Connect with us

Kozhikode

ചേരി നിര്‍മാര്‍ജന പദ്ധതി: കരട് രേഖ അവതരിപ്പിച്ചു

Published

|

Last Updated

കോഴിക്കോട്: രാജീവ് ഗാന്ധി ആവാസ് യോജനയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന ചേരിരഹിത നഗരാസൂത്രണ കര്‍മപരിപാടിയുടെ കരട്‌രേഖ അവതരിപ്പിച്ചു. കോര്‍പറേഷന്‍ കൗണ്‍സില്‍ ഹാളില്‍ നടന്ന പരിപാടിയില്‍ നോയിഡയില്‍ നിന്നെത്തിയ ഡി എം ജി കണ്‍സള്‍ട്ടന്‍സിയാണ് കരട് അവതരിപ്പിച്ചത്. കോര്‍പറേഷന്‍ കൗണ്‍സിലര്‍മാരും നഗരത്തിന് സമീപത്തെ തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളും മറ്റ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ തുടര്‍ന്ന് വിശദമായ ചര്‍ച്ചയും നടന്നു.
2188.66 കോടി രൂപ ചെലവഴിച്ച് നടപ്പിലാക്കുന്ന പദ്ധതിയില്‍ അനുമതിക്കായി സമര്‍പ്പിച്ച ചേരികളുടെ ലിസ്റ്റില്‍ നിന്നും മാലൂര്‍കുന്ന് കോളനിക്ക് ആദ്യഘട്ടമായി കേന്ദ്ര സര്‍ക്കാര്‍ 1.88 കോടി രൂപ അനുവദിച്ചതായി കരട് രേഖ അവതരണ ചടങ്ങ് ഉദ്ഘാടനം ചെയ്ത മേയര്‍ എ കെ പ്രേമജം പറഞ്ഞു.
ജില്ലയില്‍ നിന്ന് തിരഞ്ഞെടുത്ത 75 ചേരികളില്‍ പദ്ധതി നടപ്പിലാക്കാനാണ് തീരുമാനമെന്ന് കരട് രേഖയില്‍ പറയുന്നു. കോര്‍പറേഷന്‍ പരിധിയില്‍ 63 ചേരികളും സമീപ പഞ്ചായത്തുകളായ ഫറോക്ക്, കക്കോടി, രാമനാട്ടുകര എന്നിവിടങ്ങളില്‍ നിന്നായി 12 ചേരികളുമാണ് പദ്ധതിക്ക് കീഴില്‍ വരുന്നത്. പാര്‍പ്പിട നിര്‍മാണം, അടിസ്ഥാന സൗകര്യവികസനം, ഉപജീവനോപാധികള്‍ കണ്ടെത്താന്‍ സഹായമൊരുക്കല്‍ എന്നിവയാണ് ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍.
കുടിവെള്ള വിതരണം കാര്യക്ഷമമാക്കുക, റോഡുകളും പാര്‍ക്കുകളും നിര്‍മിക്കുക എന്നിവയാണ് അടിസ്ഥാന സൗകര്യ വികസനത്തിലെ പ്രവര്‍ത്തനങ്ങള്‍. 15 വര്‍ഷം കൊണ്ട് പൂര്‍ത്തീകരിക്കേണ്ടïസമഗ്ര പദ്ധതിയാണ് വിഭാവനം ചെയ്തിരിക്കുന്നതെങ്കിലും ഏഴ് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കേണ്ട പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇപ്പോള്‍ അനുമതി തേടുന്നത്. 2188.66 കോടി രൂപയാണ് പദ്ധതി ചെലവ്. കേന്ദ്ര സര്‍ക്കാര്‍, സംസ്ഥാന സര്‍ക്കാര്‍, തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍, ഉപഭോക്താവ് എന്നിവര്‍ സംയുക്തമായാണ് ചെലവ് വഹിക്കുക. മാലൂര്‍കുന്ന് കോളനിക്ക് അനുവദിച്ചിരിക്കുന്ന 1.88 കോടി രൂപയില്‍ 85 ലക്ഷം കേന്ദ്രവും 56.4 ലക്ഷം സംസ്ഥാനവും 33.41 തദ്ദേശ സ്ഥാപനങ്ങളും 14.2 ലക്ഷം ഉപഭോക്താവുമാണ് വഹിക്കുക.
ഒരു വീടിന് 4.25 ലക്ഷം വരെയാണ് ലഭിക്കുക. പദ്ധതി നടത്തിപ്പിനായി കോര്‍പറേഷനില്‍ പ്രത്യേക സെല്‍ രൂപവത്കരിച്ചിട്ടുണ്ട്. 5787 വീടുകളുടെ നവീകരണം, 1973 പുതിയ വീടുകളുടെ നിര്‍മാണം, 471 വീടുകള്‍ സാങ്കേതിക ഇടപെടല്‍ നടത്തി ആവാസ യോഗ്യമാക്കല്‍ എന്നിവയാണ് നടപ്പിലാക്കുക.
ക്ഷേമ കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം രാധാകൃഷ്ണന്‍ അധ്യക്ഷനായിരുന്നു. ഡെപ്യൂട്ടി മേയര്‍ പി ടി അബ്ദുല്ലത്വീഫ്, കോര്‍പറേഷന്‍ പ്രതിപക്ഷ നേതാവ് എം ടി പത്മ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എം സലീം, മുനിസിപ്പല്‍ സെക്രട്ടറി ബി കെ ബല്‍രാജ്, ആര്‍ എ വൈ സി എല്‍ ടി സി ജനറല്‍ മാനേജര്‍ പി ബിജു പ്രസംഗിച്ചു. കോര്‍പറേഷന്‍ കൗണ്‍സിലര്‍മാര്‍, സമീപത്തെ പഞ്ചായത്ത് പ്രസിഡന്റുമാര്‍ എ ഡി എസ്, സി ഡി എസ് ഭാരവാഹികള്‍ പങ്കെടുത്തു.

Latest