Connect with us

National

വിശ്വാസ വോട്ടെടുുപ്പിന് മുമ്പ് മഞ്ജി രാജിവച്ചു

Published

|

Last Updated

പാറ്റ്‌ന: ബിഹാര്‍ മുഖ്യമന്ത്രി ജിതന്‍ റാം മഞ്ജി രാജിവച്ചു. വിശ്വാസ വോട്ടെടുപ്പിന് തൊട്ടുമുമ്പാണ് അദ്ദേഹം രാജിവച്ചത്. ബജറ്റ് സമ്മേളനത്തിന് വേണ്ടി നിയമസഭാ സമ്മേളനം നടക്കുന്ന ഇന്ന് മുഖ്യമന്ത്രി ജിതന്‍ റാം മഞ്ജി വിശ്വാസ വോട്ട് തേടാനിരിക്കുകയായിരുന്നു. ബിഹാര്‍ ഗവര്‍ണര്‍ കെ എന്‍ ത്രിപാതിയെ കണ്ട് രാജിക്കാര്യം അദ്ദേഹം അറിയിച്ചു. ഭൂരിപക്ഷം തെളിയിക്കാന്‍ ആവശ്യമായ 117 എംഎല്‍എമാരുടെ പിന്തുണ ഉറപ്പാക്കാന്‍ കഴിയാത്തതാണ് അദ്ദേഹം രാജിവയ്ക്കാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്.

ഗവര്‍ണറുടെ നയപ്രഖ്യാപനത്തിനു ശേഷമായിരുന്നു വിശ്വാസ വോട്ടെടുപ്പ് നടക്കേണ്ടിയിരുന്നത്. അതേസമയം, മാഞ്ജി പക്ഷത്തിന് തിരിച്ചടിയായി ജെ ഡി യുവിലെ നാല് എം എല്‍ എമാരെ വോട്ടെടുപ്പില്‍ പങ്കെടുക്കുന്നത് പാറ്റ്‌ന ഹൈക്കോടതി തടയുകയും ചെയ്തിരുന്നു. മഞ്ജിക്ക് ബി ജെ പി പിന്തുണ പ്രഖ്യാപിച്ചിരുന്നു.

ജിതന്‍ റാം മഞ്ജി സര്‍ക്കാര്‍ ഇന്ന് വിശ്വാസ വോട്ടെടുപ്പിനെ നേരിടാനിരിക്കെ ജനതാദള്‍ യുനൈറ്റഡിന് സ്പീക്കര്‍ പ്രതിപക്ഷ സ്ഥാനം അനുവദിച്ചിരുന്നു. പ്രതിപക്ഷ നേതാവായി ജെ ഡി യുവിലെ വിജയ് ചൗധരിയെ സ്പീക്കര്‍ ഉദയ് നാരായണ്‍ ചൗധരി അംഗീകരിക്കുകയും ചെയ്തിരുന്നു. ബി ജെ പിയുടെ നന്ദ്കിഷോര്‍ യാദവിന് പകരമാണ് വിജയ് ചൗധരിയെ പ്രതിപക്ഷ നേതാവാക്കിയത്. ലെജിസ്ലേറ്റീവ് കൗണ്‍സിലില്‍ ജെ ഡി യു നേതാവ് നിതീഷ് കുമാറിനെ പ്രതിപക്ഷ നേതൃസ്ഥാനം നല്‍കി. ബി ജെ പി നേതാവും മുന്‍ ഉപമുഖ്യമന്ത്രിയുമായ സുശീല്‍കുമാര്‍ മോദിക്ക് പകരമാണ് നിതീഷ്‌കുമാറിന് പ്രതിപക്ഷ നേതൃസ്ഥാനം കൗണ്‍സില്‍ ചെയര്‍മാന്‍ അവ്‌ദേഷ് നാരായണ്‍ സിംഗ് അനുവദിച്ചത്. സ്പീക്കറുടെ നടപടിയില്‍ പ്രതിഷേധിച്ച് ബി ജെ പി അംഗങ്ങള്‍ നിയമസഭക്ക് മുന്നില്‍ ധര്‍ണ നടത്തി.
നിതീഷ് കുമാറിനെ മുഖ്യമന്ത്രിയാക്കുന്നതിന് വേണ്ടി മാഞ്ജിയോട് രാജിവയ്ക്കാന്‍ ജെഡിയു ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യം നിരാകരിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി ജെഡിയു പ്രഖ്യാപിച്ചു. തുടര്‍ന്നാണ് അദ്ദേഹം ബിജെപി പിന്തുണയോടെ ഭൂരിപക്ഷം തെളിയിക്കാന്‍ തീരുമാനിച്ചത്.

Latest