Connect with us

Sports

ആത്മവിശ്വാസത്തോടെ ന്യൂസിലാന്‍ഡ് ; ആദ്യ ജയം തേടി ഇംഗ്ലണ്ട്

Published

|

Last Updated

വെല്ലിംഗ്ടണ്‍: പൂള്‍ എയില്‍ തുടര്‍ച്ചയായ മൂന്നാം ജയം ലക്ഷ്യമിട്ട് ആതിഥേയരായ ന്യൂസിലാന്‍ഡ് ഇന്ന് ഇംഗ്ലണ്ടിനെ നേരിടും. ശ്രീലങ്ക, സ്‌കോട്‌ലാന്‍ഡ് ടീമുകള്‍ക്കെതിരെ നേടിയ ജയത്തോടെ കിവീസ് നിര നോക്കൗട്ട് റൗണ്ടിനരികെയാണ്.
സ്‌കോട്ടിഷ് നിരക്കെതിരെ കളിച്ച അതേ ടീമിനെ തന്നെയാണ് ന്യൂസിലാന്‍ഡ് ഇന്നും കളത്തിലിറക്കുക. ആസ്‌ത്രേലിയയോട് പരാജയപ്പെട്ട ഇംഗ്ലണ്ടിന് വിജയത്തില്‍ കുറഞ്ഞതൊന്നും ശുഭകരമാകില്ല. ഓസീസിന്റെ പേസ് നിരക്ക് മുന്നില്‍ തകര്‍ന്നടിഞ്ഞ ബാറ്റിംഗ് നിരയാണ് ഇംഗ്ലണ്ടിന്റെ തലവേദന. ന്യൂസിലാന്‍ഡിനും മികച്ച പേസ് നിരയുണ്ട്. ഓസീസ് പേസര്‍മാരായ മിച്ചല്‍ ജോണ്‍സനും സ്റ്റാര്‍ചും എറിയുന്നതിനേക്കാള്‍ സ്വിംഗ് ബൗളെറിയുന്ന ട്രെന്റ് ബൗള്‍ട്ടിനെ ഇംഗ്ലണ്ട് ഭയക്കുന്നുണ്ട്. സ്‌കോട്ട്‌ലാന്‍ഡിന്റെ രണ്ട് മുന്‍നിരക്കാരെ തുടരെ പുറത്താക്കി ഹാട്രിക്കിനരികിലെത്തിയ ബൗള്‍ട്ട് തികഞ്ഞ ഫോമിലാണ്. അതേ സമയം, കിവീസിന്റെ ബാറ്റിംഗ് നിരക്ക് ദൗര്‍ബല്യങ്ങളേറെയുണ്ടെന്ന് സ്‌കോട്ടിഷ് ബൗളര്‍മാര്‍ തെളിയിച്ചിരുന്നു. അതുകൊണ്ടു തന്നെ പേസ് നിരയിലാണ് ഇംഗ്ലണ്ട് വിശ്വാസമര്‍പ്പിക്കുന്നത്.
വെല്ലിംഗ്ടണ്‍ ഗ്രൗണ്ട് കിവീസിന്റെ ഭാഗ്യതട്ടകമാണ്. അവസാനം കളിച്ച പതിനൊന്ന് മത്സരങ്ങളില്‍ ഒമ്പതിലും ന്യൂസിലാന്‍ഡ് ജയിച്ചു. ഇംഗ്ലണ്ടിനെതിരാണ് ഗ്രൗണ്ട്. ഇവിടെ കളിച്ച രണ്ടിലും തോറ്റു. അവസാനം കളിച്ച പതിനെട്ട് മത്സരങ്ങളില്‍ പന്ത്രണ്ടിലും ആള്‍ ഔട്ടായിരുന്നു ഇംഗ്ലണ്ട്. ന്യൂസിലാന്‍ഡ് മെച്ചമാണ്. പതിനാറ് മത്സരങ്ങളില്‍ മൂന്നെണ്ണത്തില്‍ മാത്രമാണ് ആള്‍ ഔട്ടായത്.
വെല്ലിംഗ്ടണ്‍ റോസ് ടെയ്‌ലറുടെ ജന്മനാടാണ്. ഇവിടെ ടെയ്‌ലറുടെ ബാറ്റിംഗ് ശരാശരി 100 ആണ്. ഇംഗ്ലണ്ടിനെതിരെ ഇന്ന് 64 റണ്‍സ് നേടിയാല്‍ ഏകദിനത്തില്‍ ടെയ്‌ലര്‍ക്ക് 5000 തികയ്ക്കാം.
ഇംഗ്ലണ്ട് സാധ്യതാ ലൈനപ്പ്: ഇയാന്‍ ബെല്‍, മൊഈന്‍ അലി, ഗാരി ബാലന്‍സ്, ജോ റൂഥ്, ഇയോന്‍ മോര്‍ഗന്‍ (ക്യാപ്റ്റന്‍), ജെയിംസ് ടെയ്‌ലര്‍, ജോസ് ബട്‌ലര്‍ (വിക്കറ്റ് കീപ്പര്‍), ക്രിസ് വോക്‌സ്, സ്റ്റുവര്‍ട് ബ്രോഡ്, സ്റ്റീവന്‍ ഫിന്‍, ജെയിംസ് ആന്‍ഡേഴ്‌സന്‍.
ന്യൂസിലാന്‍ഡ് സാധ്യതാ ലൈനപ്പ്: മാര്‍ട്ടിന്‍ ഗുപ്ടില്‍, ബ്രെന്‍ഡെന്‍ മെക്കല്ലം (ക്യാപ്റ്റന്‍), കാനെ വില്യംസണ്‍, റോസ് ടെയ്‌ലര്‍, ഗ്രാന്റ് എലിയറ്റ്, കോറി ആന്‍ഡേഴ്‌സന്‍, ലൂക് റോഞ്ചി (വിക്കറ്റ് കീപ്പര്‍), ഡാനിയല്‍ വെറ്റോറി, ആദം മില്‍നെ, ടിം സൗത്തി, ട്രെന്റ് ബൗള്‍ട്ട്.

Latest