്റെ വിയോഗം

Published

|

Last Updated

ദുബൈ: 28 വര്‍ഷമായി സഅദിയ കോളജില്‍ എം എ ഉസ്താദിന്റെ സന്തത സഹചാരിയായ എറമുല്ലാഹ് എന്ന എറമുവിന് ഉസ്താദിന്റെ വേര്‍പാട് താങ്ങാനാകാത്തത്. ഏതാനും ദിവസം മുമ്പാണ് ദുബൈ സന്ദര്‍ശനത്തിനായി എറമു എത്തിയത്. ഇവിടെ എത്തിയപ്പോള്‍ താങ്ങാനാകാത്ത വാര്‍ത്ത നാട്ടില്‍ നിന്ന് അറിവായി. ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റെ വാന്‍ ഡ്രൈവറായാണ് മേല്‍പറമ്പ് സ്വദേശിയായ എറമു സഅദിയ്യയിലേക്ക് എത്തുന്നത്. മൂന്ന് വര്‍ഷത്തിന് ശേഷം എം.എ ഉസ്താദിന്റെ കാറിന്റെ ഡ്രൈവറായി. 25 വര്‍ഷം എം എ ഉസ്താദിന് വേണ്ടി കാറോടിച്ചു. അന്നുതൊട്ട് ഇതുവരെ എല്ലാ യാത്രയിലും ഉസ്താദിനോടൊപ്പം. പക്ഷേ, ഉസ്താദിനെ അവസാനമായി ഒന്നു കാണാനായില്ല. സുഹൃത്തുക്കളുടെ ആശ്വസിപ്പിക്കലിനിടയിലും മണലാരണ്യത്തില്‍ വിതുമ്പുകയാണ് എംഎ ഉസ്താദിന്റെ ഡ്രൈവര്‍.
കഴിഞ്ഞ വ്യാഴാഴ്ചയാണ് സന്ദര്‍ശക വിസയില്‍ എറമു ദുബൈയിലേക്ക് മംഗളൂരുവില്‍ നിന്നും വിമാനം കയറിയത്. ഉസ്താദിന്റെ നിര്‍ദേശപ്രകാരമായിരുന്നു യാത്ര. “എനിക്കിനി വലിയ യാത്രകളില്ല, കുറച്ചു വിശ്രമിക്കണം, നീ ദുബൈായിയൊക്കെ കണ്ടു വരൂ… 25 വര്‍ഷം എവിടെയും പോവാതെ കൂടെയുണ്ടായതല്ലെ… എന്ന് ഉസ്താദ് പറഞ്ഞത് ഓര്‍ത്തെടുക്കുമ്പോള്‍ എറമുവിന്റെ ശബ്ദം ഇടറി”
ഭാര്യയും നാല് മക്കളുമുള്ള എറമുവിന്റെ കുടുംബത്തിന് എല്ലാമെല്ലാമാണ് എം എ ഉസ്താദ്. തന്റെ ജീവിതത്തില്‍ എല്ലാം നല്‍കിയത് ഉസ്താദെന്ന വലിയ മനുഷ്യനാണെന്ന് എറമു ഓര്‍ക്കുന്നു. ജീവിത കഷ്ടപ്പാടുകള്‍ക്കും പ്രാരാബ്ദങ്ങള്‍ക്കും എന്നും ആശ്വാസമായിരുന്നു ഉസ്താദെന്ന് എറമു പറയുന്നു. കൃത്യതയായിരുന്നു ഉസ്താദിന്റെ പ്രത്യേകത.
സമയത്തിന് മുന്നേ യാത്രക്കായി ഒരുങ്ങും. ഏറ്റ സമയത്തിന് തന്നെ സ്ഥലത്തെത്തണം. വെറുതെ സമയം നഷ്ടപ്പെടുന്നത് ഉസ്താദ് ഇഷ്ടപ്പെട്ടിരുന്നില്ല. ഒരോ സമയവും വിലപ്പെട്ടതാണെന്ന് എന്നും ഉസ്താദ് ഓര്‍മിപ്പിക്കും. ഉസ്താദിന്റെ ലാളിത്യത്തെ കുറിച്ച് പറയാന്‍ എറമുവിന് നൂറുനാവ്. ഇനിയൊരിക്കലും ഉസ്താദിന്റെ കൂടെയൊരു യാത്രയുണ്ടാകില്ലെന്ന് തിരിച്ചറിയുമ്പോള്‍ എറമുവിന് വിതുമ്പലടക്കാന്‍ കഴിയുന്നില്ല. എത്രയും പെട്ടെന്ന് ഉസ്താദിന്റെ അന്ത്യവിശ്രമ സ്ഥലത്തെത്തി പ്രാര്‍ഥന നടത്താന്‍ സമയം കാത്തിരിക്കുകയാണ് മനോവേദനയോടെ എറമു. ഉസ്താദിന്റെ ഖബര്‍ സിയാറത്ത് നടത്തുന്നതിന് എത്രയും പെട്ടെന്ന് നാട്ടിലെത്താനൊരുങ്ങുകയാണ് എറമു. മൊബൈല്‍: 00971556867930.