Connect with us

Palakkad

ദേശീയ പാത വികസനം: മംഗലംപാലത്തെ കടകള്‍ പൊളിച്ചു നീക്കി

Published

|

Last Updated

വടക്കഞ്ചേരി: ദേശീയ പാത വികസനം, മംഗലംപാലത്തെ കടകള്‍ പൊളിച്ച് നീക്കി. കോണ്‍ഗ്രസ് ഓഫീസ് പൊളിക്കാന്‍ അധികൃതര്‍ക്ക് മടി.
വടക്കഞ്ചേരി- വാളയാര്‍ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് മംഗലംപാലത്ത് മാത്രമാണ് കടകള്‍ പൊളിക്കാന്‍ ബാക്കിയുണ്ടായിരുന്നത്. കടകള്‍ പൊളിക്കുന്നതുമായി ബന്ധപ്പെട്ട് അധികൃതരും ഉടമകളും തമ്മിലുള്ള തര്‍ക്കം നീണ്ട് പോകുകയായിരുന്നു. ഇതിനിടയില്‍ കുറേ കടക്കാര്‍ സ്വയമേ പൊളിച്ച് മാറ്റിയപ്പോള്‍ അവശേഷിക്കുന്നവ വ്യാഴ്ച രാവിലെ അധികൃതര്‍ ജെ സി ബി ഉപയോഗിച്ച് പൊളിക്കുകയായിരുന്നു. മംഗലം പാലത്തെ കടകള്‍ പൊളിക്കുന്നതുമായി ബന്ധപ്പെട്ട് കോടതിയില്‍ കേസുള്ളതും പ്രവര്‍ത്തനങ്ങള്‍ നീണ്ട് പോകാന്‍ കാരണമായി.
വ്യാഴാഴ്ച രാവിലെ ആലത്തൂര്‍ തഹസില്‍ദാര്‍ സി അജിത് കുമാറിന്റെ നേതൃത്വത്തിലെത്തിയ റവന്യൂ സംഘം കടകള്‍ പൊളിക്കാന്‍ ഉത്തരവിടുകയായിരുന്നു. കടയുടമകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയെങ്കിലും പോലീസിന്റെ സഹായത്തോടെ പൊളിച്ച് മാറ്റി. ആറ് കടകളാണ് വ്യാഴാഴ്ച പൊളിച്ചത്. ഇതിനിടയില്‍ ഇവിടെയുള്ള ഐ എന്‍ ടി യു സിയുടെ ഓഫീസ് പൊളിക്കാന്‍ നിന്നത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഭീഷണിയെ തുടര്‍ന്ന് അധികൃതര്‍ വേണ്ടെന്ന് വെച്ചു. ഇത് മറ്റുകടക്കാരില്‍ വന്‍പ്രതിഷേധത്തിനിടയാക്കി.
റവന്യൂ- ഹൈവേ അതോറിറ്റി അധികൃതര്‍ക്ക് പുറമെ നെന്മാറ സി ഐ, വടക്കഞ്ചേരി എസ് ഐ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തിയിരുന്നു.