Connect with us

Kozhikode

'റിക്ഷയും തോക്കും' നാടകം സ്വന്തം നാടിന്റെ നേര്‍ക്കാഴ്ചയെന്ന് മണിപ്പൂരി സംവിധായിക

Published

|

Last Updated

കോഴിക്കോട്: ദാരിദ്ര്യവും സംഘട്ടനങ്ങളും ആത്മസംഘര്‍ഷങ്ങളും വേട്ടയാടിക്കൊണ്ടിരിക്കുന്ന സ്വന്തം നാടിന്റെ നേര്‍കാഴ്ചയാണ് തന്റെ റിക്ഷയും തോക്കും എന്ന നാടകത്തിന്റെ പ്രമേയമെന്ന് മണിപ്പൂരി സംവിധായികയായ ഡോ. എസ് തനിന്‍ലീമ പറഞ്ഞു. ദേശീയ നാടകോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു അവര്‍.
ഒരു ജനതയുടെ യഥാര്‍ഥ ജീവിതാവസ്ഥകള്‍ ആവിഷ്‌കരിക്കുന്നതിന് തിയേറ്റര്‍ നല്ലൊരു മാധ്യമമാണ്. മണിപ്പൂരിന്റെ ഇന്നത്തെ അവസ്ഥയാണ് റിക്ഷ ആന്‍ഡ് ദ ഗണ്‍ എന്ന നാടകത്തിലൂടെ ചിത്രീകരിച്ചത്. വേദനകള്‍മൂലം വികാരങ്ങള്‍ പോലും നഷ്ടപ്പെട്ടവരാണ് മണിപ്പൂരികള്‍. മണിപ്പൂരില്‍ 1779ല്‍ തിയേറ്റര്‍ സ്ഥാപിക്കപ്പെട്ടെങ്കിലും ഇതുവരെ ഒരൊറ്റ വനിതാ സംവിധായികയും ഉണ്ടായിട്ടില്ല. നിയന്ത്രണങ്ങളുടെ നടുവിലാണ് അവിടത്തെ സ്ത്രീകള്‍. പുരുഷന്മാര്‍ സുരക്ഷിതരാണ്. മണിപ്പൂരിനു പുറത്ത് നല്ല അവസരങ്ങളും അംഗീകാരങ്ങളും കാത്തിരിക്കുന്നുണ്ടെങ്കിലും മണിപ്പൂരിന്റെ കരച്ചില്‍ തന്നെ പിന്തുടരുമെന്നും അവര്‍ പറഞ്ഞു.
നാടകോത്സവം നാളെ സമാപിക്കും. നരിപ്പറ്റ രാജു സംവിധാനം നിര്‍വഹിച്ച കുഴിവെട്ടുന്നവരോട്, പ്രവീണ്‍കുമാര്‍ ഗുഞ്ചന്‍ സംവിധാനം ചെയ്യുന്ന ഗബര്‍ഗിചോര്‍, അശോക് ശശിയുടെ തിരുമ്പി വന്താന്‍ തമ്പി എന്നിവയാണ് ഇന്ന് അരങ്ങേറുന്ന നാടകങ്ങള്‍.
രാവിലെ 9.30ന് ബെന്‍സി കൗള്‍, അജീത് സിംഗ് പലാവത്, സി ആര്‍ രാജന്‍, കെ ബി ഹരി, പ്രബലന്‍ വേളൂര്‍ എന്നിവര്‍ പങ്കെടുക്കുന്ന മുഖാമുഖവും 11 മണിക്ക് ഇന്ത്യന്‍ നാടകരംഗത്ത് റൂട്ട് തിയേറ്ററിന്റെ പ്രസക്തി എന്ന വിഷയത്തില്‍ സെമിനാറും നടക്കും. ഉച്ചക്ക് രണ്ടിന് മിഹ്‌റാജുല്‍ റഹ്മാന്‍ ബറുവയുടെ ദി നയന്‍ മന്‍ത്‌സ് എന്ന നാടക സിനിമയുടെ പ്രദര്‍ശനവുമുണ്ടാകും.

Latest