Connect with us

Kozhikode

മടവൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് കൈപ്പറ്റിയ ശമ്പളം തിരിച്ചുപിടിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം

Published

|

Last Updated

കൊടുവള്ളി: മടവൂര്‍ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റായിരുന്ന വി ഖദീജ ടീച്ചര്‍ മടവൂര്‍ പൈമ്പാലശ്ശേരി എ എം എല്‍ പി സ്‌കൂള്‍ പ്രധാനാധ്യാപികയായി ജോലി ചെയ്ത വകയില്‍ വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് ശമ്പളമായി കൈപ്പറ്റിയ തുക തിരിച്ചുപിടിക്കാന്‍ സര്‍ക്കാര്‍ ഉത്തരവായതായി വിവരാവാകാശ രേഖ.
പൊതുപ്രവര്‍ത്തകനും സി പി ഐ നിയോജക മണ്ഡലം കമ്മിറ്റി അംഗവുമായ മടവൂര്‍ വടക്കെ നെച്ചോളി പി എന്‍ അബ്ദുര്‍റസാഖാണ് വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയിരുന്നത്. 2012 ഒക്‌ടോബര്‍ 10ന് അന്നത്തെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്ന ഖദീജ ടീച്ചര്‍ ഇരട്ടവേതനം കൈപ്പറ്റുന്നതായി കാണിച്ച് പഞ്ചായത്ത് ഡയറക്ടര്‍ക്കും തദ്ദേശസ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനും പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് രണ്ട് വര്‍ഷം പ്രസിഡന്റ് പദവി വഹിച്ച ഖദീജ ടീച്ചര്‍ രാജിവെച്ചിരുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പദവി മുഴുവന്‍ സമയ നിര്‍വഹണ അധികാരമായതിനാല്‍ പ്രസ്തുത കാലയളവില്‍ സര്‍ക്കാറില്‍ നിന്ന് ശമ്പളമായും മറ്റ് തരത്തിലും പണം കൈപ്പറ്റാന്‍ പാടില്ലെന്നാണ് നിയമം. എന്നാല്‍ സ്‌കൂള്‍ പ്രധാനാധ്യാപിക തസ്തികയില്‍ നിന്ന് ലീവെടുക്കാതെ പഞ്ചായത്ത് പ്രസിഡന്റ് പദവി വഹിച്ചുവരുന്ന കാര്യം റസാഖ് പരാതിയില്‍ ചേര്‍ത്തിരുന്നു. രാവിലെ എട്ട് മുതല്‍ 9.30 വരെയും വൈകീട്ട് അഞ്ച് മണിക്ക് ശേഷവുമാണ് താന്‍ പഞ്ചായത്ത് ഓഫീസ് പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നതെന്ന മറുപടിയാണത്രെ അവര്‍ നല്‍കിയിരുന്നത്. പഞ്ചായത്ത് ഓഫീസ് രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ച് മണിവരെ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണെന്നും ഓഫീസ്, സാമ്പത്തിക കാര്യങ്ങള്‍ ഓഫീസ് സമയത്തിന് പുറത്താണ് നടക്കുന്നതെന്നും ഇത് ഗൗരവ വിഷയമാണെന്നും കാണിച്ച് റസാഖ് വീണ്ടും പരാതി നല്‍കിയിരുന്നു. തുടര്‍നടപടികള്‍ വൈകുന്നതിനാലാണ് വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയത്.
സര്‍ക്കാര്‍ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ തുക തിരിച്ചടക്കുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ കോഴിക്കോട് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയതായി മറുപടിയില്‍ പറയുന്നുണ്ട്.
സംസ്ഥാനത്ത് മടവൂര്‍ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റിന് പുറമെ പാലക്കാട് ജില്ലയിലെ തെങ്കര ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ്, തൃശൂര്‍ ജില്ലയിലെ മുളങ്കുന്നത്ത് കാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, ആലപ്പുഴ ജില്ലയിലെ പാണ്ടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, പാലക്കാട് ജില്ലയിലെ കോട്ടോപ്പാടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്നിവര്‍ക്കുമെതിരെ ഇരട്ടവേതനം കൈപ്പറ്റിയത് സംബന്ധിച്ച് പഞ്ചായത്ത് ഡയറക്ടര്‍ക്ക് പരാതി ലഭിച്ചതായും മറുപടിയില്‍ വ്യക്തമാക്കുന്നുണ്ട്.
അതേസമയം താന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായ കാലയളവിലെ സ്‌കൂള്‍ ശമ്പളം തിരിച്ചടക്കുന്നത് സംബന്ധിച്ച് തനിക്കിതുവരെ സര്‍ക്കാറില്‍ നിന്നോ വിദ്യാഭ്യാസ വകുപ്പില്‍ നിന്നോ യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്നും ഖദീജ ടീച്ചര്‍ “സിറാജി”നോട് പ്രതികരിച്ചു.