Connect with us

International

ഭീകരതക്ക് മതങ്ങള്‍ ഉത്തരവാദിയാകില്ല: ഒബാമ

Published

|

Last Updated

വാഷിംഗ്ടണ്‍: മതങ്ങളൊന്നും ഭീകരവാദത്തിന്റെ ഉത്തരവാദികളല്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ. ഭീകരാക്രമണങ്ങളെ പ്രതിരോധിക്കുന്നത് സംബന്ധിച്ച് ഇന്നലെ വൈറ്റ്ഹൗസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അമേരിക്കയും അതിന്റെ സഖ്യകക്ഷികളും ഇസ്‌ലാമിനെതിരെയുള്ള യുദ്ധത്തിലല്ല. മറിച്ച്, മതത്തിന് ചീത്തപ്പേരുണ്ടാക്കുന്ന ഇസില്‍, അല്‍ഖാഇദ പോലുള്ളവരോടാണ് തങ്ങള്‍ യുദ്ധത്തിലേര്‍പ്പെട്ടിരിക്കുന്നത്.
തങ്ങള്‍ സ്വയം മതനേതാക്കളായും വിശുദ്ധ പോരാളികളായും ഇസ്‌ലാമിനെ പ്രതിരോധിക്കുന്നവരായും അഭിനയിച്ച് ഇവര്‍ രംഗത്തെത്തുകയാണ്. ഇതുകൊണ്ടാണ് ഇസില്‍ ഇസ്‌ലാമിക രാഷ്ട്രമെന്ന വാദം മുന്നോട്ടുവെക്കുന്നത്. പടിഞ്ഞാറന്‍ രാജ്യങ്ങള്‍ ഇസ്‌ലാമുമായി യുദ്ധത്തിലാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഇവര്‍ ആളുകളെ റിക്രൂട്ട് ചെയ്യുന്നു. യുവാക്കളെ തെറ്റായ പ്രവൃത്തികളിലേക്കാണ് ഇവര്‍ നയിക്കുന്നത്. ഇസ്‌ലാമും പാശ്ചാത്യരും യുദ്ധത്തിലാണെന്ന വാദങ്ങളെ മുസ്‌ലിംകളല്ലാത്തവര്‍ എതിര്‍ക്കണം. അവരുടെ വാദങ്ങള്‍ അംഗീകരിക്കരുത്. കാരണം അത് കളവാണ്. അവര്‍ക്ക് മതത്തിന്റെ പശ്ചാത്തലവും അനുവദിച്ചു നല്‍കരുത്. അവര്‍ മതനേതാക്കളല്ല, മറിച്ച് ഭീകരവാദികളാണ്- ഇന്ത്യയുള്‍പ്പെടെയുള്ള 60 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളടങ്ങുന്ന സദസ്സിനോട് ഒബാമ പറഞ്ഞു.
ലോകത്തുള്ള മുസ്‌ലിംകള്‍ക്ക് വേണ്ടി സംസാരിക്കുന്നവരും പ്രവര്‍ത്തിക്കുന്നവരും എന്ന നിലയിലാണ് ഭീകരവാദികള്‍ രംഗത്തെത്തുന്നത്. ലോക മുസ്‌ലിംകള്‍ ഇത് തള്ളിക്കളയണം. ഇവരെ എതിര്‍ക്കുന്ന ലക്ഷക്കണക്കിന് മുസ്‌ലിംകളെ കുറിച്ച് തീവ്രവാദികള്‍ ഒന്നും മിണ്ടുന്നില്ല. തീവ്രവാദികള്‍ മുസ്‌ലിംകളല്ല, മറിച്ച് ഭ്രാന്ത് ബാധിച്ചവരാണ്. ദൈവത്തിന്റെ പേരില്‍ ഇവര്‍ നിരപരാധികളെ കൊന്നൊടുക്കുന്നു. ഒരു മതവും ഭീകരവാദത്തിന് ഉത്തരവാദിയാകില്ല. ചില വ്യക്തികളാണ് ഇതിന് വേണ്ടി രംഗത്തെത്തുന്നത്. ലോക മുസ്‌ലിം നേതാക്കള്‍ ഇവരെ ശക്തമായി നേരിടണം. നിരപരാധികള്‍ക്കെതിരെയുള്ള അക്രമം ഇസ്‌ലാമിക പ്രതിരോധമാകില്ല. ഇത് മുസ്‌ലിംകള്‍ക്കും ഇസ്‌ലാമിനും കൂടുതല്‍ പ്രശ്‌നം സൃഷ്ടിക്കുകയേ ഉള്ളൂ. സിറിയയിലെയും ഇറാഖിലെയും ആളുകളെ ഇവര്‍ ഭീകരവാദത്തിലേക്ക് വലിച്ചിഴക്കുന്നു. അമേരിക്കയും സഖ്യകക്ഷികളും ഇസില്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ ശക്തികള്‍ക്കെതിരെയും ശക്തമായി രംഗത്തുവന്നിരിക്കുകയാണ്. തീവ്രവാദികള്‍ക്കെതിരെയുള്ള പോരാട്ടത്തിന് സമയമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

---- facebook comment plugin here -----

Latest