Connect with us

Malappuram

കൊണ്ടോട്ടി പഞ്ചായത്ത് പ്രസിഡന്റിനെ അവിശ്വാസത്തിലൂടെ പുറത്താക്കി

Published

|

Last Updated

കൊണ്ടോട്ടി: കൊണ്ടോട്ടി പഞ്ചായത്തില്‍ യു ഡി എഫ് ഘടക കക്ഷികളായ കോണ്‍ഗ്രസും ലീഗും തമ്മില്‍ തെറ്റിയതോടെ കോണ്‍ഗ്രസ് അംഗമായ കൊണ്ടോട്ടി പഞ്ചായത്ത് പ്രസിഡന്റിനെ ലീഗ് അവിശ്വാസത്തിലൂടെ പുറത്താക്കി.

ഇന്നലെ നടന്ന അവിശ്വാസ പ്രമേയ വോട്ടെടുപ്പില്‍ ആറിനെതിരെ ഒമ്പത് വോട്ടുകള്‍ക്കാണ് അവിശ്വാസം പാസായത്. അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച് ഒമ്പതും എതിര്‍ത്ത് ആറും വോട്ടുകള്‍ രേഖപ്പെടുത്തി. സി പി എമ്മിലെ രണ്ട് അംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് മാറി നിന്നു. 17 അംഗ ഭരണ സമിതിയില്‍ ലീഗ് ഒമ്പത്, കോണ്‍ഗ്രസ് ആറ്, സി പി എം രണ്ട് എന്നിങ്ങിനെയാണ് കക്ഷി നില. അവിശ്വാസം പാസായതോടെ വി ടി ഫൗസിയക്ക് പ്രസിഡന്റ്സ്ഥാനം നഷ്ടമായി. കൊണ്ടോട്ടി ബി ഡി ഒ അബ്ദുല്‍ മജീദ് റിട്ടേണിംഗ് ഓഫീസറായിരുന്നു.
പഞ്ചായത്ത് പ്രസിഡന്റ് ലീഗിനെ അവമതിച്ച് തന്നിഷ്ട പ്രകാരം ഭരണം നടത്തുന്നതും പഞ്ചായത്തിന്റെ മുറ്റം വിഭജിച്ച് സ്വകാര്യ വ്യക്തിയുടെ സ്ഥലത്തേക്ക് റോഡ് വെട്ടാനുള്ള നീക്കവും ഐ സി ഡി എസ് സൂപ്പര്‍വൈസറെ അകാരണമായി സ്ഥലം മാറ്റിയതുമുള്‍പ്പടെയുള്ള കാര്യങ്ങളാണ് അവിശ്വാസം കൊണ്ടുവരാന്‍ ലീഗിനെ പ്രേരിപ്പിച്ചത്. കഴിഞ്ഞ മൂന്നിനാണ് അവിശ്വാസത്തിനുള്ള നോട്ടീസ് നല്‍കിയിരുന്നത്.
അവിശ്വാസം ഒഴിവാക്കാന്‍ ലീഗ് ജില്ലാ നേതൃത്വം ശക്തമായി ഇടപെട്ടെങ്കിലും പഞ്ചായത്ത് ലീഗ് നേതൃത്വവും ലീഗ് അംഗങ്ങളും ഇതിനെതിരെ ഉറച്ച നിലപാടെടുക്കുകയായിരുന്നു. അവിശ്വാസത്തിനെതിരെ ലീഗ് നേതൃത്വം വിപ്പ് നല്‍കിയിരുന്നെങ്കിലും വിപ്പ് കൈപ്പറ്റാന്‍ അംഗങ്ങള്‍ തയ്യാറായില്ല. ഇന്നലെ തന്നെ അംഗങ്ങള്‍ അജ്ഞാത കേന്ദ്രത്തിലായിരുന്നു. രാവിലെ പത്ത് മണിക്ക് മുമ്പായി തന്നെ പ്രസിഡന്റും കോണ്‍ഗ്രസ് അംഗങ്ങളും പഞ്ചായത്ത് ഓഫീസില്‍ എത്തി. ലീഗ് അംഗങ്ങള്‍ വിപ്പ് ഭയന്ന് കൃത്യ സമയത്താണ് എത്തിയത്. 10.30ന് തുടങ്ങിയ അവിശ്വാസ പ്രമേയ ചര്‍ച്ച 12.30 ഓടെ പൂര്‍ത്തിയായി. വോട്ടെടുപ്പ് നടന്നു. അവിശ്വാസം ആറിനെതിരെ ഒമ്പത് വോട്ടുകള്‍ക്ക് പാസായതായി വരണാധികാരി പ്രഖ്യാപിച്ചു.
ലീഗിലേയും കോണ്‍ഗ്രസിലേയും പ്രവര്‍ത്തകരുടെ വന്‍ നിര പഞ്ചായത്ത് ഓഫീസില്‍ തടിച്ചു കൂടിയിരുന്നു. അവിശ്വാസം പാസായതും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പുറത്താക്കപ്പെട്ട പ്രസിഡന്റ് ഫൗസിയയേയും മറ്റ് അംഗങ്ങളേയും മാലയിട്ട് സ്വീകരിച്ച് പ്രകടനം നടത്തി. ലീഗിനെതിരെ രൂക്ഷമായ ഭാഷയില്‍ മുദ്രാവാക്യം വിളിച്ചായിരുന്നു പ്രകടനം. തൊട്ടു പിന്നാലെ ലീഗ് പ്രവര്‍ത്തകരുടെയും പ്രകടനം നടന്നു. ഇരു പ്രകടനങ്ങളും ടൗണില്‍ നേര്‍ക്കു നേര്‍ കണ്ടതും സംഘര്‍ഷത്തിലേക്ക് നീങ്ങി. വന്‍ പോലീസ് സന്നാഹം സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നതിനാല്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവായി. മുസ്‌ലിം ലീഗ് പ്രകടനത്തിന് പി വി അബ്ദുല്‍ ലത്തീഫ്, മഹബൂബ് എടക്കോട്ട്, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഉമര്‍ ഫാറൂഖ്, ഇ എം റശീദ് നേതൃത്വം നല്‍കി. കോണ്‍ഗ്രസ് പ്രകടനത്തിന് കെ കെ ആലിബാപ്പു, അബ്ദുല്ല കുട്ടി, പി പി മൂസ, വി ടി ഫൗസിയ നേതൃത്വം നല്‍കി.
കൊണ്ടോട്ടി പഞ്ചായത്തില്‍ പ്രസിഡന്റ്സ്ഥാനം ഇല്ലാതായതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് റിട്ടേര്‍ണിംഗ് ഓഫീസര്‍ അറിയിച്ചു. 15 ദിവസത്തിനകം പുതിയ പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടന്നേക്കും.

Latest