Connect with us

Kerala

വി എസിന് പ്രതീക്ഷ നേതൃമാറ്റത്തില്‍

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാന നേതൃത്വത്തെ വെല്ലുവിളിച്ച വി എസ് അച്യതാനന്ദനെതിരെ എന്ത് നടപടി സ്വീകരിക്കുമെന്ന കാര്യത്തില്‍ ആകാംക്ഷ. സമ്മേളന കാലമായതിനാല്‍ അച്ചടക്ക നടപടിക്ക് സാധ്യതയില്ലെങ്കിലും സമ്മേളന ചര്‍ച്ചകള്‍ വി എസില്‍ കേന്ദ്രീകരിക്കുന്നതാണ് പുതിയ സംഭവവികാസങ്ങള്‍. അതേസമയം, സംസ്ഥാന, ദേശീയ നേതൃതലങ്ങളില്‍ വരുന്ന മാറ്റത്തില്‍ പ്രതീക്ഷയര്‍പ്പിച്ചാണ് വി എസിന്റെ നീക്കങ്ങളെന്നാണ് വിലയിരുത്തല്‍.
വി എസിനെതിരെ ശക്തമായ നടപടി വേണമെന്ന ആവശ്യം സമ്മേളനത്തില്‍ പൊതു അഭിപ്രായമായി ഉയരുമെന്ന കാര്യം ഉറപ്പാണ്. സമ്മേളന പ്രതിനിധികളുടെ കാര്യത്തില്‍ വി എസ് പക്ഷത്തിന് കാര്യമായ സ്വാധീനമില്ലാത്തതിനാല്‍ പ്രതിരോധിക്കാന്‍ പോലും ആരുമുണ്ടാകില്ല. സംസ്ഥാന സമ്മേളന ചര്‍ച്ചയിലും വി എസിനെ പൂര്‍ണമായി അവഗണിക്കാനാണ് സാധ്യത. കേന്ദ്ര കമ്മിറ്റിയംഗമായതിനാല്‍ പുതിയ നിലപാടിന്റെ പേരില്‍ വി എസിനെതിരെ എന്തെങ്കിലും അച്ചടക്ക നടപടി ഇവിടെ സ്വീകരിക്കാന്‍ കഴിയില്ല. വി എസിന്റെ ഘടകമായ കേന്ദ്ര കമ്മിറ്റിയാണ് ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത്. എന്നാല്‍, സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് മാറ്റി നിര്‍ത്താനുള്ള അധികാരം സംസ്ഥാന സമ്മേളനത്തിനുണ്ട്. പ്രായാധിക്യം മുന്‍നിര്‍ത്തി വി എസ് സംസ്ഥാന കമ്മിറ്റിയില്‍ തുടരേണ്ടെന്ന നിലപാടിലേക്ക് സംസ്ഥാന സമ്മേളനം എത്തുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
കേരളത്തിലും ദേശീയതലത്തിലും വരുന്ന നേതൃമാറ്റത്തിലാണ് വി എസിന്റെ കണ്ണ്. പിണറായി വിജയന്‍ സംസ്ഥാന സെക്രട്ടറിപദത്തില്‍ നിന്ന് മാറുകയാണ്. ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് പ്രകാശ് കാരാട്ടും ഒഴിയും. പിണറായിയുടെ പകരക്കാരന്‍ ആരായാലും തനിക്ക് അനുകൂലമായ എന്തെങ്കിലും നിലപാട് വി എസ് പ്രതീക്ഷിക്കുന്നില്ല. എന്നാല്‍, സീതാറാം യെച്ചൂരി ജനറല്‍ സെക്രട്ടറി ആയാല്‍ സ്ഥിതി മാറുമെന്ന പ്രതീക്ഷ വി എസിനുണ്ട്. വി എസുമായി അടുപ്പം പുലര്‍ത്തുന്ന നേതാവാണ് യെച്ചൂരി. വി എസ് കടുത്ത വെല്ലുവിളി ഉയര്‍ത്തിയ ഘട്ടങ്ങളിലെല്ലാം യെച്ചൂരിയാണ് അനുനയത്തിന്റെ പാതയിലൂടെ വി എസിനെ പാര്‍ട്ടിക്കൊപ്പം നിര്‍ത്തിയിരുന്നത്. അങ്ങനെയൊരു സാഹചര്യമാണ് വി എസ് പ്രതീക്ഷിക്കുന്നത്.

Latest