Connect with us

Gulf

സി ബി എസ് ഇ വാര്‍ഷിക പരീക്ഷ മാര്‍ച്ച് രണ്ടിന് തുടങ്ങും

Published

|

Last Updated

ഷാര്‍ജ: ഇന്ത്യന്‍ വിദ്യാലയങ്ങളിലെ സി ബി എസ് ഇ വാര്‍ഷിക പരീക്ഷ അടുത്തമാസം രണ്ടിന് ആരംഭിക്കും. പത്താംതരം പരീക്ഷ മൂന്നിനും പന്ത്രണ്ടാം തരം പരീക്ഷ രണ്ടിനുമാണ് തുടങ്ങുക. രാജ്യത്ത് 18 പരീക്ഷ കേന്ദ്രങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഏകദേശം 12,000 ഓളം കുട്ടികള്‍ പത്താംതരം പരീക്ഷയെഴുതും. 7,000 ഓളം വിദ്യാര്‍ഥികളാണ് പന്ത്രണ്ടാം തരം പരീക്ഷ എഴുതുക. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇക്കുറി രണ്ടു ക്ലാസുകളിലും പരീക്ഷ എഴുതുന്ന കുട്ടികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ട്. പരീക്ഷ കേന്ദ്രങ്ങളുടെ എണ്ണവും കൂടിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 17 ആയിരുന്നത് ഇക്കുറി 18 ആയി. ഷാര്‍ജയിലെ ഡല്‍ഹി പ്രൈവറ്റ് സ്‌കൂളാണ് പുതുതായി ആരംഭിക്കുന്ന പരീക്ഷാ കേന്ദ്രം. ഈ കേന്ദ്രത്തിലാണ് ഷാര്‍ജ ഇന്ത്യന്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതുക.

കഴിഞ്ഞ തവണ ഔര്‍ ഓണ്‍ ഇംഗ്ലീഷ് സ്‌കൂളായിരുന്നു കേന്ദ്രം. 399 കുട്ടികള്‍ പത്താംതരം പരീക്ഷയും 335 വിദ്യാര്‍ഥികള്‍ പന്ത്രണ്ടാം തരം പരീക്ഷയും എഴുതും. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ പരീക്ഷ എഴുതുന്ന കുട്ടികളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്.
ഷാര്‍ജ ഇന്ത്യന്‍ സ്‌കൂളിലെ പരീക്ഷ കേന്ദ്രത്തില്‍ ഔര്‍ ഓണ്‍ ഇംഗ്ലീഷ് സ്‌കൂള്‍, എമിറേറ്റ്‌സ് ഇന്റര്‍നാഷനല്‍ സ്‌കൂള്‍, റാഡിയന്റ് സ്‌കൂള്‍, ന്യൂ ഇന്ത്യന്‍ സ്‌കൂള്‍, അല്‍ സബ ഇന്ത്യന്‍ സ്‌കൂള്‍ ദൈദ് എന്നിവിടങ്ങളിലെ വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതും. സി ബി എസ് ഇ ഒമ്പതാം തരം പരീക്ഷ മാര്‍ച്ച് എട്ടിന് ആരംഭിക്കും.
ഗള്‍ഫ് കൗണ്‍സില്‍ പതിനൊന്നാം തരം കോമണ്‍ പരീക്ഷ ഈ മാസം 22നു തുടങ്ങി മാര്‍ച്ച് അഞ്ചിനു സമാപിക്കും. ഷാര്‍ജ വിദ്യാഭ്യാസ മന്ത്രാലയം നേരിട്ട് നടത്തുന്ന ആറ് മുതല്‍ ഒമ്പത് വരെ ക്ലാസുകളിലെ അറബിക്, ഇസ്‌ലാമിക് സ്റ്റഡീസ്, യു എ ഇ സോഷ്യല്‍ സ്റ്റഡീസ് എന്നീ പരീക്ഷകള്‍ മാര്‍ച്ച് ഒന്നുമുതല്‍ മൂന്ന് വരെ തീയതികളില്‍ നടക്കും.
മാര്‍ച്ച് രണ്ടിന് ആരംഭിക്കുന്ന പന്ത്രണ്ടാം തരത്തിന്റെ ആദ്യപരീക്ഷ ഇംഗ്ലീഷ് കോര്‍ ആണ്. ഏപ്രില്‍ 20നാണ് പന്ത്രണ്ടാം തരം പരീക്ഷ സമാപിക്കുക. അതേസമയം, പത്താംതരം പരീക്ഷ മാര്‍ച്ച് 24നു അവസാനിക്കും. പത്താംതരത്തിലെ ആദ്യപരീക്ഷ സയന്‍സാണ്.
പന്ത്രണ്ടാം തരം പരീക്ഷാ ടൈംടേബിള്‍ പ്രകാരം മാര്‍ച്ച് നാല് ബിസിനസ് സ്റ്റഡീസ്, ഒമ്പതിന് ഫിസിക്‌സ്, 10ന് ഹിസ്റ്ററി, മാര്‍ക്കറ്റിംഗ് സെക്കന്റ്, 12ന് കെമിസ്ട്രി, 18ന് മാത്തമാറ്റിക്‌സ്, 20ന് ഇക്കണോമിക്‌സ്, 23ന് ബയോളജി, 24ന് പൊളിറ്റിക്കല്‍ സയന്‍സ്, 26ന് ഹോം സയന്‍സ്, 27ന് കമ്പ്യൂട്ടര്‍ സയന്‍സ്, ഇന്‍ഫോര്‍മാറ്റിക്‌സ് പ്രാക്ടീസസ്, 31ന് സോഷ്യോളജി, ഏപ്രില്‍ ആറിന് എക്കൗണ്ടിംഗ്, ഏഴിന് എന്റര്‍പ്രണര്‍ഷിപ്പ്, 20ന് സൈക്കോളജി എന്നിവയാണ്
പത്താംതരം പരീക്ഷ മാര്‍ച്ച് നാലിന് ഫ്രഞ്ച്, 10ന് സോഷ്യല്‍ സയന്‍സ്, 12ന് ഹിന്ദി കോഴ്‌സ്-ബി, 16ന് മാത്തമാറ്റിക്‌സ്, 19ന് ഇംഗ്ലീഷ്, 23ന് മലയാളം, അറബിക്, 24ന് ഉറുദു കോഴ്‌സ്-ബി.
പരീക്ഷാ തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി വരികയാണെന്ന് സി ബി എസ് ഇ മുന്‍ഗള്‍ഫ് കൗണ്‍സില്‍ ചെയര്‍മാനും ഷാര്‍ജ ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പാളുമായ കെ ആര്‍ രാധാകൃഷ്ണന്‍ നായര്‍ പറഞ്ഞു. പരീക്ഷക്കു വിദ്യാര്‍ഥികളും ഒരുങ്ങിക്കഴിഞ്ഞിട്ടുണ്ട്. ചോദ്യപേപ്പറുകള്‍ ഇന്ത്യന്‍ എംബസികളുടെ മേല്‍നോട്ടത്തിലാണ് സൂക്ഷിക്കുക. അതാത് ദിവസങ്ങളിലെ ചോദ്യപേപ്പറുകള്‍ അന്നന്ന് രാവിലെ പരീക്ഷ കേന്ദ്രങ്ങളില്‍ സുരക്ഷിതമായി എത്തിക്കും. കുറ്റമറ്റ രീതിയിലാണ് പരീക്ഷക്കുള്ള ഒരുക്കങ്ങള്‍ കേന്ദ്രങ്ങളില്‍ പൂര്‍ത്തീകരിച്ചിട്ടുള്ളത്.
അതേസമയം, വിദ്യാലയങ്ങളില്‍ ഒന്നു മുതല്‍ എട്ട് വരെ ക്ലാസുകളിലെ വാര്‍ഷിക പരീക്ഷ മാര്‍ച്ച് ഒന്നിന് തുടങ്ങി 15ന് അവസാനിക്കും. തുടര്‍ന്ന് പ്രസ്തുത ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കു അവധിയായിരിക്കും. കിന്റര്‍ഗാര്‍ട്ടന്‍ കുട്ടികള്‍ക്കു പരീക്ഷയില്ല.
ഏപ്രില്‍ ആദ്യവാരത്തിലാണ് പുതിയ അധ്യയനവര്‍ഷം ആരംഭിക്കുക. ഈ അധ്യയനവര്‍ഷം മാര്‍ച്ച് 31 ഓടെ അവസാനിക്കും. അതിനു മുമ്പ് പന്ത്രണ്ടാം തരം പരീക്ഷ ഒഴികെയുള്ള മുഴുവന്‍ പരീക്ഷകളും തീര്‍ക്കും.

 

Latest