ദെബാള്‍ട്‌സേവ് നഗരം വിമതരുടെ നിയന്ത്രണത്തില്‍

Posted on: February 20, 2015 12:06 am | Last updated: February 19, 2015 at 11:07 pm

കീവ്: വെടിനിര്‍ത്തല്‍ കരാറും സമാധാന ചര്‍ച്ചകളും ഒരു ഭാഗത്ത് നടക്കുമ്പോഴും കിഴക്കന്‍ ഉക്രൈന്‍ അശാന്തമായി തുടരുന്നു. കിഴക്കന്‍ ഉക്രൈനിലെ റെയില്‍വേ ശൃംഖലകളുടെ കേന്ദ്രമെന്ന് അറിയപ്പെടുന്ന ദെബാള്‍ട്‌സേവ് വിമതരുടെ നിയന്ത്രണത്തിലായതായി സര്‍ക്കാര്‍ സൈന്യം തന്നെ വ്യക്തമാക്കി. റഷ്യയുടെ പിന്തുണയോടെ വിമതര്‍ രൂക്ഷമായ ഷെല്ലിംഗ് നടത്തിയെന്നും പ്രതിരോധിക്കാനാകാതെ പിന്‍വാങ്ങുകയായിരുന്നുവെന്നും സൈനിക വൃത്തങ്ങള്‍ അറിയിച്ചു. വെള്ളമോ ഭക്ഷണമോ കിട്ടാതെ സൈനികര്‍ വലയുകയായിരുന്നുവെന്നും സൈനിക നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. 90 ഉക്രൈന്‍ സൈനികരെ ബന്ദികളാക്കിയതായും 82 പേരെ കാണാതായതായും റിപ്പോര്‍ട്ടുണ്ട്. തന്ത്രപരമായ പിന്‍മാറ്റമാണ് ദെബാള്‍ട്‌സേവില്‍ നിന്ന് സൈന്യം നടത്തിയതെന്ന് ഉക്രൈന്‍ പ്രസിഡന്റ് പെട്രോ പൊറോഷെങ്കോ പറഞ്ഞു. പിന്‍വാങ്ങുന്നതാണ് ബുദ്ധിയെന്ന ഘട്ടത്തിലായിരുന്നു അതെന്നും പരാജയമായി അത് കാണാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ദെബാള്‍ട്‌സേവിന്റെ പതനം ഉക്രൈന്‍ സൈന്യത്തിന് ശക്തമായ തിരിച്ചടിയാണെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. റെയില്‍- റോഡ് ജംഗ്ഷന്‍ എന്ന നിലക്കും വിമത കേന്ദ്രത്തിലെ പ്രധാന നഗരങ്ങളായ ഡൊണട്‌സ്‌കിനും ലുഹാന്‍സ്‌കിനും ഇടയിലുള്ള നഗരമെന്ന നിലയിലും ദെബാള്‍ട്‌സേവിന് ഏറെ പ്രാധാന്യമുണ്ട്. ദെബാള്‍ട്‌സേവിന്റെ നിയന്ത്രണം കൈവരുന്നതോടെ ഗതാഗത രംഗത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരാനും അതുവഴി തങ്ങളുടെ ശക്തി കൂടുതലിടങ്ങളിലേക്ക് വ്യാപിപ്പിക്കാനും അവര്‍ക്ക് സാധിക്കും. നേരത്തെ നിലവില്‍ വന്ന വെടിനിര്‍ത്തലില്‍ വിമതര്‍ ഉറച്ച് നില്‍ക്കുന്നതിന് ഈ വിജയം ഹേതുവാകുമെന്ന വിലയിരുത്തലും ഉണ്ട്. സര്‍ക്കാറിന്റെ സൈനിക സന്നാഹം മേഖലയില്‍ നിന്ന് പൂര്‍ണമായി പിന്‍വലിക്കുന്നതിനും ഇത് കാരണമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍, സൈനികര്‍ ഈ മേഖലയില്‍ അനുഭവിച്ച യാതനകളുടെ കഥകള്‍ വെടിനിര്‍ത്തല്‍ സന്നദ്ധതക്കെതിരെ ഉക്രൈനിലാകെ കൂടുതല്‍ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയേക്കാം.