ഗുണ്ടാ നിയമം ചുമത്തുന്നതിന് തടസ്സമില്ല: ഡി ജി പി

Posted on: February 20, 2015 2:43 am | Last updated: February 19, 2015 at 11:44 pm

കൊച്ചി: സെക്ര്യൂരിറ്റി ജീവനക്കാരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി മുഹമ്മദ് നിസാമിനെതിരായ കേസുകള്‍ റദ്ദാക്കിയ ഹൈക്കോടതി നടപടിയെ ന്യായീകരിച്ച് പ്രോസിക്യൂഷന്‍ ഡയരക്ടര്‍ ജനറല്‍. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് നിസാമിനെതിരായ കേസുകള്‍ കോടതി റദ്ദാക്കിയതെന്നും ഇക്കാര്യത്തില്‍ പ്രോസിക്യൂട്ടര്‍ നിലപാടിന് പ്രസക്തിയില്ലെന്നും ഡി ജി പി. ടി ആസഫലി പത്രസമ്മേളനത്തില്‍ പറഞ്ഞു. കേസ് കൈകാര്യം ചെയ്യുന്നതില്‍ പ്രോസിക്യൂഷന് വീഴ്ച ഉണ്ടായിട്ടില്ലെന്നും പ്രതിയുടെയും വാദിയുടെയും നിലപാടുകള്‍ പരിശോധിച്ചാണ് കേസുകള്‍ ഹൈക്കോടതി റദ്ദാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
കേസുകള്‍ റദ്ദാക്കിയത് നിസാമിനെതിരെ ഗുണ്ടാ നിയമ പ്രകാരം നടപടികള്‍ സ്വീകരിക്കുന്നതിന് തടസ്സമല്ല. കേസുകള്‍ റദ്ദാക്കിയത് പ്രോസിക്യൂഷന്‍ എതിര്‍ക്കാത്തതു മൂലമാണെന്ന മാധ്യമ വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും ഡി ജി പി പറഞ്ഞു. എന്നാല്‍, കേസുകള്‍ റദ്ദാക്കുന്നതിനെ പ്രോസിക്യൂഷന്‍ എതിര്‍ത്തില്ലെന്ന ഹൈക്കോടതി വിധിയിലെ നിരീക്ഷണം നീക്കാന്‍ കോടതിയെ സമീപിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.