ആലങ്കോട് പഞ്ചായത്തിന് ഓരോ മാസവും ലക്ഷങ്ങളുടെ നഷ്ടം

Posted on: February 20, 2015 9:55 am | Last updated: February 20, 2015 at 9:55 am

ചങ്ങരംകുളം: ബസ്സ്റ്റാന്‍ഡ് കം ഷോപ്പിംഗ് കോംപ്ലക്‌സിന്റെ നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തിയായില്ല. ചങ്ങരംകുളത്തിന്റെ മുഖഛായ മാറ്റുന്ന പ്രധാന വികസന പദ്ധതിയായ ചങ്ങരംകുളം ബസ് സ്റ്റാന്‍ഡ് കം ഷോപ്പിംഗ് കോംപ്ലക്‌സിന്റെ നിര്‍മാണ പ്രവൃത്തികളാണ് മാസങ്ങളായി മുടങ്ങി കിടക്കുന്നത്.
പദ്ധതി പൂര്‍ത്തിയാകാതെ കിടക്കുന്നതിനാല്‍ ആലംങ്കോട് ഗ്രാമ പഞ്ചായത്തിന് ഓരോ മാസവും ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് സംഭവിക്കുന്നത്. പദ്ധതിയുടെ ആദ്യഘട്ടം ഷോപ്പിംഗ് കോംപ്ലക്‌സിന്റെ ഒന്നാം നിലയുടെ നിര്‍മാണ പ്രവൃത്തികളാണ് നടക്കുന്നത്. ഒരു കോടി 17 ലക്ഷം രൂപ ചെലവ് വരുന്ന പദ്ധതിക്കു വേണ്ടി 85 ലക്ഷം രൂപയാണ് പഞ്ചായത്ത് വായ്പയെടുത്തിരിക്കുന്നത്. കേരള അര്‍ബന്‍ ആന്റ് റൂറല്‍ ഡവലപ്പ്‌മെന്റ് ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനില്‍ നിന്നാണ് പദ്ധതിക്കുവേണ്ടി പഞ്ചായത്ത് വായ്പയെടുത്തിരിക്കുന്നത്. നേരത്തെ നിലവിലുണ്ടായിരുന്ന ബസ്സ്റ്റാന്‍ഡിലേക്ക് ദീര്‍ഘദൂര ബസുകള്‍ക്ക് കയറാന്‍ പ്രയാസമായതോടെയാണ് ഹൈവേ ജംഗ്ഷനില്‍ പുതിയ ബസ്സ്റ്റാന്‍ഡ് നിര്‍മിക്കാന്‍ പഞ്ചായത്ത് പദ്ധതി തയ്യാറാക്കിയത്.
ഇതിനുവേണ്ടി ഹൈവേ ജംഗ്ഷന് സമീപം സ്ഥിതി ചെയ്തിരുന്ന പഴയ റഗുലേറ്റഡ് മാര്‍ക്കറ്റിന്റെ സ്ഥലം പഞ്ചായത്ത് വിലക്ക് വാങ്ങുകയായിരുന്നു. ഇതിനുഅനുബന്ധമായി കിടക്കുന്ന ആലങ്കോട് വില്ലേജ് ഓഫീസും 10 സെന്റ് സ്ഥലവും പദ്ധതിക്കുവേണ്ടി ഏറ്റെടുക്കും. വില്ലേജ് ഓഫീസ് ഏറ്റെടുക്കുന്നതിന് പകരമായി പത്ത്‌സെന്റ് സ്ഥലത്ത് വില്ലേജ് ഓഫീസിനായി പഞ്ചായത്തിന്റെ ചിലവില്‍ കെട്ടിടവും നിര്‍മിച്ചു നല്‍കാമെന്ന് ധാരണയായിരുന്നു. വില്ലേജിന് വേണ്ടി പഴയ ബസ്റ്റാന്‍ഡില്‍ കെട്ടിട നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്.
വില്ലേജ് ഓഫീസ് പുതിയ കെട്ടിത്തിലേക്ക് മാറ്റിയാല്‍ മാത്രമെ പഴയ കെട്ടിടവും സ്ഥലവും ബസ്സ്റ്റാന്‍ഡിലേക്കുള്ള റോഡിനുവേണ്ടി ഉപയോഗിക്കാന്‍ കഴിയുകയുള്ളു. വില്ലേജ് സ്ഥലം മാറ്റാന്‍ കാലതാമസം നേരിടുന്നതും പദ്ധതി പൂര്‍ത്തീകരണത്തിന് തടസം നേരിടുന്നു. ഒന്നാം നിലയുടെ നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തിയായെങ്കിലും അനുബന്ധമായ ചില പ്രവൃത്തികളാണ് ഇനിയും ബാക്കിയുള്ളത്.
വൈദ്യുതി കണക്ഷന്‍ ലഭ്യമാക്കുക, വില്ലേജ് ഓഫീസ് കെട്ടിടം പൊളിച്ച് ബസ്സ്റ്റാന്‍ഡിലേക്ക് റോഡ് നിര്‍മിക്കുക, ബസ് സ്റ്റാന്‍ഡ് നിര്‍മിക്കുക, ചുറ്റുമതിലിന്റെ നിര്‍മാണം തുടങ്ങിയ നിര്‍മാണ പ്രവൃത്തികളാണ് ഇനിയും ആരംഭിക്കാതെ കിടക്കുന്നത്. ഒന്നാം നിലയുടെ നിര്‍മാണം പൂര്‍ത്തിയാക്കി നാല്‍പ്പത് റൂമുകള്‍ വാടക്ക് നല്‍കുമ്പോള്‍ ലഭിക്കുന്ന അഡ്വാന്‍സ് തുകയും വാടക സംഖ്യയും ഉപയോഗിച്ച് രണ്ടാംഘട്ട നിര്‍മാണം പൂര്‍ത്തിയാക്കാനും വായ്പ തിരിച്ചടക്കാനുമായിരുന്നു പഞ്ചായത്തിന്റെ പദ്ധതി. ഇത് വൈകുന്നതോടെ ഓരോ മാസവും ലക്ഷക്കണക്കിന് രൂപയാണ് പഞ്ചായത്തിന് നഷ്ടമാകുന്നത്. വാടക ഇനത്തിലെ ലക്ഷങ്ങള്‍ നഷ്ടമാകുമ്പോള്‍ ലോണിലേക്ക് ഓരോ വര്‍ഷവും പത്ത്‌ലക്ഷം രൂപയാണ് പലിശയിനത്തില്‍ മാത്രം പഞ്ചായത്ത് നല്‍കേണ്ടിവരുന്നത്.