Connect with us

Ongoing News

ക്രിസ്റ്റിയാനോക്ക് ഗോള്‍;റയല്‍ ക്വാര്‍ട്ടറിനരികെ

Published

|

Last Updated

ഗെല്‍സെന്‍കിര്‍ചെന്‍: അഞ്ച് മണിക്കൂറുകള്‍ക്ക് ശേഷം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് ഗോള്‍ ! യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ക്രിസ്റ്റ്യാനോയും മാര്‍സലോയും നേടിയ ഗോളുകളുടെ ബലത്തില്‍ റയല്‍മാഡ്രിഡ് ക്വാര്‍ട്ടര്‍ ഫൈനലിനരികെ. പ്രീക്വാര്‍ട്ടറിന്റെ ആദ്യപാദത്തില്‍ ഷാല്‍ക്കെയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് കാര്‍ലോ ആഞ്ചലോട്ടിയുടെ റയല്‍ മാഡ്രിഡ് കിരീടം നിലനിര്‍ത്താനുള്ള കുതിപ്പ് തുടര്‍ന്നത്. രണ്ടാം പാദം റയലിന്റെ തട്ടകത്തിലായതിനാല്‍ ഷാല്‍ക്കെയുടെ ക്വാര്‍ട്ടര്‍ മോഹങ്ങള്‍ അവസാനിച്ച മട്ടാണ്.
മറ്റൊരു പ്രീക്വാര്‍ട്ടറില്‍ എഫ് സി ബാസലും എഫ് സി പോര്‍ട്ടോയും സമനില (1-1)യായി.
ഫിഫ ബാലണ്‍ ദ്യോര്‍ പുരസ്‌കാരം നേടിയതിന് ശേഷം ക്രിസ്റ്റ്യാനോ സ്‌കോറിംഗില്‍ പിറകോട്ടായിരുന്നു. നൈറ്റ്ക്ലബ്ബില്‍ ചുറ്റി നടക്കുന്ന ക്രിസ്റ്റ്യാനോയുടെ നടപടി വിമര്‍ശിക്കപ്പെടുകയും ചെയ്തു. അപ്പോഴെല്ലാം പിന്തുണയുമായി രംഗത്തെത്തിയ കോച്ച് കാര്‍ലോ ആഞ്ചലോട്ടിക്കും ആശ്വാസമായി ഷാല്‍ക്കെക്കെതിരെ ക്രിസ്റ്റ്യാനോയുടെ ഹെഡര്‍ ഗോള്‍. നാല് മത്സരങ്ങളിലായി നാല് മണിക്കൂറും 59 സെക്കന്‍ഡും ഗോളില്ലാതെ നട്ടം തിരിഞ്ഞ ക്രിസ്റ്റ്യാനോ ഷാല്‍ക്കെക്കെതിരെ ഇരുപത്താറാം മിനുട്ടില്‍ ഗോള്‍ നേടി. ഫുള്‍ ബാക്ക് ഡാനി കര്‍വായാളിന്റെ വലതുവിംഗില്‍ നിന്നുള്ള ഇടങ്കാലന്‍ ക്രോസില്‍ തല വെച്ചാണ് പോര്‍ച്ചുഗല്‍ താരം ഗോള്‍ നേടിയത്. ഷാല്‍ക്കെയുടെ ചാമ്പ്യന്‍സ് ലീഗ് അരങ്ങേറ്റക്കാരനായ പത്തൊമ്പതുകാരന്‍ ഗോളി ടിമോന്‍ വെലെന്റൂഥറിന് സൂപ്പര്‍ താരത്തിന്റെ ഹെഡര്‍ വായിച്ചെടുക്കാനേ സാധിച്ചില്ല.
ചാമ്പ്യന്‍സ് ലീഗില്‍ റയലിനായി അമ്പത്തെട്ടാം മത്സരത്തില്‍ അമ്പത്തെട്ടാം ഗോള്‍ ! മുന്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് താരമായ ക്രിസ്റ്റ്യാനോയുടെ ആകെ ചാമ്പ്യന്‍സ് ലീഗ് ഗോളുകളുടെ എണ്ണം 73 ആയി. 75 ഗോളുകളുമായി ബാഴ്‌സലോണ താരം ലയണല്‍ മെസിയാണ് മുന്നിലുള്ളത്.
ഹോം മാച്ചില്‍ എഫ് സി ബാസല്‍ പതിനൊന്നാം മിനുട്ടില്‍ നേടിയ ലീഡാണ് എഫ് സി പോര്‍ട്ടോ രണ്ടാം പകുതിയില്‍ വ്യഥാവിലാക്കിയത്. ബാസലിനായി ഗോണ്‍സാലസും പോര്‍ട്ടോക്കായി ഡാനിലോയും സ്‌കോര്‍ ചെയ്തു. പെനാല്‍റ്റിയിലൂടെയാണ് ഡാനിലോയുടെ ഗോള്‍. എവേ ഗോള്‍ നേടിയത് രണ്ടാം പാദത്തില്‍ പോര്‍ട്ടോക്ക് മുന്‍തൂക്കം നല്‍കും.

Latest