Connect with us

Kozhikode

നിര്‍മാണം കഴിഞ്ഞിട്ടും മുക്കം കടവ്പാലം ഗതാഗതയോഗ്യമായില്ല

Published

|

Last Updated

മുക്കം: മുക്കം കടവ് പാലത്തിന്റെ പണി പൂര്‍ത്തിയായി മാസങ്ങള്‍ പിന്നിട്ടിട്ടും ഗതാഗതത്തിന് തുറക്കാനായില്ല. ഇരുപത് കോടിയോളം രൂപ ചെലവഴിച്ചാണ് രണ്ട് വര്‍ഷം മുമ്പ് പ്രവര്‍ത്തിയാരംഭിച്ചത്. 18 മാസത്തിനുള്ളില്‍ എന്ന കാലാവധിക്ക് മുമ്പ് തന്നെ പാലത്തിന്റെ പണി തീര്‍ന്നു. ആനയാംകുന്ന് ഭാഗത്തെ ബന്ധിപ്പിക്കുന്ന പാഴൂര്‍ തോട്ടത്തും കുമാരനെല്ലൂര്‍ ഭാഗത്തും അപ്രോച്ച് റോഡും പൂര്‍ത്തിയായി.
എന്നാല്‍ മുക്കം ഭാഗത്ത് സ്ഥലം വിട്ടുകിട്ടാത്തത് മൂലമാണ് പ്രവൃത്തി നടത്താന്‍ സാധിക്കാതെ വന്നത്. ഇതിനിടെ എം എല്‍ എയുടെ നേതൃത്വത്തില്‍ പരിസരവാസികളെ ചേര്‍ത്ത് യോഗം ചേര്‍ന്ന് നടപടികള്‍ ത്വരിതപ്പെടുത്തുന്നതിന് ശ്രമങ്ങള്‍ നടന്നെങ്കിലും ഒരു പ്രയോജനവുമുണ്ടായില്ല. പാലം പണി പൂര്‍ത്തിയായ ശേഷം അപ്രോച്ച് റോഡിന്റെ നടപടികള്‍ക്ക് ശ്രമിച്ചതാണ് വൈകലിന് കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്. മുക്കം കരയില്‍ എട്ട് സെന്റ് ഭൂമിയാണ് ഒരു വ്യക്തിക്ക് മാത്രം വിട്ടുകൊടുക്കേണ്ടിവരുന്നത്. പൊന്നുവില ലഭിക്കുന്ന സ്ഥലം വിട്ടുനല്‍കുന്നതിന് സര്‍ക്കാര്‍ രേഖ നല്‍കണമെന്ന ഒറ്റ നിബന്ധനയേ ഉടമസ്ഥന്‍ ഉന്നയിക്കുന്നുള്ളൂ. 2014 നവംബര്‍ ഒന്നിനും 2015 പുതുവര്‍ഷപുലരിയിലും പാലം നാടിന് സമര്‍പ്പിക്കുമെന്ന പ്രസ്താവനകളിറക്കിയെങ്കിലും നാട്ടുകാര്‍ക്ക് പാലം ഇതുവരെ ഉപകാരപ്രദമായിട്ടില്ല. കുമാരനെല്ലൂര്‍, കൂടരഞ്ഞി, കൂമ്പാറ, തേക്കുംകുറ്റി ഭാഗങ്ങളിലുള്ളവര്‍ ചുറ്റിക്കറങ്ങിയാണ് സഞ്ചരിക്കുന്നത്.
മലയോര മേഖലയുടെ വികസനത്തിനും ടൂറിസത്തിനും വരെ സാധ്യതയുള്ള പാലം എന്ന് തുറക്കുമെന്ന് പറയാന്‍ ഇപ്പോഴും അധികൃതര്‍ക്കാകുന്നില്ല. മുക്കം കരയുടെ റോഡിന്റെ ഒരു വശം കെട്ടി മണ്ണിട്ടുയര്‍ത്തിയിട്ടുണ്ട്. ഈ പ്രവൃത്തി പൂര്‍ത്തയായാല്‍ നാട്ടുകാര്‍ക്ക് കാല്‍നടയായി പോകാനാകും. രണ്ട് അപ്രോച്ച്‌റോഡിലും പാലത്തിന് മുകളിലും ടാറിംഗ് പ്രവൃത്തി ശനിയാഴ്ച തീരും.

Latest