Connect with us

Ongoing News

ബാര്‍ കോഴ: സഭ ചേരുന്നതിന് മുമ്പ് ക്ലീന്‍ചിറ്റിനായി മാണിയുടെ സമ്മര്‍ദം

Published

|

Last Updated

തിരുവനന്തപുരം;ബാര്‍ കോഴ കേസില്‍ നിയമസഭാ സമ്മേളനം ആരംഭിക്കുന്നതിന് മുമ്പ് തനിക്ക് ക്ലീന്‍ചിറ്റ് നല്‍കണമെന്ന ആവശ്യവുമായി മന്ത്രി കെ എം മാണി. ഈ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും കെ പി സി സിഅധ്യക്ഷന്‍ വി എം സുധീരനെയും കണ്ട മാണി ഇക്കാര്യത്തില്‍ സമ്മര്‍ദം ചെലുത്തിയതായാണ് വിവരം. തിരുവനന്തപുരത്ത് കേരളാ കോണ്‍ഗ്രസ്- എം നേതാക്കള്‍ അനൗദ്യോഗിക യോഗം ചേര്‍ന്നാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തതെന്നാണ് വിവരം. അതേസമയം, ബാര്‍ കോഴ അന്വേഷണത്തില്‍ സര്‍ക്കാര്‍ നേരിട്ട് ഇടപെടില്ലെന്ന് ആഭ്യന്തരമന്ത്രി മറുപടി നല്‍കിയതായി അറിയുന്നു. എങ്കിലും ഇതിന്റെ അടിസ്ഥാനത്തില്‍ ബാര്‍കോഴ കേസ് അന്വേഷിക്കുന്ന എ ഡി ജി പി ജേക്കബ് തോമസിനെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ ഓഫീസില്‍ വിളിച്ചുവരുത്തി അന്വേഷണ പുരോഗതി ആരാഞ്ഞിട്ടുണ്ട്. അധികംവൈകാതെ അന്വേഷണം പൂര്‍ത്തിയാക്കി ഫയല്‍ മടക്കണമെന്നാണ് ചെന്നിത്തല നിര്‍ദേശം നല്‍കിയിരിക്കുന്നത്.

എന്നാല്‍, ബാറുടമകള്‍ ഉന്നയിക്കുന്ന ആരോപണത്തെ താന്‍ നിയമപരമായി നേരിടാന്‍ തയ്യാറാണെന്നും അതിന് കേസ് ആദ്യം അന്യേഷിച്ച ഏജന്‍സി തന്നെ കുറ്റവിമുക്തനായി പ്രഖ്യാപിക്കണമെന്നും മാണി പറഞ്ഞു. പിന്നീട് ബിജു രമേശ് കോടതിയില്‍ പോകുകയോ മറ്റോ ഉണ്ടായാല്‍ അത് കേരള കോണ്‍ഗ്രസ് എം രാഷ്ട്രീയമായി നേരിട്ടുകൊള്ളാമെന്നുമാണ് അവസാനമായി മാണി കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്.
കേരളാ കോണ്‍ഗ്രസ്- എമ്മിലെ മാണിയുടെ വിശ്വസ്തരും ചില കോണ്‍ഗ്രസ് നേതാക്കളും മാണിയുടെ തിരുവനന്തപുരത്തെ വസതില്‍ ചേര്‍ന്ന യോഗത്തില്‍ പങ്കെടുത്തതായി വിവരമുണ്ട്. ബാര്‍ കോഴ അഴിമതിയുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ മന്ത്രി കെ എം മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് പ്രതിപക്ഷം ശക്തമായ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മാണി ബജറ്റ് അവതരിപ്പിക്കാനെത്തിയാല്‍ നിയമസഭ വളയുമെന്ന മുന്നറിയിപ്പുമായി ബി ജെ പിയും രംഗത്തെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പ്രതിപക്ഷ നിലപാടുകളെ അത് മറികടക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് കേരളാ കോണ്‍ഗ്രസിന്റെയും മാണിയുടെയും നീക്കം. ഇക്കാര്യത്തില്‍ അനുകൂല നീക്കം ഉടനുണ്ടാകുമെന്നാണ് മാണി വിശ്വസ്തരുടെ പ്രതീക്ഷ.
ധനമന്ത്രിയായിരികെ ബജറ്റവതരിപ്പിക്കാന്‍ കഴിയാതെ കെ എം മാണി മുന്നണിയില്‍ തുടരുന്നതില്‍ വലിയ കാര്യമില്ലെന്നായിരുന്നു നേതൃയോഗത്തിലെ വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് കേസില്‍ ക്ലീന്‍ചിറ്റ് നല്‍കണമെന്ന ആവശ്യം മന്ത്രി കെ എം മാണി മുഖ്യമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും മുന്നില്‍ അവതരിപ്പിച്ചിരിക്കുന്നത്. കേസില്‍ ബിജു രമേശ് ഒഴികെ കെ എം മാണിക്കെതിരെ മറ്റു ബാറുടമകള്‍ മൊഴി നല്‍കാത്ത സാഹചര്യത്തില്‍ കേസ് അന്വേഷിക്കുന്ന വിജിലന്‍സില്‍ സമ്മര്‍ദം ചെലുത്തി ഉടന്‍ ക്ലീന്‍ചിറ്റ് നല്‍കണമെന്നാണ് മാണിയുടെ ആവശ്യം. നേരിട്ട് ആവശ്യം ഉന്നയിച്ചതിന് പുറമെ ചില കോണ്‍ഗ്രസ് നേതാക്കള്‍ വഴിയും മാണിയും നേതാക്കളുടെ നീക്കങ്ങള്‍ നടത്തുന്നുണ്ട്.

ബ്യൂറോ ചീഫ്, തിരുവനന്തപുരം

---- facebook comment plugin here -----

Latest