Connect with us

Gulf

കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ കാമ്പയിന്‍ ആരംഭിച്ചു

Published

|

Last Updated

ദുബൈ: വാഹനങ്ങളില്‍ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ ലക്ഷ്യമിട്ട് ദുബൈയിലെ വിദ്യാലയം സുരക്ഷാ കാമ്പയിന്‍ സംഘടിപ്പിച്ചു. യൂണിവേഴ്‌സല്‍ അമേരിക്കന്‍ സ്‌കൂളിലെ പാരന്റ്‌സ് ടീച്ചേഴ്‌സ് ഓര്‍ഗനൈസേഷനാണ് ഇത്തരം ഒരു കാമ്പയിന് സംഘടിപ്പിച്ചത്. കുട്ടികള്‍ സഞ്ചരിക്കുന്ന വാഹനങ്ങളുടെ പിന്നിലെ സീറ്റിലും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കാന്‍ അധികൃതര്‍ നിയമ നിര്‍മാണം നടത്തണമെന്ന് പി ടി ഒ ഭാരവാഹികള്‍ ആവശ്യപ്പെട്ടു. ദുബൈ പോലീസിന്റെ ഗതാഗത വിഭാഗവുമായി സഹകരിച്ചാണ് ബോധവത്കരണ പരിപാടി.
നിലവില്‍ പിന്നിലെ സീറ്റില്‍ യാത്ര ചെയ്യുന്നവര്‍ സീറ്റ് ബെല്‍റ്റ് ധരിക്കണമെന്ന് നിയമം നിര്‍ബന്ധിക്കുന്നില്ലെന്ന് ബോധവത്കരണത്തില്‍ പങ്കെടുക്കാന്‍ എത്തിയ ദുബൈ ട്രാഫിക് പോലീസ് ഓഫീസര്‍ ജുമ അലി സെയ്ഫ് ബിന്‍ ഹുമൈദാന്‍ വ്യക്തമാക്കി. എന്നാല്‍ ഇത്തരം പരിപാടികള്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. ഇത് കുട്ടികളെയും രക്ഷിതാക്കളെയും ഒരുപോലെ ബോധവത്ക്കരിക്കാന്‍ ഉതകുമെന്നാണ് പ്രതീക്ഷ. ദുബൈയിലെ നിലവില നിയമപ്രകാരം മുന്‍ സീറ്റില്‍ ഇരിക്കുന്ന ഡ്രൈവറും സഹയാത്രികനുമാണ് സീറ്റ് ബെല്‍റ്റ് ധരിക്കേണ്ടത്. കുട്ടികളെ സീറ്റ് ബെല്‍റ്റ് ഇടാതെ മുന്‍ സീറ്റില്‍ ഇരുത്തി യാത്ര ചെയ്താല്‍ രക്ഷിതാക്കളില്‍ നിന്നു 410 ദിര്‍ഹം വരെയാണ് പിഴയായി ഈടാക്കുന്നത്.
സീറ്റ് ബെല്‍റ്റ് ധരിപ്പിച്ച് കുട്ടികളെ കൊണ്ടുപോകുന്നതിനെക്കുറിച്ച് രക്ഷിതാക്കളെ ബോധവത്കരിക്കാന്‍ ദുബൈ പോലീസ് ശക്തമായ കാമ്പയിന്‍ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ഞായറാഴ്ചയാണ് ഇതിന് തുടക്കമിട്ടത്. ഒരാഴ്ചത്തെ ബോധവത്കരണ പരിപാടിക്ക് ഇന്നലെ അവസാനമായെന്നും അദ്ദേഹം പറഞ്ഞു. ഓരോ ദിനത്തിലും 400 ഓളം രക്ഷിതാക്കളെയും വിദ്യാര്‍ഥികളെയുമാണ് ഈ വിഷയത്തില്‍ കാമ്പയിന്‍ കാലത്ത് ബോധവത്കരിച്ചത്. സീറ്റ് ബെല്‍റ്റ് ധരിച്ച് യാത്ര ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്ക് ബോധവത്കരണ കാലയളവില്‍ ദുബൈ പോലീസിന്റെ ഗാതാഗത വിഭാഗം ചോക്ലേറ്റുകള്‍ സമ്മാനമായി നല്‍കിയിരുന്നു.
സീറ്റ് ബെല്‍റ്റ് കാമ്പയിന്‍ കാലത്ത് നിരവധി പേര്‍ നിയമം ലംഘിക്കുന്നതായി കണ്ടെത്താനായെന്ന് അല്‍ റാശിദിയ പോലീസ് സ്‌റ്റേഷനിലെ ലഫ്. കെണല്‍ എക്‌സ്റ്റെന്‍ഷന്‍ ഒമര്‍ മൂസ ഹസ്സന്‍ അഷൂര്‍ വെളിപ്പെടുത്തി. റോഡ് സുരക്ഷ ഉറപ്പാക്കുന്നതില്‍ അതിപ്രധാനമായ പങ്കാണ് സീറ്റ് ബെല്‍റ്റിന് വഹിക്കാനുള്ളത്. യാത്രക്കാരുടെ ജീവന്‍ രക്ഷിക്കുന്നതിന് എപ്പോഴും ഇടയാക്കുന്നത് സീറ്റ് ബെല്‍റ്റാണെന്നത് നാം മറന്നുകൂടെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.