Connect with us

Kozhikode

മാവോയിസ്റ്റുകള്‍ മര്‍ദിച്ചെന്ന മൊഴി: ഉന്നത പോലീസ് ഉദ്യോഗസ്ഥരെത്തി അന്വേഷണം നടത്തി

Published

|

Last Updated

താമരശ്ശേരി: ആനക്കാംപൊയില്‍ വനാതിര്‍ത്തിയിലെ പന്നിഫാമില്‍ മാവോയിസ്റ്റുകള്‍ എത്തി തൊഴിലാളികളെ മര്‍ദിച്ചതായ വിവരത്തെ തുടര്‍ന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അന്വേഷണം നടത്തി. താമരശ്ശേരി ഡി വൈ എസ് പി ജെയ്‌സണ്‍ കെ അബ്രഹാം, എസ് ബി. ഡി വൈ എസ് പി, എസ് എസ് ബി. ഡി വൈ എസ് പി എന്നിവര്‍ ഉള്‍പ്പെടെയുള്ള പോലീസ് സംഘമാണ് ഇന്നലെ രാവിലെ സ്ഥലത്തെത്തി അന്വേഷണം നടത്തിയത്. പുല്ലൂരാംപാറ സ്വദേശികളായ പുത്തന്‍പുരക്കല്‍ ജോണ്‍സണ്‍, റോയി കളത്തൂര്‍ എന്നിവരുടെ ഉടമസ്ഥതയില്‍ കരിമ്പില്‍ വനാതിര്‍ത്തിയിലെ പന്നിഫാമിലാണ് ബുധനാഴ്ച വൈകിട്ട് മൂന്നരക്ക് അജ്ഞാതരായ അഞ്ചംഗ സംഘം എത്തിയതായി ഫാമിലെ തൊഴിലാളി രാജു എന്ന ഗോപകുമാര്‍ നാട്ടുകാരെ അറിയിച്ചത്.
സംഭവത്തില്‍ ദുരൂഹതയുള്ളതായും മാവോയിസ്റ്റുകളുടെ പതിവു ശൈലിയില്‍ നിന്നും വിത്യസ്തമായ പ്രവര്‍ത്തനങ്ങളാണ് നടത്തിയതെന്നുമാണ് പോലീസിന്റെ നിഗമനം. പട്ടാള വേഷം ധരിച്ച മൂന്ന് പുരുഷന്‍മാരും രണ്ട് സ്ത്രീകളും എത്തിയതായും തമിഴ് കലര്‍ന്ന മലയാളം സംസാരിച്ചതായുമാണ് രാജുവിന്റെ മൊഴി. അല്‍പം അകലെയുള്ള ചെറിയ വീട്ടില്‍ ഉറങ്ങുകയായിരുന്ന ഡ്രൈവര്‍ കാഞ്ഞങ്ങാട് സ്വദേശി കൃഷ്ണനെ വീടിനുള്ളില്‍ പൂട്ടിയിട്ടാണ് സംഘം ഫാമിലെത്തിയതെന്നും മുഖമൂടി അണിഞ്ഞ രണ്ട് സ്ത്രീകള്‍ വെള്ളം ആവശ്യപ്പെടുകയും നല്‍കാതിരുന്നപ്പോള്‍ ഇരുവരും ചേര്‍ന്ന് മര്‍ദിക്കുകയും ഫാമില്‍ നിന്നും താഴെയുള്ള വീട്ടിലേക്ക് എടുത്തുകൊണ്ടുപോയതായും രാജു പറയുന്നു. വീട്ടിലുണ്ടായിരുന്ന പൊറോട്ടയും ചുണ്ണാമ്പും ഇവര്‍ എടുത്തുകൊണ്ടുപോയതായും അരി എടുക്കാന്‍ ശ്രമിച്ചെന്നും രാജു പോലീസില്‍ മൊഴി നല്‍കി. തിരുവമ്പാടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തിയിരുന്നു.

Latest